NEWS

മാധ്യമങ്ങൾ അറിയാതെ പോകുന്ന ആത്മഹത്യാ വാർത്തകളുടെ അനന്തരഫലം

ത്മഹത്യ ചെയ്യാനുള്ള ത്വര പല മനുഷ്യരിലും അന്തർലീനമായുണ്ട് എന്നാണ് പല മന:ശാസ്ത്ര വിശാരദന്മാരുടെയും നിഗമനം.
ആത്മഹത്യകളെ പറ്റിയുളള വാർത്തകൾ വായിക്കുമ്പോഴോ അതേ പറ്റിയുള്ള വിശദീകരണങ്ങൾ കേൾക്കുമ്പോഴോ ഏറെ ഇഷ്ടപ്പെട്ട ചിലരുടെ സ്വയംഹത്യയെ കുറിച്ചറിയുമ്പോഴോ തനിക്കും ആത്മഹത്യ ചെയ്താലോ എന്ന് തോന്നിപ്പിക്കുന്ന ഒരവസ്ഥയും ഉണ്ട് .
മന:ശാസ്ത്ര ലോകം അതിനെ കോപ്പി കാറ്റ് സൂയിസൈഡ് Copycat suicide എന്നാണ് വിളിക്കുന്നത്. മറ്റൊരാളുടെ മരണത്തെ കുറിച്ചറിയുമ്പോൾ സ്വന്തം ജീവിതത്തിലും അത് പകർത്താനുള്ള വെമ്പലിനെയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഒരു സാഹിത്യ കൃതിയെ ആധാരമാക്കിയും ഇത്തരമൊരു പദനിഷ്പത്തി ഉണ്ട് .
‘വെർതർ എഫക്റ്റ്’ എന്നാണതിന് പറയുക.
പ്രശസ്ത ജർമൻ സാഹിത്യകാരനായ ഗൊയ്‌ഥെയുടെ (Johann Wolfgang von Goethe) 1774-ൽ പുറത്തിറങ്ങിയതും പിന്നീട് പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടതുമായ  “ദി സോറോസ് ഓഫ് യംഗ് വെർതർ” ( The Sorrows of Young Werther.) എന്ന നോവലിൽ നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം.
വായനക്കാരെ ആത്മഹത്യ ചെയ്യാൻ മോഹിപ്പിക്കുന്നു എന്നതാണ്  ആ പുസ്തകം നിരോധിക്കാൻ ഉള്ള കാരണം.
ആ നോവലിലെ നായക കഥാപാത്രമാണ്  യംഗ് വെർതർ .
 ഒരു യുവതിയോട് പ്രണയം തോന്നുന്ന വെർതറിന് അവരെ കല്യാണം കഴിക്കാൻ സാധിച്ചില്ല. ആ വിഷമത്തിൽ, വെർതർ  സ്വയംഹത്യ ചെയ്യുന്നു. അതാണ് നോവലിന്റെ ഉള്ളടക്കം.
പ്രസിദ്ധീകരിച്ച കാലയളവിൽ  ഒറിജിനലിലൂടെയും വിവർത്തനങ്ങളിലൂടെയും ആയി ആ നോവൽ യൂറോപ്പിലെ യുവാക്കൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തി.
പുസ്തകം വായിച്ച പലരും വെർതർ ചെയ്തതുപോലെ സ്വയം വെടി വെച്ച് മരണം വരിച്ചു. വെർതർ ധരിച്ച പോലുള്ള വസ്ത്രമണിഞ്ഞും  വെർതർ വെടിവച്ച പോലെ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ചും
ഗെയ്ഥേയുടെ നോവൽ ചേർത്ത് പിടിച്ചും  ഒക്കെയായിരുന്നു പലരുടെയും മരണം .
വെർതർ എന്ന കഥാപാത്രത്തിന്റെ മരണം സ്വജീവിതത്തിൽ കോപ്പി ചെയ്യുകയായിരുന്നു പലരും.
 അങ്ങനെ അനേകം യുവാക്കളുടെ മരണത്തിന്  ഈ പുസ്തകം കാരണമായി എന്നതിനാലാണ് ആ പുസ്തകം തന്നെ നിരോധിക്കയുണ്ടായത്.
എന്താണ് വെർതർ പ്രഭാവം
 1774-ൽ ഗോഥെയുടെ “ദ സോറോസ് ഓഫ് യംഗ് വെർതർ” പ്രസിദ്ധീകരിച്ചതിന് ശേഷം  ആത്മഹത്യകൾ വളരെയേറെ വർദ്ധിച്ചതിനെ അടിസ്ഥാനമാക്കി പിന്നീട് ഒട്ടേറെ പഠനങ്ങൾ നടന്നു.
ആത്മഹത്യ ചെയ്യാൻ വെർതർ എന്ന കഥാപാത്രം സ്വാധീനം ചെലുത്തി എന്ന കാരണത്താലാണ് വെർതർ എഫക്ട് എന്ന പ്രയോഗം പില്ക്കാലത്ത് മന:ശാസ്ത്രജ്ഞർ സൃഷ്ടിച്ചത്
 ശാസ്ത്രീയമായി ഇത് ആദ്യമായി വിവരിച്ചത് 1974-ൽ  പ്രശസ്ത സോഷ്യോളജിസ്റ്റായ ഡേവിഡ് ഫിലിപ്പ്സ് ആണ്, അദ്ദേഹത്തിന്റെ പഠനം,  ആ ദിശയിലുള്ള ആദ്യ ശ്രമമായിരുന്നു.
യംഗ് വെർതർ യുവജനങ്ങളെ ആത്മഹത്യയിലേക്ക് നയിച്ചത് പോലെ മാസ് മീഡിയകൾ ആത്മഹത്യയെ ഗ്ലോറിഫൈ ചെയ്യുന്നത് പലരെയും സ്വാധീനിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ടോ  എന്നതിനെ പറ്റി ഒട്ടേറെ തുടർപഠനങ്ങൾക്ക് അത് തുടക്കമിട്ടു.
 വാർത്താമാധ്യമങ്ങളിൽ വ്യക്തിഗത ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുന്ന രീതിയും ആത്മഹത്യാനിരക്കും തമ്മിലുള്ള ബന്ധത്തെ പറ്റി നടന്ന പഠനങ്ങൾ മിക്കതും ‘വെർതർ ഇഫക്റ്റ്’ ശരിയാണെന്ന് പ്രൂവ് ചെയ്യുന്നവയായിരുന്നു
മാധ്യമങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രത്യേക അപകടസാധ്യതയായിക്കൂടി “വെർതർ ഇഫക്റ്റ്” ഇന്ന് കണക്കാക്കുന്നു.
 ആധുനിക കാലത്ത് ആത്മഹത്യകളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ കണ്ടും വായിച്ചും  കോപ്പിയടി ആത്മഹത്യകൾ വളരെയേറെ വർദ്ധിക്കുന്നു എന്നാണ് കണ്ടെത്തൽ .
 സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളെയും മാധ്യമങ്ങൾ ഗണ്യമായി സ്വാധീനിക്കുന്ന ഒരു കാലഘട്ടമാണിത്
അതിനാൽ ആത്മഹത്യകളെ പറ്റി  മാധ്യമങ്ങൾ നൽകുന്ന  കവറേജ് പലരിലും ആത്മഹത്യാ പ്രവണത അഥവാ വെർതർ എഫക്ട് സൃഷ്ടിക്കുന്നു.
അതിനാൽ  ആത്മഹത്യാ വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ മാധ്യമങ്ങൾപുനരാലോചന നടത്തണമെന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന (WHO) പോലുള്ള പ്രസ്ഥാനങ്ങൾ.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിടുന്നവർ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056

Back to top button
error: