KeralaNEWS

‘പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തരുമല്ലോ, അത് നോക്കി പിടിച്ചാൽ പോരേ’; വീഡിയോ പങ്കുവച്ച് ആഭ്യന്തരവകുപ്പിനെതിരെ ബൽറാം

കൽപ്പറ്റ: രാഹുല്‍ ഗാന്ധിയുടെ വയാനാട് എംപി ഓഫിസ് അടിച്ചു തകർത്ത സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധം കേരളമാകെ ശക്തമായിരിക്കെ പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം രംഗത്ത്. അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയ യുവാക്കൾ പൊലീസിനോട് രോഷം കാണിക്കുന്നതടക്കമുള്ളതിന്‍റെ വീഡിയോ പങ്കുവച്ചാണ് ബൽറാമിന്‍റെ വിമർശനം. വാഹനത്തില്‍ കയറ്റിയ യുവാക്കള്‍ മറുവശത്തെ ജനാലയിലൂടെ പുറത്തുചാടുന്നതടക്കം വിഡ‍ിയോയിലുണ്ട്. പ്രതിഷേധക്കാരിൽ ഒരാൾ ‘പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ’ എന്ന് പൊലീസിനോട് ചോദിക്കുന്നത് ചൂണ്ടികാട്ടിയ ബൽറാം സംസ്ഥാന ആഭ്യന്തരവകുപ്പിനെതിരെയും വിമർശനം ഉന്നിയിച്ചിട്ടുണ്ട്.

ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ

പൊലീസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയിൽ കേറ്റുന്നു,
മറുഭാഗത്തെ ജനൽ വഴി വാനരസേനക്കാർ ഇറങ്ങിയോടുന്നു!
എന്നിട്ടവരിലൊരുത്തൻ കാക്കിയിട്ട പോഴന്മാരോട് ചോദിക്കുന്നു, പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ എന്ന്!
കാക്കിയിട്ടവന്മാർ കേട്ടില്ല എന്ന മട്ടിൽ എങ്ങോട്ടോ നോക്കി നിൽക്കുന്നു.
ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ?

അതേസമയം ഇന്നലെയും ബൽറാം വിഷയത്തിൽ എസ് എഫ് ഐക്കെതിരെ രംഗത്തെത്തിയിരുന്നു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ജയിലിൽ കിടക്കുന്നത് ചൂണ്ടികാട്ടിയ ബൽറാം ഇന്നലെ അതിരൂക്ഷ വിമ‍ർശനമാണ് ഇന്നലെ ഉന്നയിച്ചത്. സഹപാഠിയായ വിദ്യാർത്ഥിയെ ആയുധങ്ങളുപയോഗിച്ച് മാരകമായി പരിക്കേൽപ്പിച്ച് കൊല്ലാൻ നോക്കിയതിന്റെ പേരിൽ എടുത്ത യഥാർത്ഥ വധശ്രമക്കേസിലാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ജയിലിൽ കിടക്കുന്നതെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടികാട്ടിയിരുന്നു.

ഇന്നലെ ബൽറാം കുറിച്ചത്

ഇതാണ് ആ ഗുണ്ടാ സംഘടനയുടെ സംസ്ഥാന സെക്രട്ടറി!
ഇപ്പോ ജയിലിലാണ്.
വധശ്രമമാണ് കേസ്. പിണറായി വിജയന് നേരിടേണ്ടി വന്ന പോലത്തെ “വധശ്രമ”മല്ല,
സഹപാഠിയായ ഒരു വിദ്യാർത്ഥിയെ ആയുധങ്ങളുപയോഗിച്ച് മാരകമായി പരിക്കേൽപ്പിച്ച് കൊല്ലാൻ നോക്കിയതിന്റെ പേരിൽ എടുത്ത യഥാർത്ഥ വധശ്രമക്കേസാണ്. കേസിലകപ്പെട്ട് ജാമ്യത്തിലിറങ്ങി പിന്നീട് കോടതിയെ കബളിപ്പിച്ച് മുങ്ങുകയും വീണ്ടും നിരവധി ക്രിമിനൽ കേസുകളിൽ അകപ്പെടുകയും ചെയ്തതിന്റെ പേരിൽ കോടതി തന്നെ ജാമ്യം റദ്ദാക്കിയപ്പോൾ മനസ്സില്ലാമനസോടെ പൊലീസിന് പിടിച്ച് റിമാൻഡ് ചെയ്യേണ്ടി വന്നതാണ്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന കാലത്താണ് ഗുണ്ടാ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്!
സർവ്വകലാശാല തലത്തിലെ ഒരു തെരഞ്ഞെടുപ്പിൽ നോമിനേഷൻ സമർപ്പിക്കാനുള്ള ‘ധിക്കാരം’ കാണിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ട എഐഎസ്എഫുകാരിയായ വനിതാ സഖാവിനെ നടുവിന് ചവിട്ടി മർദ്ദിക്കുകയും “നിനക്ക് ഞങ്ങൾ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരുമെ”ന്ന് ഭീഷണിപ്പെടുത്തി ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും ചെയ്തതിന് വേറെ കേസുകളും ഈ സ്ത്രീപക്ഷവാദിയായ നവോത്ഥാന നായകനുണ്ട്.
പിണറായി വിജയനെന്ന് പേരുള്ള ഒരാളാണ് ഇവരുടെയൊക്കെ നേതാവ്!

Back to top button
error: