NEWS

റേഷൻകടയുടെ ചരിത്രവും രാജയോഗവും  

റേഷൻകാർഡുകൾക്ക് എല്ലാം ഒരേ നിറമുള്ള കാലം
റേഷൻ കടക്കാരനെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്ന കാലം
എല്ലാവരും റേഷനരി തിന്ന് ജീവിച്ച കാലം
മണ്ണെണക്ക് പച്ചവെള്ളത്തിൻ്റെ നിറമുണ്ടായിരുന്ന കാലം
റേഷൻ കാർഡിൽ കുട്ടികൾക്ക് എന്നും പ്രായക്കൂടുതൽ രേഖപ്പെടുത്തിയിരുന്ന കാലം.
നാട്ടിലില്ലാത്ത മക്കളുടെയും പേര് കാർഡിൽ ഉണ്ടായിരുന്ന കാലം.
കൊല്ലങ്ങളായി കാർഡിലെ വാർഷിക വരുമാനം 1200 രൂപയിൽ കൂടാതെയും, കുറയാതേയും കൃത്യമായി ആളുകൾ കൊണ്ടുനടന്നിരുന്നു.
ഇന്ന് സ്വർണ്ണം പണയം വയ്ക്കുമ്പോലെ പണ്ട് റേഷൻ കാർഡ് പത്തും പതിനഞ്ചും രൂപയ്ക്ക് പണയം വച്ചിരുന്ന കാലം . പലിശ റേഷൻ സാധനങ്ങൾ.
അന്ന് രണ്ട് കാർഡുകളേ സാധരണക്കാർക്ക് പരിചയം ഉണ്ടായിരുന്നുള്ളൂ. റേഷൻ കാർഡും, പ്രോഗ്രസ്സ് കാർഡും. ഈ രണ്ടു കാർഡുകളും കുട്ടികളുടെ പേടിസ്വപ്നം ആയിരുന്നു. റേഷൻ കടയിൽ പോകുന്ന പണി പലപ്പോഴും കുട്ടികൾക്കായിരുന്നു.
അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു.എന്നാൽ കാലം മാറിയതോടെ കഥയും മാറി.ഇന്ന് ഒരു മിനി സൂപ്പർ മാർക്കറ്റ് തന്നെയാണ് റേഷൻ കടകൾ.
1942-ല്‍  രണ്ടാം ലോക മഹായുദ്ധകാലയളവില്‍ അതിരൂക്ഷമായ ഭക്ഷ്യക്ഷാമം നേരിട്ട സാഹചര്യത്തില്‍ ജനങ്ങൾ നടത്തിയ സമരം മൂലം  ബ്രിട്ടീഷ് ഭരണാധികാരികള്‍ അനുവദിച്ച് തുടക്കമിട്ടതാണ് പൊതുവിതരണരംഗം.മിച്ച ഭക്ഷ്യധാന്യം ഏറ്റെടുത്ത് ആവശ്യമുള്ള സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന ഒരു രീതിയായിരുന്നു ഇത്.
1963ല്‍ എഫ് സി ഐ നിലവില്‍ വരികയും 64 അവസാനത്തോടെ റേഷന്‍ സംവിധാനത്തിനു രൂപം കൊടുക്കുകയും ചെയ്തു. അറുപതുകളില്‍ കേരളത്തെ ഞെരിച്ച ഭക്ഷ്യക്ഷാമത്തിന് അറുതി വരുത്താന്‍ 1965 ല്‍ തുടക്കമിട്ട റേഷന്‍ സംവിധാനത്തിന്റെ പങ്ക് പ്രധാനമായിരുന്നു. 1980 ൽ എത്തുമ്പോള്‍ രാജ്യത്ത് സ്തുത്യര്‍ഹമായ  എല്ലാവർക്കും റേഷന്‍ കൊടുക്കുന്ന സമ്പ്രദായമുള്ള സംസ്ഥാനമെന്ന ഖ്യാതി കേരളം നേടി.
കേരളത്തിൽ പൊതു വിതരണ സമ്പ്രദായം വഴി റേഷൻ കടകളിൽ കൂടി അരിയും, മണ്ണെണ്ണയും, ഗോതമ്പു പൊടിയും, തുണിയും ഒക്കെ പൊതുജനങ്ങളിലേക്ക് എത്തിക്കുവാൻ സർക്കാരിന് കഴിഞ്ഞു. റേഷൻ കടകളിൽ കൂടിയും, മാവേലി സ്റ്റോറുകൾ വഴിയും ഉണ്ടാക്കിയെടുത്ത പൊതുവിതരണ സമ്പ്രദായം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി. 500 കുടുംബങ്ങൾക്ക് ഒരു റേഷൻ കട എന്ന രീതിയിൽ 1950-കൾക്ക്ശേഷം പ്രവർത്തിച്ച  കേരളത്തിലെ പൊതു വിതരണ സമ്പ്രദായം ജനങ്ങളുടെ ജീവിത നിലവാരം കേരളത്തിൽ വളരെയേറെ ഉയർത്തി. ‘
2007ല്‍ സര്‍ക്കാര്‍ ഫോട്ടോ പതിച്ച റേഷന്‍ കാര്‍ഡ് നല്‍കി.
2013 ൽ ആണ് കേന്ദ്ര ഗവണ്മെന്റ് ഭക്ഷ്യസുരക്ഷനിയമം പാസ്സാക്കിയത്. 2017 മുതൽ കേരളം ഈ നിയമമനുസരിച്ച് റേഷൻ വിതരണം നടപ്പാക്കിത്തുടങ്ങി. അർഹരായ എല്ലാ ജനങ്ങൾക്കും സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയാണിത്.
എപിഎൽ എന്നും ബിപിഎൽ എന്നുമൊക്കെ സമൂഹത്തെ വിഭജിച്ചു. ഈ പുതിയ കാലത്തും പല നിറത്തിൽ റേഷൻ കാർഡുകളുണ്ട്. പണ്ടത്തേതിൽ ഗൃഹനാഥനായിരുന്നെങ്കിൽ ഇന്ന് ഗൃഹനാഥയാണ് അതിന്റെ പരമാധികാരി.
ഇപ്പോൾ അഞ്ചു കളറിലുള്ള റേഷൻ കാർഡുകൾ ഉണ്ട്. ഏറ്റവും അവസാനത്തെ ബ്രൗൺ കാർഡുകൾ അർഹരായ സന്യാസിനികൾക്കും, അച്ചന്മാർക്കും, വൃദ്ധസദനങ്ങളിൽ ഉള്ളവർക്കുമാണ്.
ഇതിനിടയിൽ 1987 ൽ മണ്ണെണ്ണക്ക് പെർമിറ്റ്‌ സമ്പ്രദായം ഏർപ്പെടുത്തിയിരുന്നു.
ഈ പെർമിറ്റിന് നമ്മുടെ നിത്യജീവതത്തിൽ ഇത്ര പ്രാധാന്യം ഉണ്ടെന്ന് ഇതിനുവേണ്ടിയുള്ള അഭൂതപൂർവ്വമായ തിരക്ക് ഓർക്കാൻ കഴിയുന്നവർക്ക് അറിയാം.
ഈ മാസം മൂന്നുമാസത്തിൽ ഒരിക്കലാണ്
ഇനി മണ്ണെണ്ണ ലഭിക്കുക. കാർഡിന്റെ തരം അനുസരിച്ച് 8 ലിറ്റർ മുതൽ അര ലിറ്റർ വരെയാണ് ലഭിക്കുക.
സ്മാർട്ട്‌ ആകുന്ന റേഷൻ കാർഡ്
കാലം മാറുന്നതനുസരിച്ച് റേഷൻ കടയുടേയും കാർഡിന്റെയും കോലവും മാറിക്കൊണ്ടിരിക്കുന്നു.
സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡുകളും സ്മാർട്ട് റേഷൻ കാർഡുകൾ ആയി മാറുകയാണ്. ആധാർ കാർഡ് മോഡലിലുള്ള സ്മാർട്ട് റേഷൻ കാർഡ് ആണ് ഇനി മുതൽ ലഭിക്കാൻ പോകുന്നത്. ആധാർ കാർഡിന്റെ വലുപ്പത്തിൽ രണ്ടുവശത്തും പ്രിന്റ് ചെയ്ത് കാർഡുകളിൽ ഫോട്ടോ പതിച്ച രീതിയിലാകും പുതിയ സ്മാർട്ട് റേഷൻ കാർഡ്.
റേഷൻ കട ഒരു മിനി ബാങ്ക്
കേരളത്തിലെ റേഷന്‍ കടകളില്‍ ബാങ്കിങ്ങ് സംവിധാനം കൂടി ഏര്‍പ്പെടുത്തുന്നു. പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും പെന്‍ഷന്‍ തുക വാങ്ങാനും പുതിയ അക്കൗണ്ട് തുറക്കാനുമെല്ലാം ഇനി റേഷന്‍ കടകളെ സമീപിച്ചാല്‍ മതിയാവും . ഏഴ് ജില്ലകളിലെ തിരഞ്ഞെടുത്ത 100 റേഷന്‍ കടകളെയാണ് ആദ്യഘട്ടത്തില്‍ മിനി ബാങ്കുകളാക്കുന്നത്. റേഷന്‍ വ്യാപാരികള്‍ക്ക് ഇതിനാവശ്യമായ പരിശീലനം കാനറ ബാങ്ക് നല്‍കും.
e റേഷൻ കാർഡ്
ഒരു രാജ്യം ഒരു റേഷൻ കാർഡ്  പദ്ധതിയിൽ ഓൺലൈൻ ആയി അപ്ലിക്കേഷൻ കൊടുത്താൽ  എല്ലാ നിബന്ധനകളും പാലിക്കപ്പെട്ടിട്ടുണ്ടെങ്കിൽ 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് പ്രിന്റ് ചെയ്തെടുക്കാൻ പറ്റും

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: