പാട്യാല: പ്രശസ്ത ഗായകന്‍ ദലേര്‍ മെഹന്ദിക്ക് മനുഷ്യക്കടത്ത് കേസില്‍ രണ്ടുവര്‍ഷം തടവു വിധിച്ച് പാട്യാല കോടതി. ഗായകസംഘത്തിലെ അംഗങ്ങളെന്ന വ്യാജേന വിദേശത്തേക്ക് ആളുകളെ എത്തിച്ചെന്നാണ് കേസ്. ശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഗായകന്റെ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തു.
ദലേര്‍ മെഹന്ദിയും സഹോദരന്‍ ഷംഷേര്‍ സിങ്ങും ‘ട്രൂപ്പ്’ വഴി അനധികൃതമായി ആളുകളെ വിദേശത്തേക്ക് അയയ്ക്കാന്‍ പണം കൈപ്പറ്റിയെന്നാണ് ആരോപണം. ഇന്ത്യന്‍ പാസ്പോര്‍ട്ട് നിയമത്തിനുപുറമെ മനുഷ്യക്കടത്ത്, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2018-ല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ഇരുവര്‍ക്കും രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും ജാമ്യത്തില്‍ പുറത്തിറങ്ങി അപ്പീലുകള്‍ നല്‍കുകയായിരുന്നു.
അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി എച്ച്. എസ് ഗ്രെവാളാണ് ദലേര്‍ മെഹന്ദിയുടെ അപ്പീല്‍ തള്ളിയത്. പ്രൊബേഷനില്‍ വിട്ടയക്കണമെന്ന അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയും തള്ളിയതിനാല്‍ ദലേര്‍ മെഹന്ദിയെ പട്യാല ജയിലിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. അതേസമയം അദ്ദേഹത്തിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ പോകാനുള്ള അവസരമുണ്ട്.
1998, 1999 വര്‍ഷങ്ങളില്‍ മെഹന്ദി സഹോദരന്മാര്‍ രണ്ട് ട്രൂപ്പുകളെ യുഎസിലേക്ക് കൊണ്ടുപോയിരുന്നു. ഈ സമയത്ത് 10 പേരെ ഗ്രൂപ്പ് അംഗങ്ങളായി കാണിച്ച് അവരെ കുടിയേറാന്‍ സഹായിക്കുകയായിരുന്നുവെന്ന് ആരോപിച്ച് പട്യാല സദര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ബക്ഷീഷ് സിംഗ് എന്ന വ്യക്തിയുടെ പരാതിയിലെടുത്ത ഈ എഫ്ഐആറിന് ശേഷം മെഹന്ദി സഹോദരങ്ങള്‍ക്കെതിരെ 35 പരാതികള്‍ കൂടി ഉയര്‍ന്നിരുന്നു.
മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ദലേര്‍ മെഹന്ദി കുറ്റക്കാരനല്ലെന്ന് ലോക്കല്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഇദ്ദേഹത്തിനെതിരെ വിശദമായ തുടരന്വേഷണം നടത്താന്‍ മതിയായ തെളിവുകളുണ്ടെന്ന് പറഞ്ഞ് കോടതി ഈ റിപ്പോര്‍ട്ട് തള്ളുകയായിരുന്നു. കേസില്‍ ശിക്ഷ വിധിക്കാന്‍ 12 വര്‍ഷം വേണ്ടി വന്നു. പിന്നെയും നാല് വര്‍ഷങ്ങള്‍കൂടിയെടുത്താണ് ഇപ്പോള്‍ ദലേര്‍ മെഹന്ദിയുടെ അപ്പീല്‍ തള്ളിയത്.