കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനത്തിനു നേര്‍ക്ക് കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ആക്രമണം നടത്തിയ സംഭവത്തിനു പിന്നാലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്.എച്ച്.ഒയ്ക്ക് സ്ഥലം മാറ്റം. എളമക്കര സ്റ്റേഷനിലെ എസ്.എച്ച്.ഒ. ജി. സാബുവിനെയാണ് സ്ഥലംമാറ്റിയത്.
സംസ്ഥാന പോലീസ് മേധാവി അനില്‍കാന്താണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിട്ടത്. വാടാനപ്പള്ളി സ്റ്റേഷനിലേക്കാണ് സാബുവിന് സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്. വാടാനപ്പള്ളി എസ്.എച്ച്.ഒ. സനീഷിനെ എളമക്കര എസ്.എച്ച്.ഒ. ആയി നിയമിക്കുകയും ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ കൊച്ചി യാത്രയ്ക്കിടെയുണ്ടായ സുരക്ഷാവീഴ്ചയില്‍ ആണ് നടപടിയെന്നാണ് വിലയിരുത്തല്‍. അതേസമയം സ്ഥലംമാറ്റ ഉത്തരവില്‍ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടിയല്ല. സാധാരണ നിലയിലുള്ള സ്ഥലംമാറ്റം എന്ന നിലയിലാണ് ഉത്തരവ്. എന്നാല്‍ സുരക്ഷാവീഴ്ച ഉണ്ടായതിന് തൊട്ടുപിന്നാലെയുള്ള സ്ഥലംമാറ്റം അതിന്റെ പേരില്‍ തന്നെയാണെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
വെള്ളിയാഴ്ച ഒരു മണിയോടെ കാക്കനാട്ടെ ഗവണ്മെന്റ് പ്രസ്സിലെ പുതിയ സി.ടി.പി. മെഷീനിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി മടങ്ങുമ്പോഴാണ് സുരക്ഷാവീഴ്ച ഉണ്ടായത്. ഇടറോഡില്‍നിന്ന് കാക്കനാട് ജങ്ഷനിലേക്ക് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പ്രവേശിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് എറണാകുളം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സോണി പനന്താനം പ്രതിഷേധവുമായി എത്തുകയായിരുന്നു.
ആദ്യ സുരക്ഷാ വാഹനം പോയി തൊട്ടുപിന്നാലെ എത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് സോണി എടുത്തുചാടി. ഡ്രൈവര്‍ വണ്ടി വെട്ടിച്ച് നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. കറുത്ത തുണി ഉയര്‍ത്തിക്കാട്ടി മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രി ഇരിക്കുന്ന സീറ്റിനടുത്ത ഗ്ലാസില്‍ പലതവണ ആഞ്ഞിടിച്ച് ഇയാള്‍ പ്രതിഷേധിച്ചു. ഒരു പോലീസുകാരന് ചാടി പിടിച്ചതോടെ രണ്ടുപേരും ഒന്നിച്ചു മറിഞ്ഞുവീണു. വീഴ്ചയില്‍ സോണിക്കും പോലീസുകാരനായ അരുണ്‍ കുമാറിനും പരിക്കേറ്റു. സോണിയെ പോലീസ് റിമാന്‍ഡ് ചെയ്തു.