KeralaNEWS

ദൃശ്യങ്ങള്‍ സഭാ ടി.വി. വഴി മാത്രം; ആക്ഷേപഹാസ്യ പരിപാടികള്‍ക്ക് ഉപയോഗിക്കരുതെന്നും സ്പീക്കറുടെ റൂളിങ്

തിരുവനന്തപുരം: നിയമസഭയില്‍ മാധ്യമവിലക്കുണ്ടെന്ന ആരോപണങ്ങള്‍ക്കു പിന്നാലെ വിഷയത്തില്‍ വീണ്ടും വിശദീകരണം നല്‍കി സ്പീക്കറുടെ റൂളിങ്. സഭയിലെ ദൃശ്യങ്ങള്‍ സഭാ ടി.വി. മാത്രം വഴി സംപ്രേഷണം ചെയ്യുമെന്നും സഭാ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കോ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നും സ്പീക്കര്‍ റൂളിങ്ങിലൂടെ വ്യക്തമാക്കി. 2002-ലെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ചില തടസ്സങ്ങളെ പെരുപ്പിച്ച് കാട്ടിയെന്നും മാധ്യമവിലക്കെന്ന വാര്‍ത്തകള്‍ ആസൂത്രിതമാണെന്നും സ്പീക്കര്‍ എം.ബി. രാജേഷ് ആവര്‍ത്തിച്ചു.

ക്യാമറ കൂടാതെ പാസുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് സഭയില്‍ എവിടെയും പോകാന്‍ വിലക്കില്ല. ചില തടസങ്ങളെ പെരുപ്പിച്ച് കാണിച്ചാണ് മാധ്യമവിലക്കെന്ന രീതിയില്‍ വാര്‍ത്ത നല്‍കിയത്. നിയമസഭ മന്ദിരത്തിന്റെ മീഡിയ റൂം ഒഴികെയുള്ള സ്ഥലങ്ങളില്‍ ക്യാമറ അനുവദിക്കില്ല.

സഭയിലെ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികളില്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ പാടില്ല. സഭാ ടി.വി.യില്‍ പക്ഷം നോക്കിയല്ല ദൃശ്യം കാണിക്കുന്നത്. സഭാ നടപടികളാണ് സംപ്രേഷണം ചെയ്യുന്നത്. സഭയിലെ ദൃശ്യങ്ങള്‍ മുഖ്യധാര മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. അതിനാല്‍ ഇനി സഭാ ടി.വി. വഴി മാത്രം സഭാ നടപടികള്‍ സംപ്രേഷണം ചെയ്യുകയുള്ളൂ.

ചില അംഗങ്ങള്‍ സഭയിലെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കി. ഇവര്‍ക്കെതിരേ അവകാശലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍ കത്ത് നല്‍കിയിരുന്നു. മീഡിയ റൂമില്‍നിന്ന് ചില മാധ്യമപ്രവര്‍ത്തകരും മൊബൈലില്‍ ദൃശ്യം പകര്‍ത്തിയിട്ടുണ്ട്.

ഇത് അതീവഗൗരവതരമാണ്. സഭാ ഹാളിലെ ദൃശ്യം പകര്‍ത്തി ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കുന്നത് സഭയോടുള്ള അവഹേളനമാണ്. മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെട്ടത് അപലപനീയം. ഇത് ആവര്‍ത്തിച്ചാല്‍ ഭാവിയില്‍ അവകാശലംഘനത്തിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും സ്പീക്കര്‍ പറഞ്ഞു.

Back to top button
error: