മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം പൂർണ സജ്ജമെന്ന് റവന്യൂ മന്ത്രി കെ രാജന്. 3071 കെട്ടിടങ്ങള്‍ പുനരധിവാസ ക്യാമ്പുകള്‍ക്കായി കണ്ടെത്തിയിട്ടുണ്ട്. നാല് ലക്ഷത്തിലധികം പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ഈ കെട്ടിടങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാവാനുള്ള സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മഴക്കാല തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാ കലക്ടര്‍മാരുടെ ഓൺലൈൻ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ സംസ്ഥാനത്ത് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 23 കുടുംബങ്ങൾ ഉൾപ്പടെ 69 പേരുണ്ട്. ദുരന്തനിവാരണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ, താലൂക്ക് അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. അടിയന്തര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വില്ലേജ് ഓഫീസര്‍മാര്‍ക്ക് 25000 രൂപ അഡ്വാൻസായി നല്കാൻ പ്രത്യേക ഉത്തരവിറക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.