കോഴിക്കോട്: നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയെന്നപേരില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബസ് ഫറോക്ക് ചുങ്കത്തെ വര്‍ക്ക്ഷോപ്പില്‍ നിന്നാണ് പിടിച്ചെടുത്തത്. ഇന്ന് വൈകുന്നേരത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.
ആറ് മാസത്തെ നികുതി കുടിശ്ശികയാണ് അടയ്ക്കാനുള്ളത്. കുടിശികയുള്ള നികുതിയും അതിന്റെ പിഴയും അടച്ചാല്‍ മാത്രമേ വാഹനം വിട്ടുനല്‍കൂവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. പിഴയും നികുതിയും ഉള്‍പ്പെടെ നാല്‍പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ അടക്കേണ്ടത്. ആര്‍ടിഒയുടെ നിര്‍ദ്ദേശ പ്രകാരം ഫറൂക്ക് ജോയിന്റ് ആര്‍ടിഒ ഉള്‍പ്പെട്ട സംഘമാണ് ബസ് കസ്റ്റഡിയില്‍ എടുത്തത്.
വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയുടെ നടപടി സംസ്ഥാനത്ത് വന്‍ ചര്‍ച്ചയായിരിക്കുന്ന ഘട്ടത്തിലാണ് ഇന്‍ഡിഗോയുടെ ബസ് പിടികൂടിയിരിക്കുന്നത് എന്നതിനാല്‍ സംഭവം ഏറെ ശ്രദ്ധേയമായി.
ഇ.പി. ജയരാജനെതിരായ വിലക്കിനെ തുടര്‍ന്ന് ഇന്‍ഡിഗോ കമ്പനിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ട്രോളുകളും കമന്റുകളുമായി മലയാളികള്‍ ഇന്നലെ പൊങ്കാല നടത്തുകയും ചെയതിരുന്നു. ഈ വിവാദങ്ങളെല്ലാം സജീവമായിരിക്കെയാണ് ഇപ്പോള്‍ കമ്പനിയുടെ ബസ് പിടിച്ചെടുത്ത വാര്‍ത്ത പുറത്തുവരുന്നത്. ഇതിന്റെ ചുവടു പിടിച്ച് സര്‍ക്കാര്‍ പ്രതികാര നടപടി ആരംഭിച്ചിരിക്കുകയാണ് എന്ന വാദവുമായി പ്രതിപക്ഷം രംഗത്തെത്താനും സാധ്യതയുണ്ട്.