ഹരിദ്വാറിൽ ഇപ്പൊഴും മണി മുഴങ്ങുന്നുണ്ടോ…?
ഹരിദ്വാറിലെ ദൃശ്യസൗന്ദരത്തിലേയ്ക്ക്, ഗംഗാസ്നാനത്തിൻ്റെ സ്നിഗ്ധതയിലേക്ക്, അനേക ക്ഷേത്രങ്ങൾ നിറഞ്ഞ ക്ഷേത്ര നഗരത്തിലെ ഭക്തി സാന്ദ്രതയിലേയ്ക്ക്, സന്യാസികളും സഞ്ചാരികളും നിർവൃതിയിലാണ്ട് ഉറഞ്ഞു തുള്ളുന്ന ഭക്തിയും ഉണ്മാദവും നിറഞ്ഞ സമ്മിശ്രവികാരങ്ങളിലേക്ക്, തിരക്കുകൾ കൊണ്ട് ശ്വാസം മുട്ടുന്ന ജനസഞ്ചയത്തിലേയ്ക്ക് അനുവാചകനെ ആനയിക്കുന്ന അപൂർവ്വ ചന്തമുള്ള യാത്രാനുഭവം
രാജേഷ്
സ്ക്കൂളിൽ പഠിച്ചിരുന്ന കാലത്താണ് എം മുകുന്ദന്റെ ‘ഹരിദ്വാറിൽ മണിമുഴങ്ങുമ്പോൾ’ കയ്യിൽ വന്നു പെട്ടത്. താഴെ വെക്കാതെ വായിച്ചു തീർത്ത ആ പുസ്തകമാണ് ഹരിദ്വാറിനെ ആദ്യമായി മനസ്സിൽ കോറിയിട്ടത്. പിന്നീട് പല അലച്ചിലുകൾക്കിടയിലും ആ ക്ഷേത്രനഗരം മനസ്സിലേയ്ക്ക് തിക്കിത്തിരക്കി വന്നെങ്കിലും ഒരു യാത്രയും ഹരിദ്വാറിൽ എത്തിച്ചേർന്നില്ല. ഒരു നടക്കാത്ത സ്വപ്നമായി ശേഷിച്ചിരുന്ന ഹരിദ്വാറിലെ ഉഷ്ണിക്കുന്ന തെരുവുകളിലേക്ക് കഴിഞ്ഞ മേയ് 19 വ്യാഴാഴ്ച ഞാൻ തീവണ്ടിയിറങ്ങി.
കണ്ണുതുറക്കാനാകാത്ത വെയിൽ വെളിച്ചത്തിൽ ഹരിദ്വാർ സ്റ്റേഷൻ മയങ്ങി കിടന്നു. വെളിയിൽ 38-40 ഡിഗ്രി ചൂട്. തെരുവ് നിറയെ ഭക്തിയുടെ കുത്തൊഴുക്കായിരുന്നു. ഭാണ്ഡങ്ങളും ചേലകളും മുഷിഞ്ഞ സാരികളും പാറിപറന്ന മുടിയുമൊക്കെയായി ഗ്രാമീണസ്ത്രീകൾ നക്ഷത്രകണ്ണുകളുള്ള കുട്ടികളെ തങ്ങളോടൊപ്പം നടത്താൻ പാടുപെട്ടു. കുങ്കുമവും ചിമിഴുകളും പല വലിപ്പത്തിലുള്ള ദേവരൂപങ്ങളും കളിപ്പാട്ടങ്ങളും മൺചിരാതുകളും അളവില്ലാത്തത്ര കൗതുകവസ്തുക്കളും… തെരുവ് നിറഞ്ഞ വഴിയോരകച്ചവടങ്ങളും വേവിന്റെയും വറവിന്റെയും മസാലഗന്ധങ്ങളും. വിവിധ പഴച്ചാറുകളും ഈച്ചകൾ വിട്ടുമാറാതെ ചുറ്റിപറക്കുന്ന കൊതിയൂറുന്ന നെയ്യ്കിനിയുന്ന മധുരപലഹാരങ്ങളും… തെരുവ് ആ ആവി പൊങ്ങുന്ന ചൂടിലും സജീവമാണ്.
കാവിയും മഞ്ഞയും വെള്ളയും കറുപ്പുമൊക്കെ ഉടുത്ത സന്യാസിമാരിൽ വെട്ടിത്തിളങ്ങുന്ന ആഡംബര വേഷക്കാർ മുതൽ ഗംഗയിൽ പോലും ഒന്നു മുക്കിയുണക്കാൻ മെനക്കെടാത്ത മുഷിഞ്ഞ അല്‌പവസ്ത്രധാരികൾ വരെ വിവിധതരക്കാർ റോഡിലെമ്പാടും. ഓട്ടോറിക്ഷകൾ, ഇലക്ട്രിക് റിക്ഷകൾ, സൈക്കിൾ റിക്ഷകൾ, കുതിരവണ്ടികൾ, കുതിരകൾ, ടാക്സികാറുകൾ… പിന്നെ നിരവധി സ്വകാര്യകാറുകൾ ബസ്സുകൾ… വാഹനനിബിഡമാണിവിടം.
ഗംഗയുടെ സ്നാനഘട്ടുകളിലേക്കൊഴുകുന്ന ജനസഞ്ചയം അടുത്തടുത്തുള്ള വിവിധ ക്ഷേത്രങ്ങളെല്ലാം കയറിയിറങ്ങുന്നുണ്ട്.
‘ലക്ഷണമൊത്തൊരു പൂർണ്ണ ക്ഷേത്ര നഗരി തന്നെയാണ് ഹരിദ്വാർ. പതിനഞ്ചിൽ അധികം ക്ഷേത്രങ്ങളിൽ മുഖ്യം മാനസ ദേവീ ക്ഷേത്രവും ചാന്ദി ദേവീ മന്ദിറുമാണ്. ഗംഗയിലെ സ്നാന ഘട്ടങ്ങളിൽ മുങ്ങി നിവർന്നും സന്ധ്യാ ആരതികളിൽ സ്വയമലിഞ്ഞും ഭക്തർ സദാ നിർവൃതിയിലാണ്, അവർ അനുഭവിക്കുന്ന ഉഷ്ണം പുറത്തുള്ളതിനേക്കാൾ എത്രയോ അധികമായിരിക്കും ഉള്ളിൽ.’
രണ്ട് മണിക്കൂർ നഗരം കറങ്ങിവരാൻ ആട്ടോക്കാരൻ ആവശ്യപ്പെട്ടത് വെറും നാലായിരം രൂപ, സൈക്കിൾറിക്ഷയാകുമ്പോൾ ലേശം കുറയും, കാറിലാണേൽ 1650 മതി. തൊട്ടടുത്ത ഘട്ടിലേക്ക് ദൂരം ഒന്നര കിലോമീറ്റർ മാത്രം.
മഹാനദികളുടെ മാതാവായ പുണ്യഗംഗാതീരത്തേക്ക് ആ ഉൽസവാരവങ്ങൾക്കിടയിലൂടെ ഞങ്ങളും നടന്നു… ചെറുപ്പമല്ലെ, ടാറും ചൂടും കാല്ക്ക് മെത്ത.
കണ്ണഞ്ചിപ്പിക്കുന്ന പീതാംബരധാരിയായ ഒരു യുവസന്യാസി വഴിമുടക്കി നിന്നുകൊണ്ടാവശ്യപ്പെട്ടത് ഒരു നേരത്തെ ഭക്ഷണത്തിനുള്ള പണം ഭിക്ഷ. അത്രേമൊക്കെ വേണോ എന്നു വിചാരിച്ച് പത്തുരൂപ വെച്ചു നീട്ടി ആ അലൗകികന്. ഉടൻ കോപാക്രാന്തനായി അദ്ദേഹം… ഒരു ഭിക്ഷുവിനെ പിച്ചക്കാരനാക്കാൻ ശ്രമിച്ച ഞങ്ങളെ ശാപങ്ങൾ കൊണ്ട് മൂടാൻ തുടങ്ങി. എന്നാലിനി ആ പത്തും കൊടുക്കുന്നില്ലെന്ന് തീരുമാനിച്ച് മുന്നോട്ട് നടന്ന ഞങ്ങളുടെ പിന്നാലെയായി പിന്നെ ആ ദുർവാസാവ്. തിരിഞ്ഞും മറിഞ്ഞും ഒഴിഞ്ഞും റോഡ് കുറുകേ കടന്നിട്ടും സന്യാസി ഞങ്ങളെ വിടാൻ ഭാവമില്ല. ആ തിരക്കുമുറിച്ച് സംന്യാസി ഇപ്പുറത്തെത്തുമ്പോഴേക്കും സാഹസപ്പെട്ട് റോഡിനപ്പുറമെത്തി ഞങ്ങൾ.
ഗംഗ ഇവിടെ കുതിച്ചൊഴുകുന്നില്ല, പരന്നൊഴുകുന്നു. എല്ലാ സ്നാനഘട്ടങ്ങളിലും സന്ധ്യയ്ക്കാണ് ഗംഗാ ആരതി. പകൽ മുഴുവൻ നീളുന്ന നിരവധി ക്ഷേത്രദർശനങ്ങളും പൂജകളും സന്ധ്യയിലെ മഹാ ആരതിയോടെ അതിന്റെ പാരമ്യത്തിലും പരിസമാപ്തിയിലുമെത്തുകയായി.
‘ഭക്തിയുടെ ഉന്മത്താവസ്ഥയിൽ കണ്ണുകൾ മറിയുന്ന’ കുത്തിയൊലിക്കുന്ന ഈ ജനക്കൂട്ടത്തെ എനിക്ക് മുൻപും പരിചയമുണ്ട്. സമാനചിത്തരെ പമ്പയിലും ശബരീസന്നിധാനത്തിലും പൊടിക്കാറ്റുയർന്ന് വന്നു മൂടുന്ന മക്കയിലെ ഹജ്ജ് കർമ്മങ്ങൾക്കിടയിലും മലയാറ്റൂർ കുരിശുമലയിലെ പീഡനപർവ്വത്തിലും ഞാൻ അത്ഭുതത്തോടെ നേരിട്ട് അടുത്തറിഞ്ഞിട്ടുണ്ട്. മദ്യം നിവേദ്യമായി ലഭിക്കുന്ന മലനടയിൽ തുള്ളിയുറഞ്ഞെത്തുന്ന ഊരാളിമാരിലും കാളയെ തോളിലേറ്റുന്ന അവരുടെ പരിവാരങ്ങളുടെ ഉൽസാഹപ്രഹർഷത്തിലും പാതിരാത്രി ആളിക്കത്തുന്ന തീവെട്ടികളുടെ മാന്ത്രികപ്രഭയിൽ നിറസാന്നിധ്യമാകുന്ന പൊന്നിൻതിരുമുടി ദർശിക്കുന്ന ഭക്തസഹസ്രങ്ങളിലും ഇതേ ലയം ഇതേ സമർപ്പണം ഞാൻ അറിഞ്ഞിട്ടുണ്ട്’ എത്രയോ തവണ എത്രയോ മുൻപേതന്നെ.
തീയുരുകിവീഴുന്ന ഹരിദ്വാറിൽ നിന്നും ഹിമാലയത്തിന്റെ കവാടമായ ഋഷികേശിലേക്ക് ഒരു മണിക്കൂർ മാത്രമേ യാത്രയുള്ളൂ, വെറും 20 കിലോമീറ്റർ. യോഗയുടെ ലോകതലസ്ഥാനമായ ഋഷികേശിലേക്ക് ശിവാലികുന്നുകൾ വകഞ്ഞ്മാറ്റി ഹിമാലയത്തിൽ നിന്ന് കുതിച്ചെത്തുന്ന ഗംഗ ആഘോഷത്തോടെ പ്രവേശിക്കുന്നു. ആർത്തലച്ചുള്ള ആ വരവിൽ തന്റെ തണുത്ത കൈകൾ നീട്ടി ഗംഗ ആ ചെറുനഗരത്തിന്റെ ഉയർന്ന ഊഷമാവിനെ ഒട്ടൊന്ന് പിടിച്ചു നിർത്തുന്നു.
ഋഷികേശിലെ ത്രിവേണിമഹാ ആരതീസംഗമത്തിലേക്കെത്തിച്ചേരാൻ ഇപ്പൊഴേ പുറപ്പെടണം ഹരിദ്വാറിൽ നിന്ന്… ഇനി ഋഷികേശിൽ.
ഋഷികേശ് വേറൊരു വ്യത്യസ്ത പ്രദേശമാണ്. ഹരിദ്വാറിൽ നിന്നും വളരെയൊന്നും ദൂരത്തല്ലെങ്കിലും ഭക്തരുടെ നിലയ്ക്കാത്ത കൂട്ടയോട്ടം ഹരിദ്വാറിൽ അവസാനിക്കും. കാരണം അവരെ കാത്ത് മഹാക്ഷേത്രങ്ങളൊത്തിരിയൊന്നുമില്ല ഋഷികേശിൽ. ഇരുണ്ടുമൂടിയ ശിവാലികുന്നുകളുടെ അറ്റം ചെന്നു നില്ക്കുന്നത് ഹിമാലയത്തിൽ. ഹിമവാന്റെ മഞ്ഞുപാളികളിലേക്കെത്തിനോക്കാൻ ഇവിടെ നിന്ന് ഇനിയും സഞ്ചരിക്കണം മറ്റൊരു നൂറ് നൂറ്റമ്പത് കിലോമീറ്റർ കൂടി.
ഭാരതത്തിലെ എല്ലാ പ്രമുഖ സന്യാസസമൂഹങ്ങളും തങ്ങളുടെ സ്വന്തം ആശ്രമങ്ങൾ സ്ഥാപിച്ചിട്ടുണ്ട് ഋഷികേശിൽ. പറക്കുംസ്വാമിയുടെ ശിവാനന്ദ യോഗാശ്രമം, ശ്രീ ശ്രീ രവിശങ്കർ, മഹർഷി മഹേഷ് യോഗി, ജഗത് ഗുരു കേരളാശ്രമം…അങ്ങിനെ നീളുന്നു ആ നിര. മലയാളിയായ ശിവാനന്ദയോഗി അന്ത്യവിശ്രമം കൊള്ളുന്നതും ഇവിടെത്തന്നെ.
ഹരിദ്വാറിലെപ്പോലെ തെരുവ് നിറഞ്ഞലയുന്ന സംന്യാസിമാർ ഇവിടെ വിരളം. യാത്രികരിൽ വലിയ പങ്കും ഒരു ടൂറിസ്റ്റ് മൂഡിലാണ്.
‘ചന്തവും ചമയങ്ങൾ നിറഞ്ഞതുമായ വസ്ത്രങ്ങൾ ധരിച്ചും അല്പ വസ്ത്രധാരിണികളായും ഹണിമൂൺ ദമ്പതിമാർ പോലും തെരുവുകളിൽ മുട്ടിയുരുമ്മി കടന്നു പോകുന്നു. കാശി വാരണാസിയിലെത്തുമ്പോൾ ഗംഗ മരണോപാസകയാകുമെങ്കിലും ഋഷികേശിലെ ഗംഗ അമൃതവർഷിണിയാണ്..ജീവന്റെയും ജീവിതത്തിൻറെയും തുടിപ്പുകളാണെവിടെയും.’
റബ്ബർബോട്ടുകളിൽ ഗംഗയ്ക്ക് കുറുകെ റിവർ റാഫ്റ്റിംഗ് എന്ന ഉല്ലാസയാത്ര, ശിവാലികുന്നിന്റെ ഉച്ചിയിൽ നിന്ന് കാലിൽ കയറ് കെട്ടി ഗംഗയിലേക്ക് നോക്കി തലകീഴായി ചാടി തൂങ്ങിയാടുന്ന സാഹസികമായ ബങ്കീ ജംമ്പിംഗ്, മരവീടുകളിലും ഗംഗയുടെ തുറസ്സുകളിലും നിശ്ശബ്ദമായ വലിയ ഹാളുകളിലും യോഗയും മെഡിറ്റേഷനും ചെയ്യാനുള്ള സൗകര്യങ്ങൾ… ഋഷികേശ് ജീവിതത്തിന് പുതിയ അർത്ഥവും ഊർജ്ജവും സമ്മാനിക്കുന്നു.
പട്ടണത്തിൽ എത്തുന്നതിന് മൂന്ന് കിലോമീറ്റർ മുൻപെ അവസാനിക്കുന്ന റെയിൽവേയുടെ സ്റ്റേഷന്റെ പേര് തന്നെ ‘യോഗാപുരി ഋഷികേശ്’ എന്നാണ്. വയനാടും മൂന്നാറും വിലപിക്കുന്നത് പോലെ ഋഷികേശിലും ഫാനും എ.സീയും ആവശ്യമായിത്തുടങ്ങി. ഇവിടെ നിന്ന് മേലോട്ടുള്ള യാത്രകളിൽ ഇപ്പൊഴും ഫാനും എ.സിയും വിരളം, അങ്ങ് ഹിമാലയം വരെ.
ചെറിയ തുകയ്ക്ക് പല ആശ്രമങ്ങളിലും അന്തിയുറങ്ങാനുള്ള പരിമിതസൗകര്യം ലഭ്യമാണ്. രമാദേവി കുടീരം, ഭാഗവത കുടീരം അങ്ങിനെയൊക്കെ പേരെഴുതി പ്രദർശിപ്പിച്ചിരിക്കുന്നു കുഞ്ഞു മുറികൾ സന്ദർശകർക്ക് നൽകാൻ. ധാരാളമില്ലെങ്കിലും ആധുനിക സൗകര്യങ്ങളെല്ലാമുള്ള ഹോട്ടലുകൾ തിരക്കനുസരിച്ച് നിരക്ക് കൂട്ടുന്നവയാണ്. ദില്ലിയിൽ 1500 രൂപ നൽകേണ്ട ഒരു ഏസി മുറിയ്ക്ക് 2000 ആണ് ഇവിടത്തെ ദിവസവാടക. ആഴ്ചയവസാനത്തിലെ അവധി ദിനങ്ങളിൽ വാടക ഇതിലും കൂടും.
സ്വന്തമായി യാത്ര ചെയ്യാൻ എട്ട് മണികൂറിന് 600 രൂപ വാടകയ്ക്ക് സ്ക്കൂട്ടറുകളും ബൈക്കുകളും സുലഭം, കൂടാതെ ഇന്ധനചിലവും നമ്മൾ വഹിക്കണം. ഷെയർ ഓട്ടോ മിക്ക സ്ഥലങ്ങളിലേക്കും പത്തും ഇരുപതും രൂപയേയുള്ളൂ. കവി അയ്യപ്പപണിക്കർ വിശേഷിപ്പിച്ച ‘ഉടന്തടി കഥകളി’ പോലെ ഇൻസ്റ്റൻറ് യോഗ പഠനകേന്ദ്രങ്ങളും എമ്പാടും.
ത്രിവേണി ഘട്ടിലെ എല്ലാ ദിവസവും സന്ധ്യയ്ക്ക് നടക്കുന്ന മഹാഗംഗാ ആരതിയാണ് ഋഷികേശിലെ ഭക്തിസാന്ദ്രവും സംഗീത നിർഭരവുമായ പ്രധാന ചടങ്ങ്. വെയിൽ ചായുന്നതോടെ നാനാദിക്കുകളിൽ നിന്നും ആബാലവൃദ്ധം ജനങ്ങളും ത്രിവേണീ ഘട്ടിലേക്ക് ഒഴുകാൻ തുടങ്ങും, തീർത്ഥാടകരും വിനോദസഞ്ചാരികളും ചുറ്റുപാടുമുള്ള പഹാഡികളിൽ നിന്നുള്ള നാട്ടുകാരും. വൈദ്യുതപ്രഭയിൽ മുങ്ങിയ ചെറിയ ക്ഷേത്രത്തിന്റെ മുൻപിലെ പ്രത്യേകം തയ്യാറാക്കിയ സ്നാനഘട്ടത്തിൽ ആളുകൾ കൂട്ടംകൂട്ടമായി പ്രാർത്ഥനാഗാനങ്ങൾ ഉരുവിട്ട് ഗംഗയിലൊഴുക്കാനുള്ള ആരതികൾ തയ്യാറാക്കാൻ തുടങ്ങും. ഗംഗയിലേക്കിറക്കി പണിത ഗ്രാനൈറ്റ് പാകിയ പടിക്കെട്ടുകളിൽ നാലടി ഉയരത്തിൽ നിരനിരയായി സ്റ്റീൽ തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്… പിടിച്ച് നിന്ന് ഗംഗയിൽ മുങ്ങിനിവരാൻ എല്ലാ തൂണുകളിൽ നിന്നും തടിയൻ ചങ്ങലകൾ കൊളുത്തിയിട്ടിരിക്കുന്നു. തങ്ങളുടെ ജീവിത സാക്ഷാത്ക്കാരമായി എത്രയോ ആളുകൾ ആ ചങ്ങലകളിൽ പിടിച്ച് ഗംഗയിൽ ആവർത്തിച്ചാവർത്തിച്ച് മുങ്ങിനിവരുന്നു.
‘ശംഖുനാദവും കൂട്ടമണികളും മന്ത്രധ്വനികളും ഉച്ചസ്ഥായിൽ മുഴങ്ങുമ്പോൾ ഗംഗ അനേകമനേകം ഒഴുകുന്ന വെളിച്ചപൊട്ടുകളാൽ അലംകൃതയാകും. മനുഷ്യമഹാസാഗരം ഭക്തിയുടെ നിലയില്ലാ കയങ്ങളിൽ നിമഞ്ജിതരാകും.’
ഉച്ചത്തിൽ രാമനാമം ജപിച്ചുകൊണ്ട് പ്രത്യേക താളക്രമത്തിൽ ആൺപെൺഭേദമെന്യേ അനേകമാളുകൾ ഒരുമിച്ച് അന്തരീക്ഷത്തിലേക്ക് കൈകളുയർത്തി നൃത്തമാടുന്ന കാഴ്ച നയനാനന്ദകരമായിരുന്നു. പുണ്യഗംഗയിൽ മുങ്ങി നിവർന്ന് നനഞ്ഞൊട്ടിയ വസ്ത്രങ്ങളും ഈറൻ തലമുടിയുമായി അവർ ഭക്തിയുടെ ലഹരിയിൽ സ്വയം സമർപ്പിക്കുന്നു… ഹരി ബോൽ ഹരി.
ഒഴുകി നീങ്ങുന്ന നിരവധി വെളിച്ചതുരുത്തുകളും അവയുടെ ഗംഗയിലെ പ്രതിഫലനങ്ങളും ആ രാത്രിയിൽ സഞ്ചാരികൾക്കൊരു മായക്കാഴ്ച സമ്മാനിക്കുന്നു. തിരക്കുകൾക്കിടയിൽ എന്തെങ്കിലും പൊട്ടും പൊടിയുമൊക്കെ നമുക്ക് നേർക്ക് നീട്ടി പണം ആവശ്യപ്പെടുന്ന ചെറിയ കുട്ടികളുടെ കാഴ്ച നമ്മളെ മാത്രമേ അലോസരപ്പെടുത്തുകയുള്ളൂ എന്ന് തോന്നുന്നു… പതിവുകാർക്ക് ഇതെല്ലാം സാധാരണ കാഴ്ചകളിൽ ഒന്ന് മാത്രമാകും.
കച്ചവടക്കാരില്ലാതെ എന്ത് ഉൽസവം. പ്രധാന തെരുവ് വരെ നീളുന്ന പാതയോര വിപണി വളരെ സജീവം. വളകളും ബിന്ദികളും കരകൗശല വസ്തുക്കളും പലതരം മൂർത്തികളുടെ ബിംബങ്ങളും കൊതി പിടിപ്പിക്കുന്ന ചൂട് ഭക്ഷണ വിഭവങ്ങളും… ഇതൊരു സ്ഥിരം മണ്ഡിയാണ്, ചന്ത. നമ്മുടെ നാട്ടിലെ ക്ഷേത്രസന്ദർശകരായ ഭക്തരിൽ നിന്ന് വ്യത്യസ്തമായി, ഒരു വിനോദയാത്രയിലെന്നവണ്ണം ഏറ്റവും മോസ്റ്റ് മോഡേൺ വസ്ത്രങ്ങളിലാണ് ഭക്തർ കൂടുതൽ പേരു. ഫുൾ സ്യൂട്ടണിഞ്ഞവർ മുതൽ ട്രൗസർ മാത്രമിട്ടവർ വരെ.
തീർത്ഥക്കരയിലെ ഇന്നത്തെ ഉൽസവം അവസാനിക്കുകയാണ്. നിരവധി ചെറുവഴികളിലേക്ക് ജനം വഴി പിരിഞ്ഞു തുടങ്ങി. ഞങ്ങളും ഒരു ഷെയർ ഓട്ടോയിൽ തിക്കിത്തിരക്കി കയറിപ്പറ്റി.
നിറങ്ങളും ദീപങ്ങളും നൃത്തവും സംഗീതവും ഏതോ ആഭിചാര രാവാക്കിയ ആ രാത്രിയെ ഉടനെ എത്തിയ മഴയോ മഞ്ഞോ എന്ന് തിരിച്ചറിയാനാകാത്ത ഒരു തണുപ്പിന്റെ തൂവൽത്തലോടൽ കൂടുതൽ വശ്യവിലോലമാക്കി.