ഉത്തർപ്രദേശിലെ ലുലു മാളിനെതിരെ ഹിന്ദുത്വ സംഘടനകൾ
ലക്നൗ : ഉത്തര്‍പ്രദേശിലെ ലഖ്നൌവില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ലുലു മാളിനെതിരെ വിദ്വേഷ പ്രചരണവുമായി ഒരു വിഭാഗം ഹിന്ദുത്വ സംഘടനകള്‍.
നിസ്കരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വിദ്വേഷ പ്രചരണം.ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദിയാണ് ഇത് സംബന്ധിച്ച വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
‘ലുലു മാളിലെ തുറന്ന സ്ഥലത്ത് വെച്ചാണ് ആളുകള്‍ നമസ്‌കരിച്ചത്. മാളില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചുവെന്നാണ് ഈ വീഡിയോ തെളിയിക്കുന്നത്. പൊതു ഇടങ്ങളില്‍ നമസ്‌കരിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.’- ശിശിര്‍ ചതുര്‍വേദി വ്യക്തമാക്കി.
എല്ലാ ഹിന്ദുക്കളോടും മാള്‍ ബഹിഷ്‌കരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിക്കുമെന്നും ചതുര്‍വേദി പറഞ്ഞു. വൈറലായ വീഡിയോ അടിസ്ഥാനമാക്കി ലുലു മാളിനെതിരെ സംഘടന ലക്നൗ പോലീസില്‍ രേഖാമൂലം പരാതിയും നല്‍കിയിട്ടുണ്ട്.
ജൂലൈ 10 ന് ഞായറാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥായിരുന്നു മാള്‍ ഉദ്ഘാടനം ചെയ്തത്. 2.2 ദശലക്ഷം ചതുരശ്ര അടിയില്‍ 11 നിലകളുള്ള പാര്‍ക്കിംഗ് സ്ഥലമുള്ള 300 റീട്ടെയില്‍ ഷോപ്പുകളുള്ള മാള്‍ തിങ്കളാഴ്ച ഒരു ലക്ഷം പേര്‍ സന്ദര്‍ശിച്ചതായാണ് കണക്ക്.