എടത്വാ: തോട്ടിലെ കുത്തൊഴുക്കില്‍പ്പെട്ട പിഞ്ചുകുഞ്ഞിനും മാതാവിനും രക്ഷകനായി മരംവെട്ട് തൊഴിലാളി. തലവടി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ദേവസ്വംചിറ വീട്ടില്‍ ഷാജിയാണ് (സലി) പിഞ്ചുകുഞ്ഞിന്റെയും മാതാവിന്റെയും ജീവന്‍ രക്ഷിച്ചത്.
ഇന്നലെ വൈകിട്ടാണ് സംഭവം. ഷാജിയുടെ വീടിന് സമീപം താമസിക്കുന്ന കുരുമ്പാക്കളം ശ്രീലക്ഷ്മിയും ഒന്നരവയസുള്ള മകന്‍ അദ്രിനാഥുമാണ് ഒഴുക്കില്‍പ്പെട്ടത്. കളിച്ചു നിന്നിരുന്ന കുട്ടി വീടിന് മുന്‍വശത്തെ തോട്ടില്‍ വീഴുകയായിരുന്നു. കുട്ടി തോട്ടിലേക്ക് വീഴുന്നതുകണ്ട മുത്തശ്ശി അലമുറയിട്ട് കരഞ്ഞു,
കരച്ചില്‍ കേട്ട് ഓടിയെത്തിയ ശ്രീലക്ഷ്മി വെള്ളത്തിലേക്ക് എടുത്തുചാടി. കുട്ടിയെ പിടികിട്ടിയെങ്കിലും നീന്തലറിയാത്ത ശ്രീലക്ഷ്മിയും മകനും ഒഴുക്കില്‍പ്പെട്ടു. ടി.വി കണ്ടിരുന്ന ഷാജി നിലവിളികേട്ട് ഓടിയെത്തിയപ്പോള്‍ തോട്ടിലൂടെ ഒഴുകിപ്പോകുന്ന അമ്മയേയും മകനേയും കണ്ടു.
ഇതോടെ തോട്ടിലേക്ക് എടുത്ത് ചാടി ഷാജി ഇരുവരേയും കരയ്ക്ക് എത്തിക്കുകയായിരുന്നു. അദ്രിനാഥും ശ്രീലക്ഷ്മിയും പിന്നീട് പ്രാഥമിക ശുശ്രൂഷ തേടി.