CrimeNEWS

വയനാട്ടില്‍ വീട് കുത്തിത്തുറന്ന് ഡയമണ്ട് നെക്ലേസുകളടക്കം 90 പവന്റെ ആഭരണങ്ങളും 43000 രൂപയും കവര്‍ന്നു

സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വീട് കുത്തിതുറന്ന് വന്‍ മോഷണം. മന്ദണ്ടികുന്ന് സ്വദേശി ശിവദാസന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുന്‍വാതില്‍പൂട്ട് തകര്‍ത്ത് ഉള്ളില്‍ക്കടന്ന മോഷ്ട്ടാക്കള്‍ 90 പവന്റെ സ്വര്‍ണാഭരണങ്ങളും 43,000 രൂപയും കവര്‍ന്നു.

പെരിന്തല്‍മണ്ണയിലുള്ള ബന്ധുവീട്ടില്‍ പോയ ശിവദാസനും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതറിഞ്ഞത്. വീടിന്റെ മുന്‍വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. മുറിയിലെ അലമാരകളില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു. ഡയമണ്ട് നെക്ലേസുകളടക്കം 90 പവന്‍ ആഭരണങ്ങളും 43000 രൂപയുമാണ് മോഷ്ടിക്കപ്പെട്ടതെന്ന് കുടുംബം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Signature-ad

വിരലടയാള വിദഗ്ദരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ പൊലിസ് മേധാവി ആര്‍. ആനന്ദ് ഐപിഎസ്, ബത്തേരി ഡിവൈഎസ്പി കെ.കെ അബ്ദുള്‍ ഷരീഫ് അടക്കം ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നഗരത്തില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നയിടത്ത് നടന്ന മോഷണത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. ബത്തേരിയില്‍ മുന്‍പ് മോഷണ കേസുകളില്‍ പ്രതികളായവരെ ചോദ്യം ചെയ്യും.

 

Back to top button
error: