LIFESocial Media

നേരറിയാന്‍ ‘സി.ബി.ഐയൊന്നുവേണ്ട, ഇന്ത്യക്കാര്‍ക്ക് വിശ്വാസം സോഷ്യല്‍മീഡിയയെ!

ലണ്ടന്‍: ഏതെങ്കിലും കാര്യത്തിന്റെ വസ്തുത അറിയാന്‍ ഇന്ത്യക്കാര്‍ ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയയെയെന്ന് റിപ്പോര്‍ട്ട്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസിന്റെ (ഒയുപി) ആഗോള പഠനമനുസരിച്ച് ഇന്ത്യയിലെ 54 ശതമാനം ആളുകളും സോഷ്യല്‍ മീഡിയയെ വിശ്വസിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പുസ്തകങ്ങളെയും കൂടുതല്‍ പരമ്പരാഗത മാര്‍ഗങ്ങളെയും ആശ്രയിക്കുന്നത് കുറഞ്ഞതായും പഠനം പറയുന്നു.

ഗവേഷണത്തിന്റെ ഭാഗമായി ‘ദ മാറ്റര്‍ ഓഫ് ഫാക്റ്റ്’ എന്ന ക്യാമ്പയിനിലൂടെയാണ് സത്യങ്ങള്‍ എങ്ങനെ തിരിച്ചറിയുന്നു, ഉറവിടങ്ങളുടെ സാധൂകരണം എന്നിവയെ കുറിച്ച് വിവരശേഖരണം നടത്തിയത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കൂടുതലും വ്യാജ വാര്‍ത്തകളും തെറ്റായ അവകാശവാദങ്ങളുമാണെന്ന ആശങ്കകള്‍ക്കിടയിലും ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ വിവരങ്ങള്‍ വസ്തുതാപരമായി ശരിയാണെന്ന് വിശ്വസിക്കുന്നവരാണ്. കൂടാതെ ഇവ ഷെയര്‍ ചെയ്യുന്നുമുണ്ട്.

വസ്തുതാപരമായ വിവരങ്ങള്‍ അന്വേഷിക്കാന്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്ന കൂട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യകഴിഞ്ഞാല്‍ മെക്‌സിക്കന്‍കാരും ദക്ഷിണാഫ്രിക്കക്കാരും( 43 ശതമാനം) ആണ് കൂടുതലുള്ളത്. 29 ശതമാനം വരുന്ന അമേരിക്കക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടീഷുകാര്‍ സോഷ്യല്‍ മീഡിയയിലൂടെ വസ്തുതകള്‍ തെരയുന്നത് കുറവാണെന്നും പഠനം പറയുന്നു.

ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗം (67 ശതമാനം) പേര്‍ ഗൂഗിളിനെയും മറ്റ് സെര്‍ച്ച് എഞ്ചിനുകളേയും വസ്തുതകള്‍ കണ്ടെത്താനായി ആശ്രയിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ നിന്ന് പങ്കുവെക്കുന്ന വിവരങ്ങള്‍ കൃത്യമാണെന്ന് വിശ്വസിക്കുന്നവരാണ് ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും. ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സൈറ്റുകളാണ് പലരുടെയും സത്യം അറിയാനുള്ള ഇടങ്ങള്‍.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വസ്തുതകളുടെ സത്യം സംബന്ധിച്ച ആളുകളുടെ ധാരണകളെ കൊവിഡ് കാലം വളരെ വലിയ തോതില്‍ സ്വാധീനിച്ചതായി പഠനം പറയുന്നു.

55 വയസ്സിന് താഴെയുള്ള ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന കാര്യങ്ങളുടെ കൃത്യതയില്‍ ആത്മവിശ്വാസ കുറവുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. അതേസമയം 25-നും 44-നും ഇടയില്‍ പ്രായമുള്ളവരില്‍ 35 ശതമാനം പേരും തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന കാര്യങ്ങളില്‍ ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞു. 55 വയസ്സിനു മുകളിലുള്ളവരില്‍ 13 ശതമാനവും തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സത്യസന്ധമായ വിവരങ്ങള്‍ മാത്രമേ പങ്കിടുന്നുള്ളൂവെന്ന ആത്മവിശ്വാസത്തിലാണ് എന്നാണ് പഠനം പറയുന്നത്.

കുട്ടികളെ പഠിപ്പിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയും വാട്ട്സ്ആപ്പും ഉപയോഗിക്കുന്ന കാര്യത്തിലും ഇന്ത്യയിലെ രക്ഷിതാക്കളാണ് മുന്നില്‍. ധാരാളം യുവജനങ്ങളുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഇത്തരത്തിലുള്ള പ്രവണത മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്. നല്ല അറിവുള്ള, ബുദ്ധിയുള്ള, ഗ്രഹണശേഷിയുള്ള ഭാവി തലമുറയെ വളര്‍ത്താന്‍ സഹായിക്കുന്ന നയങ്ങള്‍ കൊണ്ടുവരണമെന്നും’ ഒയുപി എം ഡി പറഞ്ഞു.

 

Back to top button
error: