BusinessTRENDING

വ്യക്തിഗത വായ്പകള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ ഇവ ശ്രദ്ധിക്കുക…

ണത്തിന് എല്ലാവര്‍ക്കും ആവശ്യമുണ്ട്. ആവശ്യത്തിന് പണമില്ലാത്തതാണ് പലര്‍ക്കും പ്രശ്‌നമാകുന്നത്. തുടങ്ങിവച്ച വീട്ടുപണി പൂര്‍ത്തിയാക്കാന്‍, പെട്ടന്നുള്ള ആശുപത്രി ആവശ്യങ്ങള്‍ എന്നിവയ്ക്ക് വ്യക്തിഗത വായ്പകളാണ് ഏറ്റവും അനുയോജ്യം. ജാമ്യമില്ലാതെ അനുവദിക്കുന്നതിനാല്‍ ബാങ്കുകള്‍ക്ക് വലിയ തോതിലുള്ള റിസ്‌ക് വ്യക്തിഗത വായ്പകളിലുണ്ട്. ഇതിനാലാണ് വായ്പ ലഭിക്കാനുള്ള നിബന്ധനകള്‍ ബാങ്കുകള്‍ കര്‍ശനമാക്കുന്നത്.

വായ്പ ലഭിച്ചു കഴിഞ്ഞാല്‍ ഭവന, വാഹന വായ്പകള്‍ പോലെ നിബന്ധനകളില്ലാതെ ഏത് ആവശ്യത്തിനും പണം ഉപയോഗിക്കാന്‍ സാധിക്കും. വ്യക്തിഗത വായ്പ അന്വേഷണങ്ങള്‍ക്ക് മുന്‍പ് എത്ര തുകയാണ് ആവശ്യമെന്നത് ആദ്യം തീരുമാനിക്കണം. ആവശ്യം മനസിലാക്കി അതിന് മാത്രം വായ്പയെടുക്കുക. വിവിധ ബാങ്കുകളുടെ പലിശ നിരക്ക് അറിഞ്ഞ് കുറഞ്ഞത് നോക്കി തിരഞ്ഞെടുക്കാം. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ഓരോരുത്തര്‍ക്കും ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത് വ്യത്യസ്ത നിരക്കായിരിക്കും. ഇതോടൊപ്പം പ്രോസസിംഗ് ഫീസ്, വായ്പ നേരത്തേ ക്ലോസ് ചെയ്യുന്നതിനുള്ള ചാര്‍ജ് ഉണ്ടോ എന്നിവ അറിഞ്ഞിരിക്കണം.

Signature-ad

വ്യക്തിഗത വായ്പയ്ക്ക് ശ്രമിക്കുമ്പോള്‍ വേഗത്തില്‍ വായ്പ ലഭിക്കാനുള്ള നാല് വഴികള്‍:

1. സിബില്‍ സ്‌കോര്‍

യോഗ്യതയ്ക്ക് ബാങ്കുകള്‍ പല മാനദണ്ഡങ്ങള്‍ വെച്ചിട്ടുണ്ടാകും. ഇത് ബാങ്കുകള്‍ അനുസരിച്ച് വ്യത്യസ്തമായിരിക്കും. എന്നാല്‍ എല്ലാ ബാങ്കുകളും പ്രാഥമികമായി പരിഗണിക്കുന്നത് സിബില്‍ സ്‌കോറിനെയാണ്. 750 ന് മുകളിലുള്ള ക്രെഡിറ്റ് സ്‌കോര്‍ സാമ്പത്തിക അച്ചടക്കത്തെയാണ് കാണിക്കുന്നത്. തിരിച്ചടവ് ഉറപ്പായതിനാല്‍ നിരക്കില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്ക് ലഭിക്കും. ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നതിന് അനുസരിച്ച് പലിശ നിരക്ക് കൂടുകയും ചെയ്യും. ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ്, ഇഎംഐ എന്നിവ സമയത്ത് അടയ്ക്കുക എന്നത് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തി കൊണ്ടു വരാനുള്ള നടപടിയാണ്. നിരന്തരം ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പാക്കിയും ക്രെഡിറ്റ് സ്‌കോറിനെ മെച്ചപ്പെടുത്താം.

2. താങ്ങാവുന്ന വായ്പ തിരിച്ചടവ്

പുതിയ വായ്പയടക്കം ആകെ വായ്പ തിരിച്ചടവ് മാസ വരുമാനത്തിന്റെ 60 ശതമാനത്തില്‍ താഴെ വരുന്നവര്‍ക്കാണ് ബാങ്കുകള്‍ വ്യക്തിഗത വായ്പ നല്‍കുന്നത്. അപേക്ഷകന്റെ ആകെ വായ്പ തിരിച്ചടവ് ഈ പരിധി കടക്കുന്നുണ്ടെങ്കില്‍ വായ്പ ലഭിക്കാന്‍ സാധ്യത കുറവാണ്. മാസ വരുമാനത്തില്‍ നിന്ന് ചെലവും നിലവിലുള്ള ഇഎംഐയും മാസത്തില്‍ നിക്ഷേപത്തിനായി മാറ്റി വെയ്ക്കുന്ന തുകയും കുറച്ച് എത്ര രൂപ മാസത്തില്‍ പുതിയ വായ്പയ്ക്കായി മാറ്റാന്‍ സാധിക്കുമെന്ന് ആദ്യം മനസിലാക്കണം. ഇത് അനുസരിച്ചുള്ള തുകയ്ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഈ രീതിയില്‍ പുതിയ വായ്പ ക്രമീകരിച്ചാല്‍ തിരിച്ചടവ് മുടങ്ങാതെ കൊണ്ടു പോകാന്‍ സഹായിക്കും.

3. അപേക്ഷകളുടെ എണ്ണവും പണി തരും

ചെറിയ സമയത്തിനുള്ളില്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളെ വായ്പയ്ക്കായി സമീപിക്കുന്നത് വായ്പ ലഭിക്കാനുള്ള സാധ്യത കുറയ്ക്കും. ഓരേ സമയം കൂടുതല്‍ ഇടങ്ങളില്‍ നിന്ന ക്രെഡിറ്റ് റിപ്പോര്‍ട്ട് അന്വേഷണങ്ങള്‍ വരുന്നത് ക്രെഡിറ്റ് സ്‌കോറിനെ നെ?ഗറ്റീവായാണ് ബാധിക്കുന്നത്. നേരിട്ട് അന്വേഷണങ്ങളും അപേക്ഷ സമര്‍പ്പിക്കുന്നതിനും പകരം ഓണ്‍ലൈനായി വിവിധ ധനകാര്യ സ്ഥാപങ്ങളുടെ വ്യക്തിഗത വായ്പ നിരക്കുകള്‍ പരിശോധിക്കാം. ഇതിനൊപ്പം സ്വന്തം ക്രെഡിറ്റ് സ്‌കോര്‍, മാസ വരുമാനം, തൊഴില്‍ എന്നിവ പരിഗണിച്ച് വായ്പ നല്‍കുന്ന സ്ഥാപനങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും.

4. അപേക്ഷയില്‍ കൂട്ടിന് ഒരാള്‍കൂടി

ഒറ്റയ്ക്ക് വായ്പ അപേക്ഷ സമര്‍പ്പിക്കുന്നതിന് പകരം മറ്റൊരാളെ കൂടി അപേക്ഷയില്‍ ചേര്‍ക്കുന്നത് വായ്പ ലഭിക്കാനുള്ള സാധ്യത കൂട്ടും. ഒന്നിലധികം പേരുള്ള വായ്പയില്‍ തിരിച്ചടവ് എല്ലാവരുടെയും ഉത്തരവാദിത്വമാകുമ്പോള്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസ്‌ക് കുറയും. കുറഞ്ഞ ക്രെഡിറ്റ് സ്‌കോറും വരുമാനവും അടക്കമുള്ള കാരണങ്ങളില്‍ വായ്പ അപേക്ഷ നിരസിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് ജോലിയുള്ള ഒരാളെ സഹ അപേക്ഷകനായി ചേര്‍ക്കാം. അതേസമയം വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ രണ്ടാളെയും ബാധിക്കുമെന്ന കാര്യം ഓര്‍മയിലുണ്ടാകണം.

Back to top button
error: