ബൈജൂസിന് കനത്ത തിരിച്ചടി; 8,900 കോടി രൂപ ഉടന്‍ നല്‍കണമെന്ന് അമേരിക്കന്‍ കോടതി; കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങളും ഇനി നടക്കില്ല; വായ്പ ലഭിച്ച പണം അനധികൃതമായി രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നും കണ്ടെത്തല്‍

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് അമേരിക്കന്‍ കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. കമ്പനിയുടെ അമേരിക്കന്‍ ഉപസ്ഥാപനമായ ബി.വൈ.ജെ.യു.എസ്. ആല്‍ഫ 107 കോടി ഡോളര്‍ ഗ്ലാസ് ട്രസ്റ്റിനുനല്‍കാന്‍ ബാധ്യസ്ഥമാണെന്ന് യുഎസ് കോടതി ഉത്തരവിട്ടു. ഗ്ലാസ് ട്രസ്റ്റ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് വിധി. കോടതിയില്‍ ഹാജരാകാനും രേഖകള്‍ സമര്‍പ്പിക്കാനും പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ആല്‍ഫ വഴങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡെലാവേര്‍ ബാങ്ക്‌റപ്റ്റ്‌സി കോടതി സ്വമേധയാ ഉത്തരവിറക്കിയത്.
ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന് യുഎസ് ആസ്ഥാനമായുള്ള വായ്പാ സ്ഥാപനങ്ങള്‍ ഏകദേശം 100 കോടി ഡോളര്‍ വായ്പ നല്‍കിയിരുന്നു. എന്നാല്‍, ബൈജൂസ് ഈ വായ്പയുടെ നിബന്ധനകള്‍ ലംഘിച്ചു എന്നും, 53.3 കോടി ഡോളര്‍ അനധികൃതമായി അമേരിക്കയ്ക്ക് പുറത്തേക്ക് കടത്തി എന്നും കാണിച്ച് വായ്പാദാതാക്കളില്‍ ഒരാളായ ഗ്ലാസ് ട്രസ്റ്റ് ഡെലാവേര്‍ കോടതിയെ സമീപിച്ചു.
ഗ്ലാസ് ട്രസ്റ്റിന് അനുകൂലമായ ഒരു ഉത്തരവ് കോടതി ആദ്യം നല്‍കിയിരുന്നു. എന്നാല്‍, ഈ ഉത്തരവിനെക്കുറിച്ച് വ്യക്തമായി അറിഞ്ഞിട്ടും ബൈജു രവീന്ദ്രന്‍ അത് അവഗണിച്ചതായി കോടതി കണ്ടെത്തുകയായിരുന്നു. ഈ ഗുരുതരമായ സാഹചര്യത്തില്‍, ബൈജു രവീന്ദ്രന്‍ വ്യക്തിപരമായി 107 കോടി ഡോളര്‍ (ഏകദേശം 8,900 കോടി രൂപ) നല്‍കാന്‍ ബാധ്യസ്ഥനാണെന്ന് കോടതി കഴിഞ്ഞ വ്യാഴാഴ്ച ഉത്തരവിട്ടു. ഇതിനു പുറമെ, കോടതി ഉത്തരവ് ലംഘിച്ചതിന് ബൈജു രവീന്ദ്രനെതിരെ കോടതിയലക്ഷ്യ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കൂടാതെ, വായ്പ നല്‍കിയവരുമായി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്താന്‍ ബൈജു രവീന്ദ്രന്‍ നടത്തിയ ശ്രമങ്ങള്‍ക്കും ഈ വിധി തിരിച്ചടിയായി.
വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ബൈജൂസിന് ഈ വിധി വലിയ വെല്ലുവിളിയാണ്. ഇത്രയും വലിയ തുക പെട്ടെന്ന് കണ്ടെത്തുകയെന്നത് ദുഷ്‌കരമാകും. പണം കണ്ടെത്താന്‍ ബൈജൂസ് പുതിയ നിക്ഷേപകരെ തേടുകയോ അല്ലെങ്കില്‍ തങ്ങളുടെ ആസ്തികള്‍ വില്‍ക്കുകയോ ചെയ്യേണ്ടി വരും. ഈ വിധി ബൈജൂസിനെ പിരിച്ചുവിടലിന്റെ വക്കിലേക്ക് എത്തിച്ചേക്കാം എന്നും വിലയിരുത്തലുകളുണ്ട്. എന്നാലും യുഎസ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ തന്നെയാണ് ബൈജു രവീന്ദ്രന്റെ നീക്കം.






