IndiaNEWS

കടലൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; രണ്ടാഴ്ചയ്ക്കിടെ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പ്ലസ് ടു വിദ്യാര്‍ത്ഥിനി

ചെന്നൈ: തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഇതോടെ രണ്ടാഴ്ചക്കിടെ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ എണ്ണം മൂന്നായി. പഠിക്കാനുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് കുട്ടി ആത്മഹത്യാക്കുറിപ്പ് പറയുന്നു. അമ്മ ശകാരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി അസ്വസ്ഥയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് കടലൂര്‍ എസ്പി ശക്തി ഗണേശന്‍ പറഞ്ഞു.

വിദ്യാര്‍ഥിനിയെ ഐ.എ.എസ്. ഉദ്യോഗസ്ഥയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനവും നല്‍കിയിരുന്നു. ഇതെല്ലാം വിദ്യാര്‍ഥിനിയെ സമ്മര്‍ദത്തിലാക്കിയെന്നും കഴിഞ്ഞദിവസം അമ്മ വഴക്ക് പറഞ്ഞത് കൂടുതല്‍ അസ്വസ്ഥയാക്കിയെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

തമിഴ്‌നാട് തിരുവള്ളൂരിനടുത്ത് കീഴ്‌ചേരിയല്‍ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മറ്റൊരു പ്ലസ് ടു വിദ്യാര്‍നിയെ സ്‌കൂള്‍ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സേക്രഡ് ഹാര്‍ട്ട്സ് എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കിയത്. ഇന്നലെ രാവിലെ സ്‌കൂളില്‍ എത്തിയ ശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയ കുട്ടി തിരികെ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

മരണത്തില്‍ ദുരൂഹത ആരോപിച്ച് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു ആദ്യം കുടുംബം. കേസന്വേഷണം ഏറ്റെടുത്ത സിബിസിഐഡി പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ സഹോദരന്റെ സാന്നിദ്ധ്യത്തിലാണ് നേരത്തേ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഈ കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തിരുവള്ളൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുരോഗമിക്കുകയാണ്.

കള്ളക്കുറിച്ചിയിലെ വിദ്യാര്‍ഥിനിയുടെ മരണത്തിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം നിരവധിപേര്‍ സ്‌കൂളിലേക്ക് എത്തിയെങ്കിലും ഇവരെയെല്ലാം പോലീസ് വഴിമധ്യേ തടഞ്ഞിരുന്നു. അടുത്ത ബന്ധുക്കളെ മാത്രമാണ് സ്‌കൂളിനകത്തേക്ക് പ്രവേശിപ്പിച്ചത്. കേസ് അന്വേഷിക്കുന്ന സിബിസിഐഡി സംഘവും പെണ്‍കുട്ടിയുടെ ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മൃതദേഹം ഏറ്റുവാങ്ങുമെന്ന് ബന്ധുക്കള്‍ ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഈ മാസം 13 ന് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത് വന്‍ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്‌കൂള്‍ ബസുകള്‍ തീവെച്ചുനശിപ്പിക്കുകയും ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തു. പഠനത്തിന്റെ പേരില്‍ അധ്യാപകരുടെ അമിത സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. ഇതിലെ അന്വേഷണം സി.ബി.സി.ഐ.ഡി.ക്ക് കൈമാറിയിട്ടുണ്ട്. സ്‌കൂളിലെ രണ്ട് അധ്യാപികമാര്‍ അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസം തമിഴ്നാട്ടിലെ വിഴുപുരത്ത് കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിക്രവാണ്ടിയിലെ ഫാര്‍മസി കോളേജിലാണ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി കോളേജ് കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. അച്ഛനും അമ്മയും ക്ഷമിക്കണമെന്ന കുറിപ്പെഴുതിവെച്ച ശേഷമാണ് പെണ്‍കുട്ടി കെട്ടിടത്തില്‍നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, ആത്മഹത്യയിലേക്ക് നയിക്കുന്ന ചിന്തകളില്‍നിന്ന് അകന്നുനില്‍ക്കണമെന്നു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു. കൗമാരക്കാരായ വിദ്യാര്‍ഥിനികളുടെ മരണങ്ങള്‍ ആവര്‍ത്തിക്കുന്നതിലുള്ള ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.

Back to top button
error: