അമൃത്സര്‍: പഞ്ചാബിലെ അഭിമാന പോരാട്ടത്തില്‍ കാലിടറി ആം ആദ്മി പാര്‍ട്ടി. സംഗ്രൂരില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ആം ആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നേരിട്ടത്.
സിറ്റിങ് സീറ്റില്‍ 7000 വോട്ടുകള്‍ക്ക് വന്‍ തോല്‍വിയാണ് ആപ്പ് സ്ഥാനാര്‍ഥിയും സംഗ്രൂര്‍ ജില്ലാ ഇന്‍ ചാര്‍ജുമായ ഗുര്‍മാലി സിങ്ങ് ഏറ്റുവാങ്ങിയത്.
മുഖ്യമന്ത്രി ഭഗവന്ത് മാന്‍ രാജിവെച്ച ലോക്സഭ സീറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ശിരോമണി അകാലിദൾ സ്ഥാനാര്‍ഥി സിമ്രന്‍ജിത് സിങ് മാന്‍ ആണ് ഗുര്‍മാലി സിങ്ങിനെ തോല്‍പ്പിച്ചത്. ശക്തമായ പോരാട്ടത്തിനൊടുവിലാണ് സിമ്രന്‍ജിത് വിജയം നേടിയത്.
77 കാരനായ സിമ്രന്‍ജിത് മുന്‍ എം.പിയും ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഗ്രൂപ്പിന്റെ അധ്യക്ഷനുമാണ്. കോണ്‍ഗ്രസിന്റെ ദല്‍വീര്‍ സിങ് ഗോള്‍ഡി, ബി.ജെ.പിയുടെ കേവല്‍ ദില്ലണ്‍, അകാലിദളിന്റെ കമല്‍ദീപ് കൗണ്‍ രജോണ എന്നിവര്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലായി.
നിയമസഭാ എം.എല്‍.എയായി ഭഗവന്ത് മാന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിഞ്ഞ ലോക്സഭാ സീറ്റാണ് സംഗ്രൂരിലേത്. 2014 ലും 2019 ലും ഭഗവന്ത് മാന്‍ ഈ സീറ്റില്‍ പാര്‍ലമെന്റ് അംഗമായിരുന്നു. മാര്‍ച്ചില്‍ ആം ആദ്മി പാര്‍ട്ടി നിയമ സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കരസ്ഥമാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് സംഗ്രൂരിലേത്.