ദുബൈ: ഈ വര്‍ഷത്തെ ആദ്യ പകുതിയിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ അപേക്ഷിച്ച് വിലയിലും വലിയ വര്‍ദ്ധനവാണുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അപ്പാര്‍ട്ട്മെന്റുകളുടെ വിലയിലും ഇത് പ്രതിഫലിക്കുന്നുണ്ട്. 2009ന് ശേഷമുള്ള ഏറ്റവും മികച്ച നിലയിലാണ് ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് രംഗം ഇപ്പോള്‍.
കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് കണക്കുകള്‍. ആഡംബര ഏരിയകളിലാണ് ഉയര്‍ന്ന മൂല്യത്തിനുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടക്കുന്നത്. പാം ജുമൈറയാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. ഇവിടെ നടന്ന മൂന്ന് ഇടപാടുകളിലൂടെ 170 കോടിയിലധികം രൂപയുടെ ക്രയവിക്രയം നടന്നിട്ടുണ്ട്. വില്ലകളുടെയും അപ്പാര്‍ട്ട്മെന്റുകളുടെയും കൂട്ടത്തില്‍ ഉയര്‍ന്ന മൂല്യത്തിനുള്ള ഇടപാട് നടന്നത് ബുര്‍ജ് ഖലീഫയിലാണ്. ഒരു അപ്പാര്‍ട്ട്മെന്റ് മാത്രം 1400 കോടിയിലധികം രൂപയ്‍ക്ക് ഇവിടെ വിറ്റുപോയി. ഗോള്‍ഡന്‍ വിസ ഉള്‍പ്പെടെയുള്ള ആകര്‍ഷണങ്ങളും ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് പിന്നിലുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
20 ലക്ഷം ദിര്‍ഹത്തിന് മുകളില്‍ മൂല്യമുള്ള വസ്‍തു സ്വന്തമായിട്ടുള്ളവര്‍ 10 വര്‍ഷത്തെ കാലാവധിയുള്ള ഗോള്‍ഡന്‍ വിസയ്‍ക്ക് യോഗ്യത നേടും. പല റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരും ഇത്തരത്തില്‍ സൗജന്യ ഗോള്‍ഡന്‍ വിസ ഉള്‍പ്പെടെയുള്ള ഓഫറുകളും മുന്നോട്ടുവെയ്‍ക്കുന്നുണ്ട്. നാല്‍പത് ശതമാനത്തോളം ഉപഭോക്താക്കളും ഗോള്‍ഡന്‍ വിസ ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള ഇടപാടുകള്‍ക്ക് തയ്യാറാവുന്നുമുണ്ടെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അനുഭവം.