ദില്ലി: വനിതാ അധ്യാപകർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ദില്ലി സർവകലാശാലയിലെ പ്രൊഫസറെ സസ്പെൻഡ് ചെയ്തു. കോളേജ് ഓഫ് വോക്കേഷണൽ സ്റ്റഡീസിലെ അധ്യാപകൻ മൻമോഹൻ ബാസിനെതിരെയാണ് സർവകലാശാലയുടെ നടപടി. സർവകലാശാല ഗവേണിംഗ് ബോഡി എടുത്ത തീരുമാനത്തിന് വിസി യോഗേഷ് സിങ്ങ് അംഗീകാരം നൽകി.
മൂന്ന് വനിതാ അധ്യാപകരാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഇവരുടെ പരാതിയിൽ സർലകലാശാല നടത്തിയ അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന് തുടർന്നാണ് നടപടി.ജൂൺ 25 ന് ബാസിനെ ഗവേണിംഗ് ബോഡിയുടെ തീരുമാനത്തെ തുടർന്ന് കോളജിന്റെ നടത്തിപ്പ് ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. അന്വേഷണ സമിതിക്ക് മുൻപാകെ ബാസിൻ സമർപ്പിച്ച വിശദീകരണം തൃപ്തികരമല്ലെന്നും വ്യക്തമായ തെളിവുണ്ടെന്നും സർവകലാശാല കണ്ടെത്തിയിരുന്നു.
തുടർന്ന് ഇതിൽ നടപടി സ്വീകരിക്കാൻ സർവകലാശാല വിസിക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, തനിക്ക് അത്തരത്തിലുള്ള സസ്പെൻഷൻ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അതിനാൽ എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനാകില്ലെന്നും ഭാസിൻ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. അധ്യാപകനെതിരെ മറ്റു നിയമനടപടികൾ തുടരുമെന്ന് സർലകലാശാല വൃത്തങ്ങൾ വ്യക്തമാക്കി.
രാംജാസ് കോളേജിലെ ഒരാളും വൊക്കേഷണൺ സ്റ്റഡീസിലെ രണ്ട് അധ്യാപികമാരും അദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമക്കേസ് ഫയൽ ചെയ്തതിനെ തുടർന്നാണ് ഗവേണിംഗ് ബോഡി ആഭ്യന്തര പരാതി കമ്മിറ്റി രൂപീകരിച്ചത്. കേസന്വേഷണത്തിൽ ഇടപെടാൻ തുടങ്ങിയ ഇയാൾ അധ്യാപക-അനധ്യാപക ജീവനക്കാരോട് മോശമായി പെരുമാറിയെന്നും, അതിനാലാണ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാൻ ഭരണസമിതി തീരുമാനിച്ചതെന്നും സർവകലാശാലയിലെ പ്രൊഫസറെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നേരത്തെ അധ്യാപകന്റെ അതിക്രമങ്ങളെ കുറിച്ചുള്ള പരാതി ദേശീയ വനിതാ കമ്മീഷനും ലഭിച്ചരുന്നു.
രണ്ട് സഹപ്രവർത്തകരെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കോളേജ് ഓഫ് വൊക്കേഷണൽ സ്റ്റഡീസിലെ ഒരു അധ്യാപിക നൽകിയ പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ വൈസ് ചാൻസലർക്ക് കത്തെഴുതിയിരുന്നു. നടപടി സ്വീകരിച്ചതിന്റെ റിപ്പോർട്ട് എത്രയും വേഗം അയയ്ക്കാൻ വി.സിയോട് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.