50,000 രൂപ പെന്‍ഷന്‍ വാങ്ങാം
നിലവിലെ റൂള്‍ പ്രകാരം കാലാവധിയില്‍ എന്‍പിഎസില്‍ നിന്ന് മുഴുവന്‍ പണവും പിന്‍വലിക്കാന്‍ സാധിക്കില്ല. 40 ശതമാനം തുക ആന്യുറ്റിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത് ഉപയോഗിച്ചാണ് വിരമിച്ച ശേഷം പെന്‍ഷന്‍ നല്‍കുന്നത്. ബാക്കി വരുന്ന 60 ശതമാനം നികുതി ബാധ്യതകളില്ലാതെ പിന്‍വലിക്കാം. നിക്ഷേപകന്റെ താല്പര്യ പ്രകാരം 40 ശതമാനത്തില്‍ കൂടുതല്‍, 100 ശതമാനം വരെ തുക പെന്‍ഷനായി ആന്യുറ്റിയിലേക്ക് മാറ്റാം.
മാസത്തില്‍ 50,000 രൂപ പെന്‍ഷന്‍ ലഭിക്കുന്നത് എങ്ങനെയെന്ന് നോക്കാം. 40 ശതമാനം തുക ആന്യുറ്റിയില്‍ നിക്ഷേപിക്കണമെന്നത് എന്‍പിഎസില്‍ നിര്‍ബന്ധമാണ്. 6 ശതാനം ആന്യുറ്റി നിരക്ക് പ്രതീക്ഷിച്ചാല്‍ 50,000 രൂപ മാസ പെന്‍ഷന്‍ ലഭിക്കാന്‍ 2.5 കോടി രൂപ എന്‍പിഎസ് നിക്ഷേപം ആവശ്യമാണ്.
ഇതില്‍ 40 ശതമാനം, 1 കോടി രൂപ ആന്യുറ്റിയിലേക്ക് മാറ്റിയാല്‍ 6 ശതമാനം നിരക്കില്‍ മാസത്തില്‍ 50,000 രൂപ പെന്‍ഷന്‍ വാങ്ങിക്കാം. ബാക്കി 1.5 കോടി രൂപ ഒറ്റത്തവണ പിന്‍വലിക്കാം. ഈ തുകയ്ക്ക് നികുതി ബാധകമല്ല.
എന്നാല്‍ ആന്യുറ്റി വിഹിതം ഉയര്‍ത്താന്‍ തയ്യാറാകുന്നവര്‍ക്ക് മാസം 50,000 രൂപ പെന്‍ഷന്‍ നേടാന്‍ കുറഞ്ഞ നിക്ഷേപം മതിയാകും. ആന്യുറ്റിയിലേക്ക് 60 ശതമാനം വിഹിതം മാറ്റിയാല്‍ എന്‍പിഎസ് നിക്ഷേപം 1.7 കോടി മതിയാകും. ആന്യുറ്റി സ്‌കീമിലേക്ക് മാറ്റുന്നത് 80 ശതമാനമാണെങ്കില്‍ 50,000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ 1.3 കോടി രൂപ മതിയാകും.
100 ശതമാനവും ആന്യുറ്റിയിലേക്ക് മാറ്റിയാല്‍ 1 കോടി രൂപ നിക്ഷേപം വഴി മാസത്തില്‍ 50,000 രൂപ പെന്‍ഷന്‍ വാങ്ങാം. ആന്യുറ്റി വരുമാനത്തിന് പെന്‍ഷന്‍കാരന്റെ നികുതി സ്ലാബ് അനുസരിച്ച് നികുതി നല്‍കേണ്ടി വരും.
മാസം എത്ര രൂപ നിക്ഷേപിക്കണം
മാസം 50,000 രൂപ പെന്‍ഷന്‍ വാങ്ങാന്‍ 2.5 കോടിയാണ് ആവശ്യമായി വരുന്നത്. എന്‍പിഎസില്‍ ഇത്രയും തുക നിക്ഷേപമുണ്ടാകാന്‍ എങ്ങനെ നിക്ഷേപം തുടങ്ങണമെന്ന് നോക്കാം. 9-10 ശതമാനം ആദായം നിക്ഷേപത്തില്‍ നിന്ന് പ്രതീക്ഷിച്ചാല്‍ 25ാം വയസില്‍ നിക്ഷേപം ആരംഭിക്കുന്നൊരാള്‍ക്ക് 7,000-9,000 രൂപ മാസത്തില്‍ നിക്ഷേപിക്കണം.
35ാം വയസില്‍ നിക്ഷേപം തുടങ്ങുമ്ബോള്‍ 19,000-23,0000 രൂപ വരെ മാസത്തില്‍ നിക്ഷേപിക്കണം. 45ാം വയസിലാണ് നിക്ഷേപം തുടങ്ങുന്നതെങ്കില്‍ 59,000-65,000ത്തിനും ഇടയിലുള്ള തുക 15 വര്‍ഷക്കാലം നിക്ഷേപിക്കണം.