KeralaNEWS

ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു; പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്

ആലപ്പുഴ: ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ആലപ്പുഴ കലക്ടറും ഭാര്യയുമായ രേണു രാജില്‍ നിന്നാണ് ശ്രീറാം ചുമതലയേറ്റത്. രേണു രാജിന് എറണാകുളം ജില്ലാ കലക്ടറായാണ് പുതിയ നിയമനം.

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ കലക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇന്ന് പതിനൊന്നരയോടെ കലക്ടറേറ്റിലെത്തി അദ്ദേഹം ചുമതലയേറ്റത്. കലക്ടറേറ്റിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രീറാമിനെ കരിങ്കൊടി കാണിച്ചു.

 

ജില്ലാ കലക്ടര്‍ എന്ന പദവിയിലേക്ക് നിയോഗിക്കപ്പെടുന്നത് ആദ്യമായാണെന്നും കാര്യങ്ങള്‍ പഠിച്ചശേഷം ചെയ്യേണ്ട മുന്‍ഗണനാവിഷയങ്ങള്‍ തീരുമാനിക്കുമെന്നും ചുമതലയേറ്റശേഷം ശ്രീറാം പറഞ്ഞു. ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തിരുന്ന സമയത്ത് ജില്ലയിലെ ആരോഗ്യമേഖലയെ കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ പ്രതിഷേധങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

അതേസമയം ശ്രീറാമിനെ കലക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. നിയമനത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലും പ്രതിഷേധ സമരം നടത്തുമെന്ന് കേരള മുസ്ലിം ജമാ അത്ത് പ്രഖ്യാപിച്ചു.

ശ്രീറാമിനെ നിയമനത്തിനെതിരെ കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ശ്രീറാമിന്റെ നിയമനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചിരുന്നു.

 

Back to top button
error: