NEWS

മനസ്സും ശരീരവും ശാന്തമാക്കുവാൻ വെള്ളിങ്കിരി മലയിലേക്ക് ഒരു യാത്ര

കോവിഡും ലോക്ഡൗണുമെല്ലാം ചേർന്ന് മനുഷ്യനെ വല്ലാതെ തളർത്തിയിരിക്കയാണ്.പെരുകുന്ന ആത്മഹത്യകളും കുറ്റകൃത്യങ്ങളുമെല്ലാം ഇതിന്റെ ഒരു വശം മാത്രം.ഇതിൽ നിന്നുമൊരു മോചനമാണ് ആദിയോഗി ട്രിപ്പ് – ഏതു മതസ്ഥർക്കും നല്ല മനസ്സോടെ കടന്നുചെല്ലാം നിറഞ്ഞ മനസ്സോടെ തിരികെ പോരാം.അതാണ് വെള്ളിങ്കിരി മലയിലേക്കുള്ള ഈ യാത്ര.

 കോയമ്പത്തൂരിന് പടിഞ്ഞാറ് ഏകദേശം മുപ്പതു കിലോമീറ്റർ ദൂരത്തിലായി വെള്ളിങ്കിരി പർവതങ്ങളുടെ താഴ്വാരത്ത് 150 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഒരു യോഗ ആശ്രമമാണ് ഈഷ യോഗ സെന്റർ എന്ന ആദി യോഗി സെന്റർ.ആദിയോഗിയിൽ നിന്നാണ് യോഗയുടെ ഉറവിടം എന്ന വിശ്വാസത്തിൽ നിന്നുമാണ് ഇതിന്റെ നിർമ്മാണം.ഇവിടുത്തെ ആദിയോഗി പ്രതിമ ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇതിനകം തന്നെ ഇടം പിടിച്ചിട്ടുള്ള ഒന്നാണ്.(2017-ലാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്)
 കോയമ്പത്തൂരിൽ നിന്ന് ഉക്കടം വഴി പേരൂർ- ശിരുവാണി റോഡിലൂടെ സഞ്ചരിച്ചാൽ ഇരുട്ടുപ്പാളയം ജംഗ്ഷനിലെത്തും.ഇവിടെ നിന്നും  വലത്തോട്ട് 8 കിലോമീറ്റർ പോയാൽ ഈഷ യോഗ ആശ്രമത്തിലെത്താം.
 വിയറ്റ്നാം കോളനി എന്ന സിനിമയിൽ മോഹൻലാൽ പറയുന്നതുപോലെ നല്ല പ്രശാന്തസുന്ദരമായ അന്തരീക്ഷം.വലിയൊരു കവാടമായിരിക്കും ഇവിടെ ആദ്യം സ്വാഗതം ചെയ്യുന്നത്.ടിക്കറ്റെടുത്ത് അകത്തേക്ക് കയറിയാൽ പിന്നെ കരിങ്കല്ലുകൾ പാകിയ വഴിയാണ്.അവിടെ നിന്നാൽത്തന്നെ കാണാം മാനം മുട്ടേ ഉയർന്നു നില്ക്കുന്ന ശിവഭഗവാന്റെ പ്രതിമ. പൂർണ്ണരൂപമല്ലാ,നെഞ്ചിൽ നിന്നും മുകളിലേക്കുള്ള അര്‍ധകായ പ്രതിമ.
പ്രതിമക്ക് ചുറ്റും ശൂലം കൊണ്ട് നിർമ്മിച്ച അതിരുകൾ.ആകാശം മുട്ടെ നില്ക്കുന്ന ഈ ശിവ ഭഗവാന്റെ പ്രതിമക്ക് എന്തോ ഒരു പ്രത്യേകത ആദ്യ കാഴ്ചയിൽ തന്നെ നമുക്ക് തോന്നും.ചെറുപുഞ്ചിരിയോടെ പകുതി അടഞ്ഞ നയനങ്ങളോടെ ധൃാനത്തില് ഇരിക്കുന്ന യുവാവായ ഭഗവാൻ.
പ്രതിമ കണ്ടതിന് ശേഷം നേരെ പുറകുവശത്തേക്ക് പോകാം. അവിടെയാണ് പ്രാർത്ഥനാലയങ്ങൾ, യോഗസെന്റർ ഒക്കെ.പുരുഷൻമാർക്കും സ്ത്രീകൾക്കും കുളിക്കുവാനുള്ള പ്രത്യേകം പ്രത്യേകം കുളങ്ങളും ഇവിടെയുണ്ട്-സൂരൃകുണ്ട്,ചന്ദ്രകുണ്ട്.
 പുരുഷൻമാർക്ക് സൂരൃകുണ്ടും, സ്ത്രീകൾക്ക് ചന്ദ്രകുണ്ഡുമാണ്. സൂരൃകുണ്ടിലെ കുളത്തിൽ മൂന്നു ശിവലിംഗവും, ചന്ദ്രകുണ്ഠില് ഒരു ശിവലിംഗവുമാണ് ഉള്ളത്.ഈ കുളത്തിലിറങ്ങി ഒന്നു മുങ്ങിനിവരുമ്പോഴേ നമ്മുടെ പകുതി ക്ഷീണം പമ്പ കടക്കും.
  ഇരുപത് രൂപ അടച്ചു ടിക്കറ്റ്‌ എടുത്ത് അവർ തരുന്ന ഡ്രസ് ധരിച്ചു (പുരുഷൻമാർക്ക് മുണ്ടും സ്ത്രീകൾക്ക് പൈജാമ പോലെ ഇറക്കമുള്ള ടോപ്പും) ഷവറില് ദേഹശുദ്ധി വരുത്തി തലയില് ക്യാപ് വച്ച് ഈറനോടെ മാത്രമേ ഈ കുളങ്ങളിലേക്ക് പോകുവാൻ സാധിക്കുകയുള്ളൂ.കുട്ടികൾക്ക് അവിടെ ഇറങ്ങാൻ അനുവാദമില്ല. പടികളിറങ്ങി കൈകാലുകൾ കഴുകാം.
നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി കാളവണ്ടി യാത്ര ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.ഓരോന്നിനും വെവ്വേറെ ഫീസുകളാണ്.അതിനു ശേഷമാണ് യോഗ സെന്ററിറിലേക്കുള്ള പ്രവേശനം.യോഗ സെന്ററിൽ നിന്നും പുറത്തുവരുമ്പോൾ നിങ്ങൾ അലസതകളും ആകുലതകളുമെല്ലാം മറന്ന് പുതിയൊരു മനുഷ്യനായിട്ടുണ്ടാവും, തീർച്ച.
ഇവിടെ അടുത്തുതന്നെയാണ് ഡോ.ഡി ജി എസ് ദിനകരൻ സ്ഥാപിച്ച കാരുണ്യ പ്രാർത്ഥനാ സെന്റർ.ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന പ്രാർത്ഥനാ സെല്ലാണ് ഇവിടുത്തെ പ്രത്യേകത.നിങ്ങളുടെ ആവശ്യം, അതെന്തുതന്നെയായാലും പറയുകയോ എഴുതിക്കൊടുക്കുകയോ(ഏത് ഭാഷയിലും) ചെയ്താൽ മതി.അവർ പ്രാർത്ഥിച്ചോളും.ഇതിന് പ്രത്യേകിച്ച് ഫീസൊന്നുമില്ല.നാനാജാതി മതസ്ഥരാണ് ഇവിടെയും ദിനംപ്രതി എത്തുന്നത്.ഇതിനോട് ചേർന്ന് മനോഹരമായ ഉദ്യാനവും തടാകവും വിശ്രമസങ്കേതങ്ങളും ഭക്ഷണശാലയുമൊക്കെ ക്രമീകരിച്ചിട്ടുണ്ട്.നമ്മുടെ നാട്ടിൽ നിന്നുൾപ്പെടെ ധാരാളം കുട്ടികൾ പഠിക്കുന്ന കാരുണ്യ(Karunya University) കോളേജും ഇതിനോട് ചേർന്നുതന്നെ.
ഇവിടെ നിന്നും നേരെ വീണ്ടും പടിഞ്ഞാറേക്ക് പോയാൽ ശിരുവാണി വെള്ളച്ചാട്ടം കണ്ടുമടങ്ങാം.വനത്തിനുള്ളിലാണ് ഇത്.ബാഗോ പ്ലാസ്റ്റിക് കുപ്പികളൊ ഒന്നും തന്നെ അകത്തേക്ക് കടത്തി വിടില്ല.അതേപോലെ ലഹരി വസ്തുക്കളും.
വെള്ളിങ്കിരി ഹിൽസിനു മുകളിൽ മറ്റൊരു ക്ഷേത്രമുണ്ട്.അതാണ് പൂണ്ടി ശിവ ക്ഷേത്രം.പുരാണകഥ പ്രകാരം ശിവൻ ഈ പുണ്യപർവതത്തിൽ ഒരു കന്യകയെ വിവാഹം കഴിക്കാൻ ഇറങ്ങിയെങ്കിലും അത്​ സാധിക്കാതെ വന്നു. ഇതിൽ നിരാശനായ ശിവൻ ഈ പർവതത്തിൽ കയറി ധ്യാനത്തിൽ ഇരുന്നുവെന്നാണ്​ ഐതിഹ്യം. കൂടാതെ മലമുകളിൽ അഗസ്ത്യമുനി താമസിച്ചിരുന്നുവെന്നും കരുതപ്പെടുന്നു. സ്വയംഭു ദേവനെ കാണാനുള്ള യാത്ര തുടങ്ങുന്നതിന് മുമ്പ്​ താഴ്വാരത്ത്​ ശിവഭഗവാൻെറ വെള്ളിങ്കിരി ആണ്ടവാർ പ്രതിഷ്​ഠയും പാർവതി ദേവിയുടെ മനോൻമണി അമ്മൻ പ്രതിഷ്​ഠയും തൊട്ടുവണങ്ങണം.
ഏഴു മലകൾ ചേർന്നതാണ് വെള്ളിങ്കിരി മലനിരനിരകൾ.ഒരു മലയിൽനിന്ന്​ അടുത്ത മലയിലേക്ക് നിബിഡമായ കാട്ടിലൂടെ വേണം സഞ്ചരിക്കാൻ.രാത്രിയിലാണ് മല കയറ്റമെങ്കിൽ അങ്ങ് ദൂരെ കോയമ്പത്തൂർ സിറ്റി പ്രകാശപൂരിതമായി നിൽക്കുന്നത്​ കാണാൻ സാധിക്കും.അവസാനത്തെ മലയാണ് ഏറ്റവും കഠിനം.ഈ മല മുഴുവനും വലിയ പാറകളാണ്.ഇതിൻെറ മുകളിലായാണ് പൂണ്ടി അമ്പലവും ശിവ പ്രതിഷ്​ഠയുമുള്ളത്.ഫെബ്രുവരി ഒന്ന്​ മുതൽ മേയ്​ 31 വരെയാണ് ഇവിടെ ഭക്തർക്ക് പ്രവേശനമുള്ളത്.ഇവിടെനിന്ന്​ കുറച്ചുദൂരമേയുള്ളൂ കേരളത്തിൻെ(പാലക്കാട്) അതിർത്തിയിലേക്ക്​.പ​ക്ഷേ, യാത്ര സാധ്യമല്ലെന്നു മാത്രം.
കോയമ്പത്തൂരിലെ ഗാന്ധിപുരം ‘ടൗൺ’ ബസ് സ്റ്റേഷനിൽ നിന്നും ഇവിടങ്ങളിലേക്ക് ധാരാളം ബസ് സർവ്വീസുകളുണ്ട്.ഇതിന് നേരെ എതിർവശത്താണ് കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഇന്റ്ർസ്റ്റേറ്റ് ബസുകളുടെ തിരുവള്ളുവർ ബസ്സ്റ്റാൻഡ്.കോയമ്പത്തൂർ ജംക്ഷൻ റയിൽവെ സ്റ്റേഷനിൽ നിന്നും ഇവിടേക്ക് ഏകദേശം അഞ്ചു കിലോമീറ്റർ ദൂരം വരും

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: