KeralaNEWS

ജലാശയ അപകടങ്ങള്‍ തുടർക്കഥ, കഴിഞ്ഞ ഒന്നരമാസത്തിനിടെ സംസ്ഥാനത്ത് മുങ്ങിമരിച്ചത് 300 ലധികം പേര്‍, ഏറെയും കൗമാരങ്ങൾ

കോട്ടയത്തിനടുത്ത് മണർകാട് പ്ലസ്ടു വിദ്യാർഥി അമൽ മാത്യു എന്ന 18കാരൻ മുങ്ങി മരിച്ചത് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നര മണിക്കാണ്. അഞ്ചംഗ സുഹൃത്ത് സംഘത്തോടൊപ്പം കുളിക്കാനിറങ്ങിയ അമൽ പാടത്തെ വെള്ളക്കെട്ടിലാണ് മുങ്ങിമരിച്ചത്. മണർകാട് സെന്റ് മേരീസ് സ്‌കൂളിലെ അധ്യാപകൻ ബെന്നിയുടെ മകനാണ് അമൽ.

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രക്കുളത്തില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 16കാരന്‍ മുങ്ങി മരിച്ചത് ഇന്ന് രാവിലെ 11.30ന്. തിരുവല്ല അഴിയിടത്തുചിറ കീഴുപറമ്പില്‍ വീട്ടില്‍ സുരേഷിന്റെ മകന്‍ കാശിനാഥാണ് മരിച്ചത്.

ഉടുമ്പൻചോലയിൽ ധരണി എന്ന നാല് വയസുകാരി പൊതു കുളത്തിൽ വീണ് മരിച്ചത് ഒരാഴ്ച മുമ്പാണ് .സംരക്ഷണ ഭിത്തി ഇല്ലാത്ത കുളത്തിൽ കാൽ വഴുതി വീഴുകയായിരുന്നു കുട്ടി.

കോഴിക്കോട് പറങ്കിമൂച്ചിക്കൽ വീട്ടുവളപ്പിലെ കുളത്തിൽ വീണ് രണ്ട് കുഞ്ഞുങ്ങൾ മരണത്തിന് കൂട്ടുപോയത് കഴിഞ്ഞ മാസമാണ്. കുറുപ്പുംപടി ഫക്കീർ മുഹമ്മദിന്റെ മകൻ നാലു വയസുകാരനായ മുഹമ്മദ് ഹമീമും ഒന്നര വയസുകാരി ഫാത്തിമ മെഹറയുമാണ് മരണപ്പെട്ടത്.

കേരളത്തിലെ ഓരോ ജില്ലയിലും ജലാശയ അപകടങ്ങളിൽ പെട്ട് പ്രതിദിനം ജീവൻ നഷ്ടപ്പെടുന്നത് അസംഖ്യം പേർക്കാണ്.
ദുരന്തനിവാരണ അതോറിറ്റിയുടെയും അഗ്‌നിരക്ഷാ വകുപ്പിന്റെയും നേതൃത്വത്തില്‍ ലോക മുങ്ങിമരണ നിവാരണ ദിനാചരണ പരിപാടികൾ മുറതെറ്റാതെ നടക്കുന്നുണ്ട്. പക്ഷേ എന്ത് ഫലം..? .
മുങ്ങിമരണം കേരളത്തിൽ ഒരു വാർത്തയല്ലാതായി മാറി. സംസ്ഥാനത്ത് കഴിഞ്ഞ ഒന്നരമാസത്തിനിടെ 300 ലധികം പേര്‍ മുങ്ങിമരിച്ചെന്നാണ് റിപ്പോര്‍ട്ട്.
2021 ൽ സംസ്ഥാനത്ത് മുങ്ങി മരിച്ചത് 1198 പേർ.

ബോധവൽക്കരണവും ജാഗ്രതയും കുറഞ്ഞതാണ് അപകടങ്ങൾ കൂട്ടാൻ കാരണമെന്നാണ് ഫയർ ഫോഴ്സിന്‍റെ കണ്ടെത്തൽ. നീന്തല്‍ അറിയാവുന്നവരും അപകടത്തില്‍പ്പെടുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട ക്വാറികളില്‍ വീണും നിരവധി പേര്‍ക്ക് ജീവഹാനി സംഭവിക്കുന്നു.

ഭൂമിയുടെ 71 ശതമാനം വെള്ളമാണ് എന്നതുപോലെ കേരളത്തിലും മുക്കാൽ ഭാഗവും വെള്ളമാണ്. ഇത്രയും ജലാശയങ്ങളും വെള്ളക്കെട്ടുകളുമുള്ള കേരളത്തിൽ എത്ര മുങ്ങിമരണങ്ങളാണ് നടക്കുന്നത്…?

ചില കാര്യങ്ങളിലുള്ള മലയാളിയുടെ അശ്രദ്ധയാണ് നമ്മുടെ ഇത്രയധികം കുട്ടികൾ മുങ്ങിമരിക്കാനിടയാക്കുന്നത്. നാളെ നാടിന് ഊർജ്ജമാവേണ്ട കൗമാരങ്ങളാണ് വെള്ളത്തിൽ വീണ് ഇല്ലാതാകുന്നതിൽ ഏറെയും. മുങ്ങിമരിക്കുന്നതിൽ 50 വയസിന് മുകളിലുള്ളവൾ തുലോം കുറവാണ്.

ഏറെ ശ്രദ്ധിക്കേണ്ടത് മൂന്നു വിഭാഗം ആളുകൾ

1 വെള്ളക്കെട്ടും ജലാശയവുമുള്ള തദേശസ്വയംഭരണ അധികൃതർ

2. കുളിക്കടവുകൾക്കും ജലാശയങ്ങൾക്കും വെള്ളച്ചാട്ടങ്ങൾക്കും സമീപത്ത് താമസിക്കുന്നവർ

3. ഏറ്റവും പ്രധാനമായി വെള്ളത്തിൽ ചാടാൻ പോകുന്ന ടൂറിസ്റ്റും അല്ലാത്തവരുമായ യുവതീ യുവാക്കൾ.

ഒന്നാമത്തേ കൂട്ടർക്ക് ചെയ്യാവുന്നത് തങ്ങളുടെ പരിധിയിലെ കുളിക്കടവുകൾ, പ്രധാനമായി വിനോദസഞ്ചാരികൾ വരാനിടയുള്ള പ്രദേശങ്ങൾ, പഠിച്ച് അവിടെ ചില സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ്.

അവരെ ബോധവൽക്കരിക്കണം. കുളിക്കാനായി ആളിറങ്ങാനിടയുള്ളിടത്ത് ബോർഡുകളും അപായ ചിഹ്നങ്ങളും സ്ഥാപിക്കണം. മുമ്പ് മരണങ്ങൾ നടന്നിടത്ത് അതും സൂചിപ്പിക്കാം. കടവിൽ പടവുകൾ, കുറ്റികൾ, കുറ്റിയിൽ നീണ്ട കയറുകൾ എന്നിവ സ്ഥാപിക്കാം. കയം വേർതിരിച്ച് വലയോ കയർ അതിരോ തിരിക്കാം. കടവിനടുത്ത വീടുകളോ അയൽക്കൂട്ടമോ കേന്ദ്രീകരിച്ച് ബോയ്, പൊങ്ങുകൾ എന്നിവ നൽകാം. വായ കെട്ടിയ ഒരു പ്ലാസ്റ്റിക്ക് കുടം പോലും ഉപയോഗപ്പെടും. പെട്ടെന്ന് സഹായത്തിനുതകുന്ന ഫോൺ നമ്പരുകൾ പ്രദർശിപ്പിക്കണം.

കടവുകളുമായി ചേർത്ത് കുറേ പേർക്ക് രക്ഷാപ്രവർത്തനം, പ്രഥമ ശുശ്രൂഷ, നീന്തൽ എന്നിവയിൽ ക്ലാസുകൾ നൽകി രക്ഷാഭടന്മാരാക്കാം. ബീച്ചുകളിൽ ദിവസവും എത്ര ജീവനുകളാണ് ലൈഫ് ഗാർഡുകൾ രക്ഷിക്കുന്നത്. വലിയ അലാം, സൈറൺ എന്നിവ സ്ഥാപിക്കുന്നത് അപകടം പെട്ടെന്നറിഞ്ഞ് രക്ഷാപ്രവർത്തകർക്ക് ഓടിയെത്താൻ ഉപകാരപ്പെടും. കൺമുന്നിൽ വിലയേറിയ ജീവനുകൾ കുമിളകളായി ഒടുങ്ങുന്നതും ഉറ്റവരുടെ അലമുറയിൽ നാട് വിറങ്ങലിക്കുന്നതും ഇതിലൂടെയൊക്കെ ഒഴിവാക്കാനാവും.

വെള്ളത്തിൽ മുങ്ങുന്നവരെ രക്ഷിക്കൽ വളരെ പെട്ടെന്നാവണം, അതായത് ഫയർ റെസ്ക്യൂ ഫോഴ്സ് വരുന്നത് കാത്തിരിക്കാനോ ഫോൺ വിളിച്ച് ഒരാളെ എത്തിച്ച് രക്ഷിക്കാനോ സാധന സാമഗ്രികൾ എത്തിച്ചശേഷം രക്ഷാപ്രവർത്തനം തുടങ്ങാനോ സാധ്യമല്ല. മിനിറ്റുകൾക്കകം മുങ്ങിയ ആളെ പുറത്തെടുക്കണം ആ വെല്ലുവിളിക്ക് കഴിയുന്നവരേ ഈ ഘട്ടത്തിൽ രക്ഷകനാകൂ. രക്ഷിക്കാനിറങ്ങി സ്വയം അപകടത്തിൽ ചാടരുത്.

മുങ്ങുന്ന ആളെ പിന്നിലൂടെ എത്തി മുടിക്ക് പിടിച്ചുയർത്താം. കയറോ ബലമുള്ള തുണിയോ ഇട്ടുകൊടുക്കാം. പുറത്തോട് പുറം തിരിഞ്ഞു നിന്ന് തോർത്തോ തുണിയോ കയറോ ഉപയോഗിച്ച് ദേഹത്തോട് ബന്ധിച്ച് അതിവേഗം മുകളിലേക്ക് തുഴഞ്ഞുകയറാം. ഇതു പക്ഷേ നല്ല പരിചയുള്ളവർക്കേ ചെയ്യാനാകൂ. മുങ്ങിമരിക്കാൻ പോകുന്ന ആളിന്റെ മുമ്പിൽ പെട്ടാൽ രക്ഷിക്കാനെത്തുന്ന വരെ കൂടി പിടിച്ച് താഴ്ത്തും. മുങ്ങുന്ന അവസാന ഘട്ടത്തിലാണ് ഈ മരണപ്പിടി, അല്ലാത്തവർക്ക് ബോധമുണ്ട് അവരെ പുറത്ത് പിടിപ്പിച്ച് നീന്താനാകും.

അപകടത്തിൽ പെടുന്നവരും ഒപ്പമുള്ളവരും ശ്രദ്ധിക്കണം

ഓരോ ജലാശയത്തിനും ഓരോ സ്വഭാവമുണ്ട്. അപരിചിതമായ ജലാശയത്തിൽ ഇറങ്ങരുത്. അങ്ങനെ ഉള്ളിടത്ത് ഇറങ്ങേണ്ടി വന്നാൽ സമീപത്തുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടം കുളിക്കാൻ നല്ലതാണോ എന്നന്വേഷിക്കണം. നീന്തൽ അറിയുന്നവർ ഒപ്പമുണ്ടെങ്കിൽ ആഴം സംബന്ധിച്ച് അവരുടെ അഭിപ്രായം സ്വീകരിച്ച് ഒരുപാട് അകലെയല്ലാതെ കുളിക്കുക. നീന്തൽ ഒരു അഭ്യാസവും പ്രത്യേക കഴിവുമാണ്, അത് പരിശീലനത്തിലൂടെ കിട്ടുന്നതാണ്. നീന്തലറിയും എന്ന മട്ടിൽ അഭിനയിക്കാനാവില്ല. കാലുറപ്പിക്കാതെ ജലോപരിതലത്തിൽ തുഴഞ്ഞുനീങ്ങാനും കാലിളക്കി ഓളം ചവിട്ടിത്തള്ളി നിൽക്കാനുമുള്ള കഴിവുണ്ടായാലേ നീന്തൽ അറിയാമെന്ന് കരുതാവൂ . നീന്തി നല്ല പരിചയമുണ്ടെങ്കിലേ കൂടുതൽ ദൂരം നീന്താനും രക്ഷാപ്രവർത്തനം നേരിട്ട് ജലത്തിലിറങ്ങി നടത്താനുമാകൂ.

വെള്ളച്ചാട്ടത്തിൽ വഴുക്കുന്ന പാറയും ജലംപതിക്കുന്നതിന് സമീപത്തെ കുഴിയും അപകടകരമാണ്. ജലം വീഴുന്ന പാറകളിൽ ചവിട്ടി കയറുന്നത് ആപൽക്കരമാണ്. ചിത്രങ്ങൾ എടുക്കാൻ ചില സാഹസികതകൾ കാണിക്കുന്നവർ ഓർക്കുക, ഒരു പടത്തേക്കാൾ വിലയുള്ളതാണ് ജീവൻ…! മഴക്കാലത്ത് അരുവികളിലും വന നദികളിലും അപ്രതീക്ഷിതമായ വെള്ളപ്പാച്ചിൽ ഉണ്ടാകാം. മഴയും ഉരുൾ പൊട്ടലും മൂലം ജലനിരപ്പ് പെട്ടെന്ന് ഉയരും, പാറകളും മരങ്ങളുമൊക്കെ വഹിച്ചുകൊണ്ടുള്ള ജലപ്രവാഹമുണ്ടാകാം.

നിശ്ചലമായ ജലാശയത്തിൽ ഒരു കല്ലിട്ടാൽ അതിന്റെ കുമിള പൊങ്ങിവരാനുള്ള താമസം നോക്കി ആഴമറിയാനാവും. കഴിയുന്നതും അപരിചിത ജലാശയങ്ങളിൽ കുളിക്കാതിരിക്കുക. മദ്യപിച്ചിട്ട് ജലത്തിലിറങ്ങുന്നതും അപകടമാണ്. സ്വാഭാവികമായ ശേഷി ഒരു പാട് നഷ്ടമായ അവസ്ഥയിൽ ചുവട് ഉറക്കില്ല. നീന്തൽ അറിഞ്ഞാലും ഉപകാരപ്പെടില്ല. കൂട്ടുകൂടി വെള്ളത്തിലിറങ്ങുന്നത്, പരസ്പരം തള്ളി വെള്ളത്തിലിടുന്നത്, ഒരാളെ കൂട്ടുകാർ ചേർന്ന് മുക്കി പിടിക്കുന്നത് ഒക്കെ അപകടകരമാണ്. കൂട്ടു ചേർന്ന് ഉള്ള ആഘോഷം പിന്നീട് ഓർക്കാൻ ഭയപ്പെടുന്ന ദുരന്തമാകരുതെന്ന ബോധം പരസ്പരം ഉണ്ടാകണം. നീന്തലറിയാത്ത ആളെ വെള്ളത്തിൽ ദൂരേക്ക് ഇറക്കാതിരിക്കുക.

ജലക്രീഡ പരിചയസമ്പന്നർക്കാണ്. അമ്യൂസ്മെന്റ് പാർക്കിലെ ജലകേളി പോലല്ല നദിയിലെന്ന് മനസിലാക്കുക. പാർക്കിലെ പൂളിൽ കണ്ട കൃത്രിമത്തിരയല്ല വീണാൽ വായിൽ മണ്ണ് കയറി ശ്വാസകോശം തകർക്കുന്ന കടൽത്തിര. ആഴമുളള ഒഴുക്കില്ലാത്ത ജലാശയത്തിലെ വില്ലനാണ് സിൽറ്റ് എന്ന ചെളി. എടുത്തു ചാടുന്നവരുടെയും മുങ്ങുന്നവരുടെയും ശ്വാസകോശത്തിലേക്ക് ഇത് കടക്കാനിടയുണ്ട്.

മുങ്ങിമരിക്കാൻ 4 മുതൽ 6 മിനിറ്റുമതി : ഇതിനു ശേഷമുള്ളത് രക്ഷപ്പെടുത്തൽ അല്ല ശരീരം കണ്ടെത്തലാണ്. ആളുമുങ്ങിയത് പലരും അറിയുന്നത് ഇതിനുശേഷമാകും. പൊലീസും ഫയർഫോഴ്സുമെത്തിയുള്ള രക്ഷാപ്രവർത്തനത്തിന് അർത്ഥമേയില്ല. അതിനാൽ മുങ്ങുന്നവനും ഒപ്പമുള്ളവരും ഇക്കാരും അറിയണം. 30 സെക്കൻഡ് മാത്രമാണ് നല്ല ആരോഗ്യമുള്ളയാളുടെ ശ്വാസം പിടിച്ചു നിർത്തൽ. മനപൂർവ്വമായ സാഹചര്യത്തിൽ ഇത് രണ്ടുമിനിറ്റു വരെ ഉയർത്താം. കൊച്ചുകുട്ടികൾക്ക് സെക്കൻഡുകൾക്കകം ശ്വാസകോശത്തിൽ വെള്ളം കയറും. ശ്വാസകോശത്തിൽ വെള്ളം കയറ്റി ഓക്സിജൻ ലഭിക്കാതെയാണ് മരണം.

വയറ്റിലും വെള്ളം കയറും. ശ്വാസകോശത്തിലേക്ക് വെള്ളത്തോടൊപ്പം കടക്കുന്ന ചെളി, മണ്ണ്, ജൈവ വസ്തുക്കൾ എല്ലാം അപകടമാണ്. രക്ഷാപ്രവർത്തനം മിനിറ്റുകൾക്കുള്ളിൽ നടക്കണം. കരക്കെത്തിച്ചയാളിന്റെ ഉള്ളിൽ കടന്ന ജലം കമിഴ്ത്തിക്കിടത്തി പുറത്തുകളയണം,വായില്‍ കാണാവുന്നിടത്ത് വല്ലതും തടഞ്ഞിരിപ്പുണ്ടോ എന്ന് നോക്കണം . കൃതിമശ്വാസം നൽകണം. അകലെയുള്ള ആശുപത്രിയിലേക്ക് ഓടും മുമ്പ് ആളിന്റെ ശ്വാസം തിരിച്ചു പിടിക്കാൻ പരമാവധി ശ്രമിച്ച് അതുറപ്പാക്കണം. പ്രഥമശുശ്രൂഷക്ക് വലിയ പ്രസക്തിയുണ്ട്. നാലു മിനിറ്റിനു ശേഷമുള്ള ബഹളം വയ്ക്കലുകൾക്ക് ഒരർത്ഥവുമില്ല എന്ന് ഓർക്കുക.

പരമപ്രധാനമായി പുതിയ തലമുറക്ക് അറിയാത്ത ഒന്ന്, മുങ്ങി മരണത്തിൽ പ്രധാനമാണ്. അലറി കൂവി ആളുകൂട്ടൽ. ഉടൻ സഹായം കിട്ടുന്ന സ്ഥലവാസികളെ അലറി വിളിച്ചു വരുത്തുക, സെക്കൻഡുകൾക്ക് വിലയുള്ളപ്പോൾ അത് പാഴാക്കരുത് എന്തെങ്കിലും ചെയ്ത് മിനിറ്റുകൾക്കകം ആളെ പുറത്തെത്തിക്കണം. മറ്റ് സഹായങ്ങൾ വേണ്ടെന്നല്ല, പലപ്പോഴും പെട്ടെന്ന് ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. എങ്കിലും ആളെ പുറത്തെത്തിച്ച് ശ്വാസം തിരിച്ചു പിടിക്കുന്നതിനാണ് പ്രധാന്യം. ജലാശയങ്ങളുടെ നാട്ടിൽ ഇത്ര ഏറെ മുങ്ങി മരണങ്ങൾ അപമാനമാണ്. അതും സ്വയം സൃഷ്ടിച്ച അപകടങ്ങളാണ് എന്നത് അതിലേറെ ലജ്ജാകരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: