TechTRENDING

പെഗസസ് ഇനി പഴങ്കഥ, ചോര്‍ത്താന്‍ വമ്പന്‍ ”ഹെര്‍മിറ്റ്” എത്തി; ആയുധവുമായി സര്‍ക്കാരുകള്‍

ദ്യോഗിക എസ്എംഎസ് ആണെന്ന ധാരണയുണ്ടാക്കി വരുന്ന സന്ദേശം ഫോണില്‍ വേരുകളാഴ്ത്തുന്നു എന്നും അത് ഉന്നത നിലവാരം പുലര്‍ത്തുന്ന നിരീക്ഷണ സോഫ്റ്റ്‌വെയറാണ് എന്നും റിപ്പോര്‍ട്ട്. ‘ഹെര്‍മിറ്റ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സോഫ്റ്റ്‌വെയര്‍ സർക്കാർ ഉദ്യോഗസ്ഥരെയും ബിസിനസ് എക്‌സിക്യൂട്ടിവുമാരെയും മാധ്യമ പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പണ്ഡിതരെയും അടക്കം നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ത്യാ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഒഎസിലും ഇത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കരുതുന്നുണ്ടെങ്കിലും അതിന് ഇതുവരെ തെളിവു കിട്ടിയിട്ടില്ലെന്നും എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇവ പ്രവര്‍ത്തിക്കുന്നു എന്നു കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു.

  • കോള്‍ റെക്കോർഡു ചെയ്യാനും കോള്‍ വഴി തിരിച്ചുവിടാനും സാധിക്കും

ഉപയോക്താവ് അറിയാതെ ഓഡിയോ റെക്കോർഡു ചെയ്യാനും, ഫോണ്‍കോളുകള്‍ വഴിതിരിച്ചു വിടാനും, ഫോണ്‍ വിളികളും കോണ്ടാക്ട്‌സും ഫോട്ടോകളും പരിശോധിക്കാനും, ലൊക്കേഷന്‍ ചോര്‍ത്തി നല്‍കാനും, എസ്എംഎസ് സന്ദേശം വായിക്കാനും, മറ്റ് ആപ്പുകള്‍ വഴി ചെയ്യുന്ന കാര്യങ്ങള്‍ നിരീക്ഷിക്കാനും, ക്യമാറ ഉപയോഗിക്കാനും ഒക്കെ കഴിവുള്ളതാണ് ഹെര്‍മിറ്റ്. വ്യത്യസ്ത രീതികളില്‍ വിന്യസിക്കാവുന്ന ഹെര്‍മിറ്റ് അതീവ ശക്തിയുളളതാണ്. ലോകത്തെ പല സർക്കാരുകളും ഉപയോഗിച്ചു എന്നു കരുതുന്ന ഇസ്രയേലി കമ്പനിയായ എന്‍എസ്ഓയുടെ പെഗസസ് പോലെ തന്നെ ഒരു നിരീക്ഷണ സോഫ്റ്റ് വെയറാണ് ഹെര്‍മിറ്റും. ഇത് സൃഷ്ടിച്ചു വില്‍ക്കുന്നത് ഇറ്റാലിയന്‍ കമ്പനികളായ ആര്‍സിഎസ് ലാബും ടൈക്‌ലാബ് എസ്ആര്‍എലും ചേര്‍ന്ന് ആയിരിക്കാമെന്ന് ഗവേഷകര്‍ കരുതുന്നു.

  • ഇറ്റലിയിലടക്കം ഉപയോഗിച്ചു

സൈബര്‍ സുരക്ഷാ കമ്പനിയായ ലുക്കൗട്ട് ത്രെറ്റ് ലാബാണ് ഹെര്‍മിറ്റിന്റെ സാന്നിധ്യം കണ്ടെത്തിയത്. മാസങ്ങളോളം സർക്കാരിനെതിരെയുളള പ്രതിഷേധം നടത്തിയവരെ ആക്രമിച്ച് തിരിച്ചോടിച്ച കസാക്കിസ്ഥാന്‍ അധികാരികള്‍ ഹെര്‍മിറ്റ് ഉപയോഗിച്ചിരുന്നു എന്ന് ഗവേഷകര്‍ കണ്ടെത്തി. ഇറ്റാലിയന്‍ സർക്കാർ അഴിമതി വിരുദ്ധ നീക്കത്തില്‍ 2019ല്‍ ഹെര്‍മിറ്റ് പ്രയോജനപ്പെടുത്തി എന്നും പറയുന്നു. വടക്കുകിഴക്കന്‍ സിറിയയിലും ഇത് ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഗവേഷകര്‍ പറയുന്നു. മൂന്നു പതിറ്റാണ്ടോളം പ്രവര്‍ത്തന പാരമ്പര്യമുള്ള ആര്‍സിഎസ് ലാബ് പാക്കിസ്ഥാന്‍, ചിലെ, മംഗോളിയ, ബംഗ്ലാദേശ്, വിയറ്റ്‌നാം, മ്യാന്‍മാര്‍, ടേര്‍കമെനിസ്റ്റന്‍ തുടങ്ങിയ രാജ്യങ്ങളിലെ സൈനിക-ഇന്റലിജന്‍സ് വിഭാഗങ്ങളിലുമായി സഹകരിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. പെഗസസും ഹെര്‍മിറ്റും പോലെ ഗാമാ ഗ്രൂപ്പ് സൃഷ്ടിച്ച മറ്റൊരു നിരീക്ഷണ സോഫ്റ്റ്‌വെയറാണ് ഫിന്‍ഫിഷര്‍. ഈ മൂന്നും പൊതുവെ അധികാരികള്‍ക്കാണ് വില്‍ക്കുന്നത്.

  • ഇടപെടല്‍ നിയമപരമാണെന്ന ഭാവം

സർക്കാരുകളും അധികാരികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ തങ്ങളുടെ ഇടപെടല്‍ നിയമപരമാണെന്ന ഭാവത്തോടെയാണ് ഈ മൂന്നു കമ്പനികളും പ്രവര്‍ത്തിക്കുന്നത് എന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരം ‘സോഫ്റ്റ്‌വെയര്‍ ആയുധങ്ങള്‍’ ദേശീയ സുരക്ഷയുടെ പേരും പറഞ്ഞാണ് സർക്കാർ ഉദ്യോഗസ്ഥരും മനുഷ്യാവകാശ പ്രവര്‍ത്തകർ മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ വരെയുള്ളവരുടെ ഫോണുകളില്‍ നിക്ഷേപിക്കുന്നത് എന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു.

  • ഹെര്‍മിറ്റ് എങ്ങനെയാണ് വേരാഴ്ത്തുന്നത്?

വിവിധ തരത്തിലുള്ള ക്രമീകരണ സാധ്യതകളുള്ള സോഫ്റ്റ്‌വെയറാണ് ഹെര്‍മിറ്റ്. ഒരു അംഗീകൃത കമ്പനിയില്‍ നിന്നു വരുന്ന എസ്എംഎസ് ആയി ഭാവിച്ചായിരിക്കും ഇത് എത്തുക. ടെലികോം കമ്പനികളില്‍ നിന്നോ അല്ലെങ്കില്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനികളില്‍ നിന്നോ വരുന്ന സന്ദേശമെന്ന തോന്നലോടെയായിരിക്കും സോഫ്റ്റ്‌വെയര്‍ തോടുത്തുവിടുന്നത്. ഇത്തരം ബ്രാന്‍ഡുകളുടെ ഔദ്യോഗിക വെബ് പേജ് തുറക്കുന്നതായി തോന്നിപ്പിക്കുകയും തുടര്‍ന്ന് പശ്ചാത്തലത്തില്‍ ദുരുദ്ദേശപരമായ പ്രവൃത്തികള്‍ തുടങ്ങുകയും ചെയ്യുമെന്ന് ലുക്കൗട്ട് പറയുന്നു. ശേഖരിച്ചുനല്‍കുന്ന ഡേറ്റയുടെ ആധികാരികത ഉറപ്പു നല്‍കാനായി ഹെര്‍മിറ്റ്, ‘ഹാഷ്-കേന്ദ്രീകൃത മെസേജ് ഓതന്റിക്കേഷന്‍ കോഡ്’ (എച്എംഎസി) പ്രയോജനപ്പെടുത്തുന്നു എന്നും ഗവേഷകര്‍ പറയുന്നു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴി നടത്തുന്ന നിരീക്ഷണം വില കുറച്ചു കാണേണ്ട ഒരു ‘ആയുധമല്ല’ എന്നും ഗവേഷകര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: