IndiaNEWS

ഹിജാബ് നിരോധനം: ഹര്‍ജികള്‍ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യമെന്ന് പ്രശാന്ത് ഭൂഷണ്‍

ദില്ലി: കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധനത്തിനെതിരേയുള്ള വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച് മാര്‍ച്ച് 15-ന് കര്‍ണാടക ഹൈക്കോടതി ഇറക്കിയ ഉത്തരവിനെതിരേ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, സമസ്ത തുടങ്ങിയ സംഘടനകളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹര്‍ജികള്‍ മാര്‍ച്ചില്‍ കോടതിയില്‍ എത്തിയതാണെന്നും ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യമാണെന്നും ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഹര്‍ജികള്‍ അടുത്ത ആഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്.

ഹിജാബ് ഇസ്ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം.
ഹിജാബ് അനുവദിക്കാത്തതിന്റെ പേരില്‍ മംഗളുരു സര്‍ക്കാര്‍ കോളേജിലെ 20 വിദ്യാര്‍ത്ഥിനികള്‍ ബിരുദ പഠനം അവസാനിപ്പിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഒരു കാരണവശാലും ഹിജാബ് അനുവദിക്കില്ലെന്നാണ് കോളേജ് അധികൃതര്‍ ചൂണ്ടികാട്ടുന്നത്.

വര്‍ഷങ്ങളായി ഹിജാബ് ധരിച്ചാണ് എത്തുന്നതെന്നും മൗലികാവകാശങ്ങളുടെ ഭാഗമെന്നും ചൂണ്ടിക്കാട്ടി മംഗളുരു ജില്ലാ വിദ്യാഭ്യാസ വകുപ്പിന് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയെങ്കിലും തള്ളിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക ഇളവ് നല്‍കാനാകില്ലെന്നാണ് കോളേജ് അധികൃതരുടെ നിലപാട്.

 

Back to top button
error: