NEWS

കാലുകൊണ്ട് പരീക്ഷയെഴുതി കരളുറപ്പിൻ്റെ കരുത്തിൽ കൺമണി നേടിയത് ഒന്നാം റാങ്ക്

ന്മനായുള്ള വൈകല്യത്തെ നിഷ്പ്രഭമാക്കി നിശ്ചയദാർഢ്യം കൊണ്ട് സർഗ്ഗാത്മകതയുടെ അനന്ത വിഹായസ്സിലേക്ക് പറന്നുയർന്ന കൺമണിയുടെ പുതിയ നേട്ടമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്.

പരിമിതികളിൽ പതറാതെ പുതിയ കഴിവുകൾ കണ്ടെത്തി മുന്നേറുന്ന കൺമണി എന്ന പെൺകുട്ടിയെ മുഖപരിചയം പോലുമില്ലാത്ത ഒരു മലയാളി പോലുമുണ്ടാവില്ല. സംഗീത വിദ്യാർത്ഥിനിയായ കൺമണി ചിത്രം വരയിലും നെറ്റിപ്പട്ട നിർമാണത്തിലും വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പഠനത്തിലും താൻ മുന്നിൽ തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് ജന്മനാ കൈകളില്ലാത്ത കൺമണി. മാവേലിക്കര അറുന്നൂറ്റിമംഗലം സ്വദേശി എസ്. കൺമണി രാജ്യത്തിനകത്തും പുറത്തുമായി 500ലേറെ വേദികളിൽ സംഗീതക്കച്ചേരി അവതരിപ്പിച്ചും താൻ വരച്ച 250ലേറെ ചിത്രങ്ങളുമായി പ്രദർശനം നടത്തിയും സിനിമയിൽ അഭിനയിച്ചും ശ്രദ്ധ നേടിയിട്ടുണ്ട്. കൺമണിക്കു 2019 ൽ സർഗാത്മക മികവിന് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. തൻ്റെ പരിമിതികളെ തൻ്റെ മികവിനു മുന്നിൽ മുട്ടുകുത്തിച്ചിരിക്കുകയാണ് ഈ മിടുക്കിയിപ്പോൾ. മറ്റാരെക്കാളും മനക്കരുത്തും കരളുറപ്പും മതി ഏതു വിജയവും കൂടെ പോരുമെന്ന് തെളിയിക്കുകയാണ് കൺമണി.

പൊരുതുന്ന ഒരു മനസാണ് വിജയത്തിന് അനിവാര്യമെന്ന് തൻ്റെ റാങ്ക് തിളക്കത്തിലൂടെ കണ്‍മണി പഠിപ്പിക്കുന്നുമുണ്ട്. കലോത്സവ വേദികളിൽ എല്ലാവരും ചേങ്ങിലയില്‍ കൈകൊണ്ട് താളം പിടിക്കുമ്പോൾ കണ്‍മണി പാടി അഷ്ടപദിയ്ക്ക് താളം പിടിച്ചത് കാലുകൊണ്ടായിരുന്നു. ഇതാണ് കൺമണിയെ ക്യാമറാക്കണ്ണുകളിൽ കുടുക്കിയതും. സഹായിയെ വെച്ച് പരീക്ഷ എഴുതാൻ അവസരം ഉണ്ടായിട്ടും ഒന്നിൽ പോലും കൺമണി മറ്റൊരാളുടെ സഹായം തേടിയിട്ടില്ല. കാലുകൊണ്ടാണ് കൺമണി എല്ലാ പരീക്ഷയും എഴുതി സുവർണ്ണ വിജയം കരസ്ഥമാക്കിയത്.

*അഷ്ടപദിയിലൂടെ*

കേരള സര്‍വകലാശാലയുടെ ഒന്നാം റാങ്കാണ് ‘അഷ്ടപദി’ യിലേക്ക് എത്തിയത്. ബിപിഎ വോക്കലിലാണ് കണ്‍മണിയുടെ റാങ്കിൻ്റെ മിന്നുംതിളക്കം. തിരുവനന്തപുരം സ്വാതി തിരുനാൾ ഗവ.സംഗീത കോളജ് വിദ്യാർഥിനിയായ കൺമണി സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടാഗ്രഹിക്കുകയാണ്. സ്കൂൾ പഠന കാലത്തു തന്നെ കലോത്സവ വേദികളിൽ കൺമണി വളരെ സജീവമായിരുന്നു. കലോത്സവകാലത്തെ മാധ്യമങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു കൺമണി.

*കാലുകൊണ്ടെഴുതി*

കാലു കൊണ്ടു ചിത്രം വരച്ചു സമ്മാനങ്ങൾ വാരിക്കൂട്ടിയ മിടുക്കി സംഗീത കച്ചേരികളിലും കസറുന്നുണ്ട്. കൺമണിക്ക് ജന്മനാ കൈകളില്ല, കാലുകൾക്കും പരിമിതികളുണ്ട്. എന്നിട്ടും മനസ്സൊട്ടും തളരാതെ പതറാതെ തൻ്റെ ജീവിതം മറ്റുള്ളവർക്ക് പ്രകാശം പരത്തുന്നതാകണമെന്ന നിർബന്ധം കൺമണിയ്ക്കുണ്ട്. അങ്ങനെ യൂട്യൂബിലും കൺമണി ആക്ടീവാണ്. ഇല്ലായ്മകളിൽ നിന്നൊരു സുന്ദരജീവിതം കെട്ടിപ്പടുക്കുന്ന കൺമണിക്കു ഒട്ടനവധി കാഴ്ചക്കാരുമുണ്ട്.

 

 

 

കാലുകൾ കൊണ്ട് നിലവിളക്കിലേക്ക് എണ്ണ പകർന്ന് തിരിയിട്ട് സന്ധ്യാദീപം തെളിക്കുന്ന കൺമണി കുറവുകളില്ലാത്ത ഈ ജീവിതത്തെ പഴിച്ച് ജീവിക്കുന്നവർക്ക് വലിയ പ്രചോദനമാണ്. അവരുടെ കണ്ണു തുറപ്പിക്കുന്ന ശക്തിയാണ്. നിസാരങ്ങളായ തിരച്ചടികള്‍ നേരിടുമ്പോള്‍ തകര്‍ന്നു പോകുന്നവര്‍ക്ക് കൺമണി യൂട്യൂബിലൂടെ തളരാത്ത പാഠമായി മാറുകയാണ്. അഷ്ടപദി പാടിയും ചിത്രം വരച്ചും കണ്ണെഴുതിയും അടുക്കളയിൽ ദോശ ചുട്ട് അമ്മയെ സഹായിച്ചുമൊക്കെ കണ്‍മണി കീഴിടക്കിയത് തൻ്റെ വൈകല്യങ്ങളെ കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: