IndiaNEWS

ശിക്ഷിക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ അറിയിക്കൂ… ഇലക്ട്രിക് വണ്ടികളുടെ തീപിടിത്തത്തില്‍ വിശദീകരണം തേടി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഇവി(ഇലക്ട്രിക് വെഹിക്കിള്‍)കള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിര്‍മാണക്കമ്പനികളോട് വിശദീകരണം തേടി കേന്ദ്രം. ഒല ഇലക്ട്രിക്ക്, ഒഖിനാവ, പ്യുവര്‍ ഇവി എന്നീ കമ്പനികള്‍ക്ക് കേന്ദ്രം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായാണ് റിപ്പോര്‍ട്ട്.

തകരാര്‍ ഉള്ള ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്നതില്‍ ശിക്ഷാ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം എന്തെങ്കിലും ബോധിപ്പിക്കാന്‍ ഉണ്ടോ എന്നു ചോദിച്ചാണ് കേന്ദ്രം അവര്‍ക്ക് നോട്ടീസ് നല്‍കിയത് എന്ന് എക്‌സ്പ്രസ് മൊബൈലിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ച് ചില സന്ദര്‍ഭങ്ങളില്‍ ജീവഹാനി വരുത്തിയതിന് എന്തുകൊണ്ട് ശിക്ഷിക്കപ്പെടരുതെന്ന് വിശദീകരിക്കാനാണ് കമ്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടത് എന്ന് എച്ച്ടി ഓട്ടോയും റിപ്പോര്‍ട്ട് ചെയ്യുന്നു.

Signature-ad

നോട്ടീസുകള്‍ക്ക് മറുപടി നല്‍കാന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ക്ക് ജൂലൈ അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇവി നിര്‍മ്മാതാക്കളുടെ പ്രതികരണത്തിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവും കാത്തിരിക്കുകയാണ്. ആവശ്യമെങ്കില്‍ അവര്‍ക്കെതിരെ എന്ത് ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും.

അതേസമയം, അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ചതിനാല്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കാനാകാത്ത ബാറ്ററികള്‍ തകരാറിലായതാണ് ഈ തീപിടിത്തങ്ങള്‍ക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. പ്യുവര്‍ ഇവി, ബൂം മോട്ടോഴ്സ് നിര്‍മ്മിച്ച ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഏപ്രിലില്‍ തീപിടിത്തത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ) കഴിഞ്ഞ മാസം നോട്ടീസ് അയച്ചിരുന്നു. തീപിടിത്തമുണ്ടായ എല്ലാ ഇവികളിലും ബാറ്ററി സെല്ലുകളും ഡിസൈനും തകരാറില്‍ ആണെന്നാണ് സര്‍ക്കാര്‍ അന്വേഷണത്തിന്റെ പ്രാഥമിക കണ്ടെത്തല്‍.

ഇതേ വിഷയത്തില്‍ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ രണ്ട് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിരുന്നു. തീപിടിത്തത്തില്‍ ഉള്‍പ്പെട്ട ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളില്‍ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവി തീപിടുത്തങ്ങള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനും സമാനമായ പ്രശ്‌നങ്ങള്‍ കണ്ടെത്തി. ഒല ഇലക്ട്രിക്ക്, ഒഖിനാവ ഓട്ടോടെക്ക്, പ്യുവര്‍ ഇവി, ജിതേന്ദ്ര ഇലക്ട്രിക്ക് വെഹിക്കിള്‍സ്, ബൂം മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികള്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ ‘ചിലവ് കുറയ്ക്കാന്‍ കുറഞ്ഞ ഗ്രേഡ് മെറ്റീരിയലുകള്‍’ ആണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

വൈദ്യുത ഇരുചക്രവാഹനങ്ങളുടെ ബാറ്ററി മാനേജ്മെന്റ് സംവിധാനങ്ങള്‍ (ബിഎംഎസ്) നിലവാരമില്ലാത്തതാണെന്നും അമിതമായി ചൂടാകുന്ന സെല്ലുകള്‍ക്ക് ഊര്‍ജം പുറത്തുവിടാനുള്ള ‘വെന്റിങ് മെക്കാനിസം’ കുറവാണെന്നും കമ്മിറ്റികള്‍ അറിയിച്ചു. അന്വേഷണത്തില്‍ നിന്നുള്ള സുരക്ഷാ ശുപാര്‍ശകള്‍ ഇവി കമ്പനികള്‍ക്ക് അയച്ചു. ”അവ വേഗത്തില്‍ ക്രമീകരിക്കാന്‍ കമ്പനികളെ ഉപദേശിച്ചിട്ടുണ്ട്. ഈ പരാജയങ്ങള്‍ക്ക് അവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കരുതെന്ന് വിശദീകരിക്കാനും ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്, ‘ ഒരു ഉന്നതോദ്യോഗസ്ഥനെ ഉദ്ദരിച്ച് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടാതെ, ഈ വാഹനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി ഇലക്ട്രിക് വാഹന ഒഇഎമ്മുകള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ സജീവമായി പുറത്തിറക്കുന്നുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) അടുത്തിടെ ‘ഇലക്ട്രോണിക് വാഹന ബാറ്ററികള്‍ക്കായുള്ള പ്രകടന മാനദണ്ഡങ്ങള്‍’ പ്രസിദ്ധീകരിച്ചു. കൂടാതെ, മുന്‍കരുതല്‍ നടപടിയായി ഇ-സ്‌കൂട്ടറുകള്‍ തിരിച്ചുവിളിക്കുന്ന കാര്യം സ്വമേധയാ പ്രഖ്യാപിക്കാന്‍ നിതി ആയോഗ് ഇവി നിര്‍മ്മാതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന്, ഇന്നുവരെ 7,000-ലധികം ഇ-സ്‌കൂട്ടറുകള്‍ തിരിച്ചുവിളിക്കാന്‍ ഒഇഎമ്മുകള്‍ക്ക് കഴിഞ്ഞു.

അതിനിടെ, ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹന വ്യവസായം അതിവേഗം വളരുകയാണ്. അതിലുപരി ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗവും വന്‍ വളര്‍ച്ചയിലാണ്. നിലവില്‍ ആകെ സ്‌കൂട്ടറുകളില്‍ രണ്ട് ശതമാനം മാത്രമാണ് വൈദ്യുതി സ്‌കൂട്ടറുകള്‍. 2030 ആകുമ്പോഴേക്കും ഇത് 80 ശതമാനമാകുമെന്നാണ് പ്രതീക്ഷ.

 

 

Back to top button
error: