KeralaNEWS

പി.സി ജോർജ് എം.എം മണിക്ക് സ്ത്രീശാക്തീകരണത്തെക്കുറിച്ചും സഭ്യമായ ഭാഷയെക്കുറിച്ചും പരസ്പര ബഹുമാനത്തെക്കുറിച്ചും ക്ലാസെടുക്കുന്നു

   കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഈരാറ്റുപേട്ടയിലെ ഇലക്ടിസിറ്റി ഓഫീസിൽ കയറി പി.സി ജോർജ് എം.എൽ.എ ഒരു സാരോപദേശപ്രസംഗം നടത്തി. അവിടം മുതൽ കഴിഞ്ഞ ആഴ്ച വനിതാ മാധ്യമ പ്രവർത്തകയോടു ഗുണപാഠം നടത്തിയതു വരെ പി.സി ജോർജിൻ്റെ സഭ്യവും ശാന്തവും സൗമ്യവുമായ പെരുമാറ്റങ്ങൾ മലയാളി വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് എം.എം മണി എം.എൽ.എ നിയമസഭയിൽ കെ.കെ രമയെക്കുറിച്ച് രൂക്ഷമായ ചില പരാമർശങ്ങൾ നടത്തിയത്. പി സി ജോർജിൻ്റെ ചോര തിളച്ചു.
ഉടൻ പ്രതികരണവുമായി രംഗത്തെത്തി.

എങ്ങനെ കഴിയുന്നു മണിയാശാനേ നിങ്ങൾക്ക് ഇങ്ങനെയൊക്കെ പറയാൻ… എന്നാണ് പി സി ജോർജ് ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം :

എങ്ങനെ കഴിയുന്നു മണിയാശാനേ നിങ്ങൾക്ക് ഇങ്ങനെയൊക്കെ പറയാൻ.……?
ടി.പി. വധത്തോട് അനുബന്ധിച്ച് കേരളത്തിൽ നടന്ന കോലാഹലങ്ങളെ വഴിതിരിച്ചുവിടാൻ അന്ന്, ’ഞങ്ങൾ വെട്ടി കൊന്നിട്ടുണ്ട്, വെടിവെച്ചു കൊന്നിട്ടുണ്ട്, ബോംബ് എറിഞ്ഞ് കൊന്നിട്ടുണ്ട് ‘ എന്ന് വിവാദ പ്രസ്താവന നടത്തി കൊലപാതക കേസിൽ പ്രതിചേർക്കപ്പെട്ട് വിചാരണ നേരിട്ട വ്യക്തിയാണ് താങ്കൾ. ജീവിത പോരാട്ടങ്ങളുടെ കനൽ ചൂടിൽ നിന്നും ഉദിച്ചുയർന്ന് കേരള നിയമസഭയിലെത്തിയ ആ സ്ത്രീ സീതാദേവിയ്ക്ക് തുല്യയാണ്. അവരുടെ മുഖത്തുനോക്കി വിധവ എന്ന് വിളിക്കാൻ, അതിന് കാരണക്കാരായ നിങ്ങൾ തന്നെ അത് വിളിക്കുമ്പോൾ എനിക്ക് ഒന്നേ ചോദിക്കാൻ കഴിയുന്നുള്ളൂ, നിങ്ങൾക്ക് ഇത് എങ്ങനെ കഴിയുന്നു ?

സ്ത്രീ ശാക്തീകരണം,എന്നും സ്ത്രീ സമത്വം എന്നും പറഞ്ഞ് സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്തുന്നു എന്ന് പ്രതീതി സൃഷ്ടിക്കുന്ന നിങ്ങൾക്ക് സിനിമാ സംഘടനയിലെ സ്ത്രീകളെ കണ്ടാൽ മാത്രമേ സ്ത്രീകളായി കണക്കാക്കുകയുള്ളോ,അതോ രമ സ്ത്രീ വർഗ്ഗത്തിൽപ്പെട്ട ആളല്ല എന്നാണോ നിങ്ങളുടെ നിഗമനം…? നിങ്ങളും നിങ്ങളുടെ പ്രസ്ഥാനവും കാലഹരണപ്പെട്ടു കഴിഞ്ഞു. കാലത്തിന്റെ യവനികക്കുള്ളിൽ നിങ്ങളുടെ പ്രസ്ഥാനം മറയപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. അതിന്റെ സൂചനകളാണ് നിങ്ങൾ ഇപ്പോൾ കാണിച്ചു കൂട്ടുന്നത്.

മുഖ്യധാരാ രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ എന്നും പിണറായിയുടെ ആയുധമായിരുന്നു താങ്കൾ. അതാണ് ലക്ഷ്യമെങ്കിൽ പോലും ഈ പറഞ്ഞത് കടുത്തു പോയി ശ്രീ.എം എം മണി.
ദൈവം ഇല്ലെന്നു വിശ്വസിക്കുന്ന നിങ്ങളോട് ദൈവമുണ്ടെന്ന് വിശ്വസിക്കുന്ന ഞാൻ പറയുന്നു ഇതിനുള്ള ദൈവ ശിക്ഷ നിങ്ങൾക്ക് ഉണ്ടാകും.അത് ജനവിധിയിലൂടെ ആണെങ്കിൽ അങ്ങനെ അല്ലാതാണെങ്കിൽ അങ്ങനെ…”

Back to top button
error: