BusinessTRENDING

ട്രഷറിയിലെ സ്ഥിരനിക്ഷേപത്തിന് 7.50% പലിശ; ബാങ്കിനെക്കാള്‍ നേട്ടം

സ്ഥിര നിക്ഷേപകർക്ക് ബാങ്കുകളേക്കാൾ മികച്ച പലിശ നിരക്ക് നൽകുന്ന നിക്ഷേപങ്ങളിലൊന്നാണ് കേരള ട്രഷറി നിക്ഷേപം. പൊതുമേഖലാ ബാങ്കുകൾ നൽകുന്നതിനെക്കാൾ ഉയർന്ന പലിശ ചെറിയ കാലയളവ് കൊണ്ട് ട്രഷറിയിൽ നിന്ന് ലഭിക്കും. ഖജനാവിന്റെ ഉറപ്പ് തന്നെയാണ് ട്രഷറിയിലെ നിക്ഷേപത്തിന്റെ സുരക്ഷ. നിക്ഷേപകർ ട്രഷറിയിൽ കൂടുതലായി നിക്ഷേപിക്കാത്തതിന് കാരണം എങ്ങനെ നിക്ഷേപിക്കണമെന്ന് അറിയാത്തതാണ്. ട്രഷറി നിക്ഷേപത്തിന്റെ നടപടി ക്രമങ്ങളും പലിശയും എത്രയാണെന്ന് നോക്കാം.

അക്കൗണ്ട് തുറക്കൽ

ട്രഷറിയിൽ സ്ഥിരം നിക്ഷേപം ഓൺലൈൻ സൗകര്യങ്ങളൊന്നുമില്ല. ജില്ലാ ആസ്ഥാനങ്ങളിലുള്ള ജില്ലാ ട്രഷറികളിലും താലൂക്കുകളിലുള്ള സബ് ട്രഷറികളിലും നേരിട്ടെത്തി അക്കൗണ്ട് ആരംഭിക്കാം. ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്താൻ സേവിം​ഗ്സ് അക്കൗണ്ട് ആവശ്യമാണ്.

സേവിം​ഗ്സ് അക്കൗണ്ട് തുറക്കാനുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് ആധാര്‍ കാർഡ്, പാന്‍ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുൾപ്പടെ ട്രഷറിയിൽ സമർപ്പിക്കണം. നേരത്തെ സേവിം​ഗ്സ് അക്കൗണ്ട് ആരംഭിക്കാനുള്ള കുറഞ്ഞ നിക്ഷേപം 500 രൂപയായിരുന്നു. ഇത് 100 രൂപയാക്കി കുറച്ചു.

പണമിടപാട്

സേവിംഗ്‌സ് അക്കൗണ്ട് വഴിയാണ് സ്ഥിര നിക്ഷേപം നടത്തേണ്ടത്. ഇതിനായി പണം സേവിം​ഗ്സ് അക്കൗണ്ടിലേക്ക് മാറ്റണം. മറ്റു ബാങ്കുകളില്‍ നിന്ന് ട്രഷറി സേവിം​ഗ്സ് അക്കൗണ്ടിലേക്ക് നേരിട്ട് പണം ട്രാന്‍സ്ഫര്‍ ചെയ്യാൻ സാധിക്കില്ല. പണമായോ ചെക്കായോ ട്രഷറിയിൽ നിക്ഷേപിക്കാം. ട്രഷറിലെ സ്ഥിര നിക്ഷേപത്തിൽ നിന്ന് മാസത്തിൽ പലിശ സേവിം​ഗ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. സേവിം​ഗ്സ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ഓൺലൈൻ സൗകര്യം ട്രഷറി നൽകുന്നുണ്ട്.

tsbonline.kerala.gov.in എന്ന വെബ്സൈറ്റിൽ പുതിയ യൂസറായി രജിസ്റ്റർ ചെയ്യണം. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് നമ്പര്‍, രജിസ്റ്റര്‍ ചെയ്ത മൊബൈൽ നമ്പര്‍, യൂസര്‍ നെയിം എന്നിവ നൽകിയ ശേഷം ഒടിപി നല്‍കിയാല്‍ താല്‍കാലിക പാസ്‍വേര്‍ഡ് എസ്എംഎസ് ആയി ലഭിക്കും. ഇത് ഉപയോ​ഗിച്ച് ലോഗിന്‍ ചെയ്ത് അക്കൗണ്ടിന് സ്വന്തം പാസ്‍വേർഡ് നൽകണം. പിന്നീട് നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിക്കുന്നത് പോലെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ്.

പലിശ നിരക്ക്

ബാങ്കുകളെക്കാൾ പലിശ നിരക്ക് ട്രഷറിയിലെ സ്ഥിര നിക്ഷേപത്തിന് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് എസ്ബിഐയിൽ നിന്ന് ലഭിക്കുന്ന ഉയർന്ന പലിശ നിരക്ക് 5.75 ശതമാനമാണ്. സാധാരണ നിക്ഷേപകർക്ക് 5.25 ശതമാനം പലിശ ലഭിക്കും. എന്നാൽ ട്രഷറിയിൽ 46 ദിവസം മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപത്തിന് 5.4 ശതമാനം പലിശ ലഭിക്കും.

91 ദിവസം മുതൽ 1 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 5.9 ശതമാനം പലിശ ലഭിക്കും. 366 ദിവസം മുതൽ 2 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 6.4 ശതമാനം പലിശയാണ് ലഭിക്കുക. 731 ദിവസത്തില്‍ കൂടുതല്‍ 999 ദിവസം വരെയുള്ള നിക്ഷേപത്തിന് 7.50 ശതമാനം പലിശ ലഭിക്കും. മാസത്തിൽ ലഭിക്കുന്ന പലിശ സേവിം​ഗ്സ് അക്കൗണ്ടിൽ സൂക്ഷിച്ചാലും ലാഭമാണ്. ട്രഷറിയിലെ സേവിം​ഗ്സ് അക്കൗണ്ടിലെ പലിശ 4 ശതമാനമാണ്. എസ്ബിഐയിൽ ഇത് 2.75 ശതമാനമാണ്.

നിക്ഷേപകർ ശ്രദ്ധിക്കേണ്ടത് നികുതി

വരുമാനമുള്ളവരാണെങ്കില്‍ ട്രഷറിയിൽ നിക്ഷേപിക്കതിന് മുൻപ് നികുതി ഘടന അറിഞ്ഞിരിക്കണം. ബാങ്കുകളിൽ സ്ഥിര നിക്ഷേപത്തിലെ പലിശ വരുമാനം സാമ്പത്തിക വർഷത്തിൽ 40,000 രൂപ കടന്നാലാണ് സ്രോതസിൽ നിന്നുള്ള നികുതി നൽകേണ്ടത്. എന്നാൽ ട്രഷറയിൽ സാമ്പത്തിക വർഷത്തിൽ പലിശ 5,000 രൂപ കടന്നാൽ സ്രോതസിൽ നിന്നുള്ള നികുതി നൽകണം. 10 ശതമാനം ടിഡിഎസ് ഈടാക്കിയാണ് അനുവദിക്കുക. പാന്‍കാര്‍ഡ് ഇല്ലെങ്കില്‍ 20 ശതമാനം നികുതി നൽകേണ്ടി വരും.

നിക്ഷേപകന്റെ സാമ്പത്തിക വർഷത്തിലെ നികുതി കണക്കാക്കി മാസത്തിൽ നൽകുന്ന പലിശയിൽ നിന്ന് നികുതി കുറച്ചാണ് പലിശ നൽകുക. വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുന്നില്ലെങ്കിൽ 60 വയസ് കഴിയാത്തവർ 15ജി ഫോമും 60 കഴിഞ്ഞവർ 60എച്ച് ഫോമും സമർപ്പിച്ചാൽ നികുതി ഈടാക്കില്ല. അക്കൗണ്ട് എടുക്കുമ്പോൾ തന്നെ ഫോം സമർപ്പിച്ചാൽ നികുതി ഈടാക്കുന്നത് ഒഴിവാക്കാം.

Back to top button
error: