ഉടമയുടെ ആട്ടിന്‍കുട്ടിയെ നായ്ക്കളില്‍നിന്ന് രക്ഷിക്കുന്നതിനിടെ പൂവന്‍ കോഴി മരിച്ചു; പതിമൂന്ന് ചടങ്ങ് നടത്തി കുടുംബം: പാചകത്തിന് പ്രൊഫഷണല്‍ സംഘം, പങ്കെടുത്തത് 500 പേര്‍
ഫതന്‍പൂര്‍: മരിച്ച കോഴിയുടെ ആത്മാവിന് നിത്യശാന്തിക്കായി പതിമൂന്ന് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തി കുടുംബം. ഫതന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രതാപ്ഗഡ് ജില്ലയിലെ ബെഹ്ദൗള്‍ കാല ഗ്രാമത്തിലാണ് സംഭവം. ഡോ. സല്‍ക്‌റാം സരോജ് എന്നയാളാണ് ആര്‍ഭാടമായി പൂവന്‍കോഴിയുടെ പതിമൂന്ന് ചടങ്ങ് നടത്തിയത്. തന്റെ ഉടമയുടെ ആട്ടിന്‍കുഞ്ഞിനെ ഒരു തെരുവുനായയില്‍ നിന്നും രക്ഷിക്കുന്നതിനിടയിലാണ് ലാലി എന്ന പൂവന്‍കോഴിക്ക് ജീവന്‍ നഷ്ടപ്പെട്ടത്.
ഡോ. സല്‍ക്‌റാം സരോജ് പറയുന്നതനുസരിച്ച് ജൂലൈ ഏഴിന് അയാളുടെ ആട്ടിന്‍കുട്ടി വീടിന്റെ പിറകുവശത്തുള്ള തോട്ടത്തിലായിരുന്നു. അപ്പോള്‍ അത് കണ്ടുകൊണ്ട് ലാലിയും അവിടെ ഉണ്ടായിരുന്നു. ‘ഞങ്ങള്‍ വീട്ടുകാരെല്ലാം വീടിന്റെ മുന്‍വശത്തിരിക്കുകയായിരുന്നു.
അപ്പോഴാണ് പിന്നില്‍ നിന്നും ഒരു ശബ്ദം കേട്ടത്. എല്ലാവരും ഓടി പിന്നിലേക്ക് എത്തി. അപ്പോഴാണ് ഒരു തെരുവുനായ വീടിന്റെ പിന്‍വശത്തേക്ക് കടന്നതായി കാണുന്നത്. അത് ആട്ടിന്‍കുട്ടിയെ അക്രമിച്ചു. ലാലി അപ്പോള്‍ തന്നെ അങ്ങോട്ട് പറന്നു ചെന്നു. ആട്ടിന്‍കുട്ടിയെ രക്ഷിക്കാനായി നായയുമായി ഏറ്റുമുട്ടി. അത് നായയെ പിന്തുടര്‍ന്നു. ആ സമയം മറ്റ് നായകള്‍ ലാലിയെ അക്രമിച്ചു. അതിന് വലിയ പരിക്ക് പറ്റി’, തുടര്‍ന്ന് ജൂലൈ എട്ടിന് ലാലി ചത്തുപോയി – അദ്ദേഹം ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അവനെ വീടിന്റെ അടുത്ത് തന്നെ അടക്കുകയും ഒരു കുടുംബാംഗം മരിച്ചാല്‍ എന്തൊക്കെ ചടങ്ങുകള്‍ ചെയ്യുമോ അതെല്ലാം ചെയ്യുകയും ചെയ്തു. അങ്ങനെയാണ് പതിമൂന്നാം നാളും ആചരിക്കാന്‍ തീരുമാനിക്കുന്നത്. കുടുംബാംഗങ്ങളെല്ലാം അത് അംഗീകരിക്കുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. ലാലിയെ വെറുമൊരു കോഴി എന്നതിനും അപ്പുറം കുടുംബത്തിലെ ഒരംഗമായിട്ടാണ് എല്ലാവരും കാണുന്നത്. ലാലിയുടെ വിയോഗം കുടുംബത്തില്‍ എല്ലാവരെയും വലിയ വേദനയില്‍ ആഴ്ത്തിയിട്ടുണ്ട് എന്ന് കുടുംബം തുറന്ന് പറയുന്നു.
റിപ്പോര്‍ട്ട് പ്രകാരം വലിയ തരത്തിലാണ് ലാലിയുടെ പതിമൂന്ന് ആചരിച്ചത്. 500 ലധികം പേരാണ് പതിമൂന്നിന് പങ്കെടുത്തത്. അതിന് വേണ്ടി നിരവധി വിഭവങ്ങള്‍ ഒരുക്കി. പ്രൊഫഷണലായിട്ടുള്ള പാചകക്കാരാണ് ഭക്ഷണമൊരുക്കാനെത്തിയത്. അവര്‍ അതിന് പണം പോലും വാങ്ങിയില്ല. ഇത്രയും അപൂര്‍വമായൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാഗ്യമുണ്ടായല്ലോ എന്നാണത്രെ അവര്‍ പറഞ്ഞത്.