NEWS

മറ്റു  തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി 1977 ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ പ്രത്യേകത എന്തായിരുന്നു?

ഒരറിവും ചെറുതല്ല
1977-ൽ അന്നത്തെ ഇന്ത്യൻ രാഷ്ട്രപതിയുടെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു അടിയന്തര തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഒരു ഇന്ത്യൻ രാഷ്ട്രപതി മത്സരം കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സംഭവമാണ് അത്. മൊത്തം 37 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ നീലം സഞ്ജീവ റെഡ്ഡിയാണ് (Neelam Sanjiva Reddy) ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്.
1977 ഫെബ്രുവരി 11ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദിന്റെ (Fakhruddin Ali Ahmed) പെട്ടെന്നുള്ള മരണത്തെ തുടർന്നാണ് ഇന്ത്യയുടെ പ്രഥമ പൗരനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 65(1) പ്രകാരം വൈസ് പ്രസിഡന്റ് ആയിരുന്ന ബി.ഡി ജറ്റി (BD Jatti) ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ചട്ടം അനുസരിച്ച്, ആറ് മാസത്തിനുള്ളിൽ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്തേണ്ടതായിരുന്നു. പക്ഷേ, 1977 ഫെബ്രുവരി 10ന് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നതിനാൽ രാഷ്ട്രപതി തിരഞ്ഞെടുപ്പു നടത്തുന്നതിന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കാനായില്ല. അങ്ങനെ അത് 1977 മെയ് 13 വരെ നീണ്ടു.
 അതിനുശേഷം 11 സംസ്ഥാനങ്ങളിൽ ജൂൺ-ജൂലൈ മാസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. ഒടുവിൽ, 1977 ജൂലൈ 4-ന്, രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും ആഗസ്റ്റ് 6-ന് പോളിംഗ് നടത്തുകയും ചെയ്തു.  ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നുള്ള രേഖകൾ പ്രകാരം, മൊത്തം 37 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു.
സൂക്ഷ്മപരിശോധനക്കു ശേഷം, റിട്ടേണിംഗ് ഓഫീസറായിരുന്ന അന്നത്തെ ലോക്സഭാ സെക്രട്ടറി അവതാർ സിംഗ് റിഖി (Avtar Singh Rikhy), 36 സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ നിരസിച്ചു. നീലം സഞ്ജീവ റെഡ്ഡിയുടെ നാമനിർദേശ പത്രിക മാത്രമാണ് പരി​ഗണിക്കപ്പെട്ടത്. അതിനാൽ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കുകയോ , പ്രസിദ്ധീകരിക്കുകയോ ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല.
ജൂലൈ 21-ന്, റിട്ടേണിംഗ് ഓഫീസർ 1952 ലെ പ്രസിഡൻഷ്യൽ, വൈസ് പ്രസിഡൻഷ്യൽ ഇലക്ഷൻ ആക്റ്റ് സെക്ഷൻ 8(1) പ്രകാരം തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയും നീലം സഞ്ജീവ റെഡ്ഡി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.നീലം സഞ്ജീവ റെഡ്ഡിയെ ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തു കൊണ്ടുള്ള പ്രഖ്യാപനം ജൂലൈ 21 ന് ചീഫ് ഇലക്ഷൻ കമ്മീഷണർ ഒപ്പിട്ട് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചു. 1977 ജൂലൈ 25 ന് അദ്ദേഹം രാഷ്ട്രപതി സ്ഥാനമേറ്റെടുത്തു.
1977ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ, ലോക്‌സഭയിലെയും (524), രാജ്യസഭയിലെയും (232) 22 സംസ്ഥാന നിയമസഭകളിലെയും (3,776) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെടെ ആകെ 4,532 വോട്ടർമാർ ഉണ്ടായിരുന്നു. ഓരോ പാർലമെന്റ് അംഗത്തിനും 702 വോട്ടുകൾ ഉണ്ടായിരുന്നു. സംസ്ഥാന നിയമസഭകളിലെ ഓരോ അംഗത്തിന്റെയും വോട്ടുകളുടെ എണ്ണം ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായിരുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഇത് തീരുമാനിച്ചത്.ഏറ്റവും കുറവ് വോട്ടുകൾ ഉണ്ടായിരുന്നത് സിക്കിമിൽ നിന്നുള്ള എംഎൽഎമാർക്കും (ഏഴ്), കൂടുതൽ വോട്ടുകൾ ഉണ്ടായിരുന്നത് ഉത്തർപ്രദേശിൽ നിന്നുള്ള എംഎൽഎമാർക്കും (208) ആയിരുന്നു. 1971ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് വോട്ടിന്റെ മൂല്യം കണക്കാക്കിയത്.
വാൽ കഷ്ണം
⚡ഫക്രുദ്ദീൻ അലി അഹമ്മദ്⚡
ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി.
1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി.
അസമിൽ ഗോപിനാഥ ബർദലോയി മന്ത്രിസഭയിൽ ധനകാര്യവകുപ്പു മന്ത്രിയായ ശേഷം രാഷ്ട്രപതിയായ വ്യക്തി.
⚡നീലം സഞ്ജീവ റെഡ്ഡി⚡
ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രപതി.
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി.
സംസ്ഥാന മുഖ്യമന്ത്രി(ആന്ധ്രാപ്രദേശ്), കേന്ദ്രമന്ത്രി, ലോക്സഭാ സ്പീക്കർ, രാഷ്ട്രപതി എന്നീ സ്ഥാനങ്ങൾ വഹിച്ച ഏക വ്യക്തി.
ഒരുതവണ പരാജയപ്പെട്ടശേഷം പിന്നീട് രാഷ്ട്രപതിയായ വ്യക്തി. (രാഷ്ട്രപതിയായിരുന്ന ഡോ. സാക്കിർ ഹുസൈന്റെ അപ്രതീക്ഷിത മരണത്തെത്തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ  അദ്ദേഹം ആദ്യ തവണ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിച്ചെങ്കിലും എതിർസ്ഥാനാർത്ഥിയും മുൻ ഉപരാഷ്ട്രപതിയുമായ വി.വി. ഗിരിയോട് പരാജയപ്പെട്ടു )
ബിരുദധാരിയല്ലാത്ത ആദ്യ രാഷ്ട്രപതി.

Back to top button
error: