KeralaNEWS

തൊഴിലുറപ്പില്‍ ഉഴപ്പില്ല; കേരളത്തിന്റെ മികവ് അംഗീകരിച്ച് കേന്ദ്രം: മറ്റു സംസ്ഥാനങ്ങളില്‍ നാല് ലക്ഷത്തിലേറെ കേസുകള്‍

ദില്ലി: തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന്റെ മികവ് അംഗീകരിച്ച് കേന്ദ്രം. പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കിലാണ് കേരളത്തിനെ കേന്ദ്രത്തിന് അംഗീകരിക്കേണ്ടിവന്നത്. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ഫണ്ട് വകമാറ്റം, വേതനം നല്‍കാതിരിക്കല്‍ തട്ടിപ്പ് എന്നിവ വ്യാപകമാണെന്ന് പാര്‍ലമെന്റില്‍ വച്ച കണക്ക് സൂചിപ്പിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി നാല് ലക്ഷത്തിലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ എന്നാല്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് ക്രമക്കേടില്‍ ഒരു കേസ് പോലും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കേരളത്തിന് ഏറെ അഭിമാനം നല്‍കുന്നതാണ് കേന്ദ്രത്തിന്റെ ഈ കണക്കുകള്‍.

Signature-ad

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ അടക്കം ചോദ്യത്തിന് ഇന്ന് ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ കണക്കുകള്‍ വ്യക്തമാക്കിയത്. കേന്ദ്ര കണക്ക് പ്രകാരം, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ആന്ധ്രാപ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പരാതിയുള്ളത്. തമിഴ്‌നാടാണ് രണ്ടാമത്. മൂന്നാമത് കര്‍ണാടകയും. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കേരളമാകട്ടെ ഒറ്റ കേസുപോലുമില്ലാതെ മാതൃകയാകുകയും ചെയ്തു.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഫണ്ട് വകമാറ്റം, തൊഴിലുറപ്പ് പദ്ധതി പ്രകാരം ചെയ്ത തൊഴിലിന്റെ വേതനം നല്‍കാതിരിക്കല്‍, തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പില്‍ സുതാര്യത ഇല്ലായ്മ തുടങ്ങിയവ അടക്കമുള്ളതാണ് ക്രമക്കേടുകള്‍. കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയാണ് ലോക്‌സഭയില്‍ കണക്കുകള്‍ അവതരിപ്പിച്ചത്.

രാജ്യത്ത് ഗ്രാമങ്ങളില്‍ തൊഴിലും വേതനവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ചതാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി. ജീവിതമാര്‍ഗം കണ്ടെത്താന്‍ നിരവധി സാധാരണക്കാര്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകാന്‍ മുന്നോട്ടുവന്നിരുന്നു. എന്നാല്‍ ജീവിക്കാനായി പദ്ധതിയുടെ ഭാഗമായ സാധാരണക്കാര്‍ ചൂഷണം ചെയ്യപ്പെടുകയും അവര്‍ക്ക് അര്‍ഹമായ കൂലി തട്ടിയെടുക്കപ്പെടുകയും ചെയ്യുന്ന ഭീകരമായ കൊള്ള രാജ്യത്ത് നടക്കുന്നു എന്നാണ് ഈ പരാതികള്‍ തെളിയിക്കുന്നത്. കേന്ദ്രം പറയുന്ന നാലുലക്ഷം പരാതികള്‍ അതിലേറെ സാധാരണക്കാര്‍ പറ്റിക്കപ്പെട്ടു എന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളും അവകാശപ്പെട്ട വേതനവും നേടി നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്നും അവരെ ദ്രോഹിക്കുന്നതില്‍ ഭാഗഭാക്കായെന്നും ഇതിലൂടെ വ്യക്തമാണ്.

തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീപങ്കാളിത്തത്തില്‍ കേരളം രാജ്യത്ത് ഏറ്റവും മുന്നിലാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ സ്ത്രീപങ്കാളിത്തം 89.42 ശതമാനമാണ്. ദേശീയ ശരാശരി 54.7 ശതമാനവും. ഈവര്‍ഷംമാത്രം 2474 കോടി രൂപ സ്ത്രീകളുടെ കൈകളില്‍ എത്തിക്കാന്‍ കേരളത്തിന് കഴിഞ്ഞു.

പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കിയതിലും കേരളം ഒന്നാമതാണ്, പട്ടികവര്‍ഗ വിഭാഗത്തില്‍ രണ്ടാമതും. തൊഴിലാളികള്‍ക്ക് വേതനം സമയത്തിന് വിതരണം ചെയ്യുന്ന ആദ്യ നാലു സംസ്ഥാനങ്ങളിലും കേരളമുണ്ട്. 99.55 ശതമാനം പേര്‍ക്കും കേരളം വേതനം കൃത്യസമയത്ത് നല്‍കി. എന്നാല്‍, പദ്ധതിയില്‍ നിര്‍മാണസാമഗ്രികള്‍ക്കും ഭരണച്ചെലവിനുമുള്ള 700 കോടി കേന്ദ്രം കുടിശ്ശികവരുത്തിയത് തിരിച്ചടിയായെന്നും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Back to top button
error: