KeralaNEWS

കര്‍ണാടക മന്ത്രിക്കൊപ്പം ഷാജ് കിരണും സന്ദീപ് വാര്യരും: വിവാദം പുതിയ തലത്തിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദൂതനായി വന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നു സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ച ഷാജ് കിരണ്‍ ബിജെപി സംസ്ഥാന വക്താവിനൊപ്പം കര്‍ണാടകയില്‍ കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങള്‍ പുറത്ത്. ഷാജ് കിരണും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരും ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ ഊര്‍ജ്ജമന്ത്രി വി സുനില്‍ കുമാറിന്റെ വസതിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. 2021 സെപ്റ്റംബര്‍ 24നാണ് ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ ബിജെപിയുടെ ചുമതലയുണ്ടായിരുന്ന കര്‍ണാടക മന്ത്രി സുനില്‍ കുമാര്‍.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരേയുള്ള വെളിപ്പെടുത്തല്‍ നടത്തിയത് ബിജെപിയുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് എന്ന് സിപിഎം നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇതിനെ ബലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്നാണ് സി.പി.എം. വാദം.

Signature-ad

മുഖ്യമന്ത്രിക്കെതിരേ വെളിപ്പെടുത്തല്‍ നടത്തിയതിന് ഷാജ് കിരണ്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്‌നയുടെ വാദം. തങ്ങള്‍ സുഹൃത്തുക്കളായിരുന്നെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുമായി അടുത്ത് ബന്ധമുള്ള ആളാണ് ഷാജ് കിരണെന്നും പിണറായി വിജയന്റെ ദൂതനായാണ് ഷാജ്് എത്തിയതെന്നും ബിലീവേഴ്‌സ് ചര്‍ച്ചുമായുള്ള ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി നില്‍ക്കുന്നത് ഷാജ് ആണെന്നുമായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍. എന്നാല്‍ ഈ ആരോപണങ്ങളുടെ വിശ്വാസ്യത ചോര്‍ത്തുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍ എന്നാണ് വിലയിരുത്തല്‍.

ഷാജ് കിരണിന്റെ ബിജെപി ബന്ധമാണ് ചിത്രങ്ങളില്‍ കൂടി വ്യക്തമാകുന്നത് എന്ന് ഇടതുപക്ഷം ചൂണ്ടിക്കാണിക്കപ്പെടുന്നു. ഷാജ് കിരണിനൊപ്പം ബിജെപി നേതാവ് നടത്തിയ കൂടിക്കാഴ്ച എന്തിനായിരുന്നു? ഇതിന് പാര്‍ട്ടി നേതൃത്വത്തിന് അറിവുണ്ടോ? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ ജില്ലാ ഘടകങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. ബിജെപി വക്താവായ സന്ദീപ് വാര്യര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് നേരത്തെ തന്നെ ഇത് സംബന്ധിച്ച പരാതികള്‍ ലഭിച്ചിരുന്നു എന്നാണ് വിവരം.

ഷാജ് കിരണുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്. എന്നാല്‍ ഷാജ് കിരണിനൊപ്പം സംസ്ഥാന വക്താവ് കര്‍ണാടക മന്ത്രി സുനില്‍ കുമാറുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് ബിജെപി നേതൃത്വം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഷാജ് കിരണുമായി ബന്ധപ്പെട്ട പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ കര്‍ണാടക മന്ത്രി സുനില്‍ കുമാര്‍ തന്നെ സംസ്ഥാന ബിജെപി നേതൃത്വവുമായി ബന്ധപ്പെടുകയായിരുന്നുവെന്നും അതിന് ശേഷമാണ് കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് വിവരം അറിയുന്നത് എന്നാണ് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അതേസമയം, ഷാജ് കിരണിന്റെ കൂടെ മുതിര്‍ന്ന പല രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ നിരവധി പൊതുപ്രവര്‍ത്തകരുടെ ഫോട്ടോ പുറത്തു വന്നിട്ടുണ്ടെന്നും ജൂനിയറായിട്ടുള്ള തന്റെ ഫോട്ടോ പുറത്തുവിടുന്നതില്‍ ഗൂഢാചോന സംശയമുണ്ടെന്നുമായിരുന്നു ഇതേപ്പറ്റി സന്ദീപ് വാര്യരുടെ പ്രതികരണം. പാര്‍ട്ടിക്കുള്ളില്‍ ഇങ്ങനെയുള്ള ഒരു ചര്‍ച്ച നടന്നതായി പോലും അറിഞ്ഞിട്ടില്ല. നാല് മാസം മുമ്പ് കൂട്ടുകാരന്‍ രജിത്ത് ഷാജ് കിരണിനെതിരെ പരാതി നല്‍കിയിരുന്നു. ഇത് തനിക്ക് അനുകുലമായി മാറിയെന്നും ഇല്ലെങ്കില്‍ ഒരുപാട് പേര്‍ സംശയിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: