ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമനിയിലെത്തി. ജർമനി, യുഎഇ സന്ദർശനത്തിനിടെ 12 ലോക നേതാക്കളുമായി നരേന്ദ്ര മോദി ചർച്ച നടത്തുമെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനു പുറമെ മ്യൂണിക്കിൽ ഇന്ത്യൻ സമൂഹത്തിന്‍റെ യോഗത്തിലും മോദി പ്രസംഗിക്കും.
ജർമനിയിൽ ഇന്നും നാളെയുമായി നടക്കുന്ന ഗ്രൂപ്പ് 7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടക്കയാത്രയിൽ ബുധനാഴ്ച യുഎഇയിലെത്തി അന്തരിച്ച മുൻ പ്രസിഡന്‍റ് ഷെയ്ക്ക് ഖലീഫ ബിൻ സഈദ് അൽ നഹിയാന്‍റെ വേർപാടിൽ അനുശോചനം അറിയിക്കും. ജി7 ഉച്ചകോടിക്കിടെ വിവിധ രാഷ്ട്രനേതാക്കളുമായി പ്രധാനമന്ത്രി മോദി പ്രത്യേക ഉഭയകക്ഷി ചർച്ചകളും നടത്തും.
അമേരിക്ക, യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി, കാനഡ, ജപ്പാൻ എന്നീ രാഷ്ട്രങ്ങളുടെ സംഘടനയാണ് ജി 7. ഇന്ത്യക്കു പുറമെ അർജന്‍റീന, ഇന്തോനേഷ്യ, സെനഗൾ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെ പ്രത്യേക ക്ഷണിതാക്കളായി ആതിഥേയരാജ്യമായ ജർമനി ക്ഷണിച്ചിട്ടുണ്ട്. ജി 7 ഉച്ചകോടിയിൽ പതിവായി ഇന്ത്യയെ ക്ഷണിക്കുന്നത് ഇന്ത്യയുടെ ആഗോള പ്രാധാന്യം ആഗോളസമൂഹം അംഗീകരിക്കുന്നതിന്‍റെയും മോദിയുടെ പ്രതിച്ഛായയുടെയും പ്രതിഫലനമാണെന്നു കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. 2019ലെ ഉച്ചകോടിയിൽ നേരിട്ടും 2021ൽ വീഡിയോ കോണ്‍ഫറൻസിലൂടെയും മോദി പങ്കെടുത്തിരുന്നു.
ജി 7 രാജ്യങ്ങളെല്ലാം ഉൾപ്പെട്ട ജി 20 ഗ്രൂപ്പിന്‍റെ അധ്യക്ഷസ്ഥാനം ഈ വർഷാവസാനം ഇന്ത്യ ഏറ്റെടുക്കും. ബ്രിക്സ്, ക്വാഡ്, ഐ2യു2 എന്നീ അന്താരാഷ്ട്ര ഗ്രൂപ്പുകളിലും ഇന്ത്യ സജീവപങ്കാളിയാണ്.