താന്‍ കടന്നുപോയ കഠിനമായ രോഗാനുഭവം തുറന്ന് പങ്കുവയ്ക്കുകയാണ് യുവനടി ലിയോണ ലിഷോയ്. എന്‍ഡോമെട്രിയോസിസ് എന്ന സ്ത്രീകളെ ബാധിക്കുന്ന രോഗം, തന്നെ കാര്‍ന്നുതിന്നുവെന്ന് ലിയോണ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഗര്‍ഭപാത്രത്തിന്റെ അകത്തുള്ള കോശകലകള്‍ അസാധാരണമായി പുറത്തേക്ക് കൂടി വളരുന്ന അവസ്ഥയാണിത്. അണ്ഡാശയത്തിലും, അണ്ഡവാഹിനിക്കുഴലിലും, കുടലിലും വരെ ഈ കോശകലകളുടെ വളര്‍ച്ച പ്രകടമാക്കും.
കഠിനമായ ആര്‍ത്തവവേദനയാണിതിന്റെ പ്രധാന ലക്ഷണം. ഗുരുതരമായൊരു രോഗമായി കണക്കാക്കപ്പെടുന്നില്ലെങ്കില്‍ പോലും ഇതിന്റെ അനുബന്ധപ്രശ്‌നങ്ങള്‍ നിത്യജീവിതത്തെ ദോഷകരമായി ബാധിക്കുന്നത് മുതല്‍ ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥകളിലേക്ക് ക്രമേണ വളരാനും സാദ്ധ്യത ഉണ്ട്.
തനിക്ക് സാധാരണജീവിതം തന്നെ വേദന മൂലം രണ്ട് വർഷത്തോളം നഷ്ടമായെന്നാണ് ലിയോണ പറയുന്നത്. ഈ രോഗവുമായി ജീവിക്കുകയെന്നത് ഒരു വെല്ലുവിളിയാണെന്നും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രിയപ്പെട്ട ഡോക്ടറുടെയും സഹായത്തോടെയാണ് രോഗത്തെ അതിജീവിച്ചതെന്നും താരം പറയുന്നു. ഇക്കാരണം കൊണ്ട് തന്നെ സ്ത്രീകള്‍ കഠിനമായ ആര്‍ത്തവവേദനയെ അവഗണിക്കരുതെന്നാണ് ലിയോണ നല്‍കുന്ന മുന്നറിയിപ്പ്.