NEWSWorld

തീപ്പൊരി വിതറി യു.എസ്. പോയി; സൈനികാഭ്യാസമെന്ന പേരില്‍ തായ്‌വാനെ വളഞ്ഞ് ചൈന, മുട്ടുമടക്കില്ലെന്ന് തായ്‌വാനും: വരുന്നത് യുദ്ധകാലമോ?

തായ്പേയ്: ചൈനയുടെ ശക്തമായ എതിര്‍പ്പ് മറികടന്ന് നടത്തിയ വിവാദ സന്ദര്‍ശനത്തിനുശേഷം യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാനില്‍നിന്നു മടങ്ങിയതിനു പിന്നാലെ ചൈന-തായ്‌വാന്‍ തര്‍ക്കം രൂക്ഷമായി. സൈനികാഭ്യാസമെന്ന പേരില്‍ ചൈനീസ് സൈന്യം തായ്‌വാനെ വളഞ്ഞുകഴിഞ്ഞു. തായ്വാന്‍ ഒരിക്കലും മുട്ടുമടക്കില്ലെന്നു പ്രസിഡന്റ് ത്സായ് ഇങ് വെനും പ്രഖ്യാപിച്ചു. ഇതോടെ റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ മറ്റൊരു പതിപ്പായി ഇരുരാജ്യങ്ങളുടെയും തര്‍ക്കം മാറുമോ എന്ന ആശങ്കയിലാണ് ലോകം.

ചൈനീസ് സൈന്യം തായ്വാന്റെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ഉപഗ്രഹചിത്രങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. തായ്വാന്‍ തീരത്തിന് 20 കിലോമീറ്റര്‍ ചുറ്റളവിലാണു ചൈനീസ് സൈന്യത്തിന്റെ അഭ്യാസപ്രകടനം. രാജ്യാന്തരനിയമങ്ങളെ വെല്ലുവിളിച്ചുള്ള ചൈനീസ് നീക്കം തങ്ങളുടെ പ്രധാന തുറമുഖങ്ങളും നഗരങ്ങളും ലക്ഷ്യമിട്ടാണെന്നു തായ്വാന്‍ ആരോപിച്ചു. സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണെന്നും ഉചിതമായ സമയത്ത് വേണ്ടപോലെ പ്രതികരിക്കുമെന്നും തായ്വാന്‍ പ്രതിരോധവകുപ്പ് വ്യക്തമാക്കി.

ചൈനീസ് സൈനികാഭ്യാസം ശനിയാഴ്ചവരെ തുടരും. തായ്വാനു ചുറ്റുമുള്ള ആറു കേന്ദ്രങ്ങളിലാണു ചൈന സൈനികാഭ്യാസം നടത്തുന്നത്. ഈ മേഖലകളില്‍ ചൈന കടല്‍-വ്യോമയാത്രകള്‍ തടഞ്ഞിട്ടുണ്ട്. മറ്റുരാജ്യങ്ങളില്‍നിന്നു തായ്വാനെ ഒറ്റപ്പെടുത്താനാണു ചൈനയുടെ ശ്രമമെന്നാണ് ആരോപണം. ചൈനയുടെ നീക്കങ്ങള്‍ക്കു റഷ്യയുടെ പിന്തുണയുമുണ്ടെന്നാണു സൂചന. പെലോസിയുടെ സന്ദര്‍ശനത്തേത്തുടര്‍ന്നു തായ്വാനെതിരേ സാമ്പത്തിക ഉപരോധവും ചൈന ഏര്‍പ്പെടുത്തി. തായ്വാനില്‍നിന്നുള്ള പഴവര്‍ഗങ്ങളുടെയും മത്സ്യത്തിന്റെയും ഇറക്കുമതിയും ചൈനയില്‍നിന്നുള്ള മണല്‍ കയറ്റുമതിയും തടഞ്ഞു.

അതേസമയം, തായ്വാനോടുള്ള പ്രതിബദ്ധത യു.എസ്. ഒരിക്കലും ഉപേക്ഷിക്കില്ലെന്നും ആ രാജ്യവുമായുള്ള സൗഹൃദത്തില്‍ അഭിമാനമുണ്ടെന്നും പ്രസിഡന്റ് ത്സായ് ഇങ് വെനുമൊത്തുള്ള ഒരു ചടങ്ങില്‍ പെലോസി പറഞ്ഞു. തായ്വാനോടുള്ള അമേരിക്കയുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായിരുന്നു തന്റെ സന്ദര്‍ശനമെന്ന് നാന്‍സി പെലോസി വ്യക്തമാക്കി. തായ്വാനെ ലക്ഷ്യമിട്ട് ചൈന നടത്തുന്ന സൈനികാഭ്യാസത്തെ അപലപിച്ച് ജപ്പാനും രംഗത്തെത്തി.

എന്നാല്‍ അമേരിക്കയുടെ നീക്കം മേഖലയെ യുദ്ധ ഭീതിയിലേക്ക് എത്തിച്ചെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. യുക്രൈന്‍ റഷ്യ യുദ്ധത്തിന് ഇടയാക്കിയത് അമേരിക്കന്‍ ഇടപെടലുകളാണെന്നും പിന്തുണ വാഗ്ദാനം ചെയ്ത് ആത്മവിശ്വാസം നല്‍കി യുക്രൈനെ അമേരിക്ക യുദ്ധത്തിലേക്ക് തള്ളിവിടുകയായിരുന്നു എന്നും ഇതേമാര്‍ഗത്തില്‍ തായ്‌വാനെയും യുദ്ധത്തിലേക്ക് കൊണ്ട് എത്തിക്കുമോയെന്നുമാണ് ഇക്കൂട്ടര്‍ ചോദിക്കുന്നത്.

സ്വയംഭരണാവകാശവും ജനാധിപത്യവുമുള്ള തായ്വാനെ വേണ്ടിവന്നാല്‍ ബലപ്രയോഗത്തിലൂടെ പിടിച്ചടക്കുമെന്നതാണു ചൈനയുടെ പ്രഖ്യാപിതനിലപാട്. തായ്വാനുമായി മറ്റ് രാജ്യങ്ങള്‍ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനെയും ചൈന എതിര്‍ക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ ചൈനയെ പ്രകോപിപ്പിച്ചുകൊണ്ട് അമേരിക്ക നടത്തിയ സന്ദര്‍ശനം സദുദ്ദേശപരമല്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. കാല്‍നൂറ്റാണ്ടിനിടെ ആദ്യമായിട്ടായിരുന്നു യു.എസിലെ ഉന്നതപദവിയിലുള്ള ഒരാള്‍ ചൈന അവകാശവാദമുന്നയിക്കുന്ന തായ്വാനില്‍ സന്ദര്‍ശനം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: