പത്തനംതിട്ട: യു ഡി എഫില്‍ നിന്നും വിട്ടുപോയ കക്ഷികളേയല്ല, യു ഡി എഫില്‍ നിന്നും അകന്ന് പോയ വിഭാഗങ്ങളെയാണ് ആദ്യം തിരികെ എത്തിക്കേണ്ടതെന്ന് കെ മുരളീധരന്‍.
മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കാലാകാലങ്ങളിലായി യു ഡി എഫിനെ പിന്തുണയ്ക്കുന്നവരായിരുന്നു. ഒരു കാലത്ത് മുന്നാക്ക വിഭാഗങ്ങളുടെ പൂര്‍ണ പിന്തുണയും യു ഡി എഫിനായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയവരുമായി ആശയ വിനിമയം നടത്തണം. തെറ്റിദ്ധാരണകള്‍ മാറ്റി അവരുടെ കൂടെ പിന്തുണ ഉറപ്പാക്കാന്‍ സാധിച്ചാല്‍ പിന്നെ യു ഡി എഫ് വിപുലീകരണം കുറേക്കൂടി എളുപ്പമായിരിക്കും. ആ വോട്ടുകള്‍ തിരിച്ചുവരുമ്ബോള്‍ തന്നെ സ്വാഭാവികമായും കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ യു ഡി എഫിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫിലുണ്ടായിരുന്ന ഏത് കക്ഷി തിരിച്ച് വന്നാലും അവരെ സ്വാഗതം ചെയ്യണം. കാരണം അവര്‍ ചില തെറ്റിദ്ധാരണകളുടെ പേരില്‍ പോയവരാണ്. അങ്ങനെയുള്ളവര്‍ തിരികെ വരുമ്ബോള്‍ അവരുടെ മുന്നില്‍ നോ എന്‍ട്രി ബോര്‍ഡ് വെക്കരുത്.
പത്തനംതിട്ടയിലെ റാന്നി എന്ന് പറയുന്നത് സി പി എം കഴിഞ്ഞ 25 വര്‍ഷമായി കൈവശം വെച്ചുകൊണ്ടിരിക്കുന്ന സീറ്റാണ്. എന്നാല്‍ പുതിയ ഒരു ഘടകകക്ഷി വന്നപ്പോള്‍ അവര്‍ക്കു വിട്ടു കൊടുത്തു. 15 വര്‍ഷം സിറ്റിങ് സീറ്റായിരുന്ന ചാലക്കുടിയും അവര്‍ പുതിയ ഘടകകക്ഷി വന്നപ്പോള്‍ കൊടുത്തു.ഇത് യുഡിഎഫിന് ഒരു പാഠമാകണം- മുരളീധരൻ പറഞ്ഞു.