ന്യൂഡല്‍ഹി: പ്രവാചകനിന്ദാ വിവാദത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ബി.ജെ.പി. മുന്‍വക്താവ് നൂപുര്‍ ശര്‍മയുടെ അറസ്റ്റ് അടുത്ത മാസം 10 വരെ തടഞ്ഞ് സുപ്രീം കോടതി.
അറസ്റ്റ് തടയണമെന്നും രാജ്യത്തിന്റെ പലഭാഗത്തായി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകള്‍ ഒന്നായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് നൂപുര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒന്‍പത് എഫ്.ഐ.ആറുകള്‍ ഒന്നായി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട നൂപുറിന്റെ ഹര്‍ജി ഓഗസ്റ്റ് പത്തിന് കോടതി പരിഗണിക്കും.
നൂപുറിനെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകള്‍ ഒന്നാക്കുന്നതില്‍ അഭിപ്രായം അറിയിക്കാന്‍ ഡല്‍ഹി, കര്‍ണാടക, തെലങ്കാന, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഉത്തര്‍ പ്രദേശ്, ജമ്മു കശ്മീര്‍, അസം സംസ്ഥാനങ്ങളോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
നുപുര്‍ ശര്‍മയ്ക്ക് വിവിധ ഹൈക്കോടതികളെ സമീപിക്കാനുള്ള സാഹചര്യമില്ലെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. നുപുര്‍ ശര്‍മയെ വധിക്കാന്‍ പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ടുകളുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, അറസ്റ്റില്‍ നിന്ന് നല്‍കിയ താല്‍ക്കാലിക സംരക്ഷണം ഭാവിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ക്കും ബാധകമാണെന്ന് വ്യക്തമാക്കി.