NEWS

മലയാളിയും തോർത്തും തമ്മിലുള്ള ഇഴയടുപ്പം ; അ’തോർത്ത്’ എഴുതുന്നു

ലയാളിയുടെ ഒഴിച്ചു കൂടാനാവാത്ത ഒരു തുണിക്കഷണം.അതിനെ വ്യാപകമായി തോർത്ത് എന്ന് വിളിക്കുന്നു.
വെള്ള നിറത്തിലുള്ള തോർത്ത്
പിന്നീട് അത് പല കളറുകളിലും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്
രാജാവെന്ന് സ്വയം തോന്നലുണ്ടായാൽ തോർത്തുമുണ്ടിട്ട് നടക്കാം എന്നാണ് ശാസ്ത്രം പറയുന്നത്.
ജാള്യതയും നാണക്കേടുമൊക്കെ തോന്നിയാൽ തോർത്ത് തല വഴി മൂടിയും നടക്കാമത്രേ..
മലയാളിയുടെ പ്രിയപ്പെട്ട മേൽമുണ്ടായ തോർത്തിന് അങ്ങനെ ചില പ്രത്യേകതകളുണ്ട്.
തോർത്ത് തലയിൽ വട്ടം കെട്ടിയാൽ ചട്ടമ്പിയാകാം.
അരയിൽ കെട്ടിയാൽ വിധേയനും.
തോർത്ത് തലക്കെട്ടാക്കിയാൽ മുതലാളിയാകാം.
ഉടുവസ്ത്രമാക്കിയാൽ തൊഴിലാളിയും .
തലയിൽ കെട്ടിയ തോർത്ത് അഴിച്ച് ആദരവ് പ്രകടിപ്പിക്കാം.
അരയിൽ ഉടുത്ത തോർത്തഴിച്ച് അശ്ലീലവും.
തോർത്ത് രണ്ടു തരം ഉണ്ടെന്നാണ് പറയുന്നത്.
രണ്ടു നൂലുകൾ ചേർത്ത് നെയ്യുന്ന ഈരേഴ തോർത്തും, ഒറ്റ നൂൽ മാത്രം ഉപയോഗിച്ചു ചെയ്യുന്ന സാധാരണ തോർത്തും.
(പാണ്ടി തോർത്ത് എന്നൊരിനവുമുണ്ട്)
തോർത്ത്  തെങ്ങിലും കമുകിലും കയറാനുള്ള താൽക്കാലിക തളപ്പാക്കാം.
ചുമടെടുക്കുമ്പോൾ തലയിൽ താങ്ങാക്കാം.
ഈരേഴ തോർത്തുകൊണ്ട് വേണമെങ്കിൽ പരൽ മീനെ പിടിച്ചും കളിക്കാം.
തോർത്ത് കുളിക്കാനും മുഖം തുടയ്ക്കാനും ഉപയോഗിക്കാം. കുളി കഴിഞ്ഞ് മുടിയിലെ വെള്ളം വാർന്നു പോവാനായി തലയിൽ തോർത്തു ചുറ്റിക്കെട്ടി ചായയുമായി വന്നു വിളിക്കുന്ന പെമ്പ്രന്നോരെ വേണേൽ ഒന്നു സ്വപ്നോം കാണാം.
ശാന്തിക്കാരനും പാചകക്കാരനും പിച്ചക്കാരനും പൊറോട്ടാ അടിക്കാരനും ഒഴിച്ചുകൂടാനാവാത്ത ഒരു മേൽമുണ്ടു കൂടിയാണ് തോർത്ത്.
തോർത്ത്, പാചകം ചെയ്യുമ്പോൾ വസ്ത്രത്തിനു മുകളിൽ ഏപ്രണായി ഉപയോഗിക്കാം.
ആക്ഷൻ ഹീറോ ബിജുവിനെ പോലെയുള്ളവർക്ക് തോർത്തിൽ തേങ്ങ കെട്ടി കുറ്റവാളികളുടെ നടുവിനടിച്ച് വേദന മാറ്റാം.
ആയുർവേദ സുഖചികിത്സക്കും മറ്റും പോകുന്നവർക്ക് ഒരു ഡസൻ മുന്തിയ ഇനം ബാഗിൽ കരുതുകയും ചെയ്യാം.
കർഷകർ തോർത്ത് ഉടുത്ത് പാടത്ത് പണിയെടുക്കന്നത് കാണാൻ എന്ത് രസമാണ്.
അങ്ങനെ മലയാളിയുടെ സമസ്തമേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഒരു തുണിക്കഷണം …. ഇടയ്ക്കിടെ അ’തോർത്തില്ലെങ്കിൽ’ പിന്നെ യെന്തര് മലയാളി !!

Back to top button
error: