കൊച്ചി: കെ.എസ്.ആര്‍.ടി.സി. ഈ മാസത്തെ വരുമാനം ശമ്പളം നല്‍കുന്നതിനായി മാറ്റണമെന്നും ജൂലൈ അഞ്ചിനകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്നും ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സിയിലെ ശമ്പളം അഞ്ചാം തീയതിക്ക് മുമ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഹര്‍ജിയില്‍ വിശദമായ വാദമാണ് നടന്നത്. അഞ്ചാം തീയതിക്ക് മുമ്പ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം എന്നുള്ള ഇടക്കാല ഉത്തരവിനൊപ്പം ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്നും കോടതി വാക്കാല്‍ പറയുകയുണ്ടായി.
കെ.എസ്.ആര്‍.ടി.സിയില്‍ ഉന്നതതല ഓഡിറ്റ് വേണമെന്നും കോടതി വ്യക്തമാക്കി. അതേസമയം എട്ട് കോടിയെങ്കിലും ഒരു ദിവസം വരുമാനം ലഭിച്ചാല്‍ കാര്യങ്ങള്‍ കുഴപ്പമില്ലാതെ മുമ്പോട്ട് പോകുമെന്നും കെ.എസ്.ആര്‍.ടി.സി. കോടതിയെ അറിയിച്ചു.
നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം 3500 കോടിക്ക് മുകളിലാണ്. ഈ ഒരു നഷ്ടം നികത്താതെ ലാഭകരമായി മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കില്ല. അതോടൊപ്പം സര്‍ക്കാരില്‍ നിന്ന് എല്ലാ കാലത്തും പണം വാങ്ങിയത് കൊണ്ട് മാത്രം സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയില്ല. കെ.എസ്.ആര്‍.ടി.സിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടക്കുന്നുണ്ട് എന്നും കെ.എസ്.ആര്‍.ടി.സി ഹൈക്കോടതി അറിയിച്ചു.