NEWS

കേരളത്തിന് അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ഡല്‍ഹി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

കേരളത്തിന് അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും 48 മണിക്കൂറിന് ശേഷം മഴ കുറയാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.മണിക്കൂറില്‍ എട്ട് മുതല്‍ 12 സെന്റീമീറ്റര്‍ വരെ മഴയാണ് ഇപ്പോള്‍ പെയ്യുന്നതെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സീനിയര്‍ സയന്റിസ്റ്റ് ആര്‍.കെ ജനാമണി പറഞ്ഞു.പമ്പയിലും ചാലക്കുടി പുഴയിലടക്കം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യമാണുള്ളത്.

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ രൂക്ഷമാകാന്‍ സാധ്യതയുള്ള ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമാണെന്നും 24 മണിക്കൂര്‍ കൂടുന്തോറും വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്നറയിപ്പില്‍ മാറ്റം വന്നേക്കാമെന്നും ആര്‍ കെ ജനാമണി പറഞ്ഞു.

 

 

 

അടുത്ത തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് എട്ട് ജില്ലകളിലും ആറ് ഡാമുകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: