യശ്വന്ത് സിന്‍ഹ രാഷ്ട്രപതി സ്ഥാനാര്‍ഥി; പ്രതിപക്ഷം പിന്തുണയ്ക്കും
ന്യൂഡല്‍ഹി: നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തങ്ങളുടെ സ്ഥാനാര്‍ഥിയായി മുന്‍ ധനമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ യശ്വന്ത് സിന്‍ഹയെ നിശ്ചയിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്തെ 17 പാര്‍ട്ടികള്‍ ചേര്‍ന്ന് ഏകകണ്‌ഠേനയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് യശ്വന്ത് സിന്‍ഹയെ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
ഡല്‍ഹിയില്‍ ചേര്‍ന്ന 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ് യശ്വന്ത് സിന്‍ഹയുടെ പേര് നിര്‍ദ്ദേശിച്ചത്. സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ആവശ്യപ്പെട്ടു. ഈ ആവശ്യം സിന്‍ഹ അംഗീകരിച്ചതോടെ സ്ഥാനാര്‍ഥിത്വത്തിന് വഴിതെളിയുകയായിരുന്നു.
24 വര്‍ഷം സിവില്‍ സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച യശ്വന്ത് സിന്‍ഹ 1986 ലാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ജനതാദളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. പിന്നീട് ബിജെപി മന്ത്രിസഭയിലടക്കം കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ചു. ചന്ദ്രശേഖര്‍, വാജ്‌പേയി മന്ത്രിസഭകളില്‍ അംഗമായിരുന്നു. ചന്ദ്രശേഖറിന്റെ കേന്ദ്ര മന്ത്രിസഭയില്‍ ധനമന്ത്രിയായി പ്രവര്‍ത്തിച്ചു. പിന്നീട് ബിജെപിയില്‍ ചേര്‍ന്ന ശേഷം വാജ്‌പേയ് മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായും വിദേശ കാര്യമന്ത്രിയായും പ്രവര്‍ത്തിച്ചു. അതിന് ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തോട് ഇടഞ്ഞാണ് 2018 ല്‍ ബിജെപി വിട്ടത്. പിന്നീട് 2021 ല്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ” മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ എനിക്കു നല്‍കിയ ആദരവിനും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും ഞാന്‍ നന്ദിയുള്ളവനാണ്. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി പ്രതിപക്ഷ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയില്‍ നിന്നും മാറി നില്‍ക്കേണ്ട സമയം വന്നിരിക്കുന്നു. അതിന് അവര്‍ അനുമതി നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” എന്ന് യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സിന്‍ഹയുമായി സംസാരിച്ചിരുന്നു. ബിഹാറില്‍ നിന്നുള്ള ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്നു യശ്വന്ത് സിന്‍ഹ. അങ്ങനെയൊരാള്‍ സ്ഥാനാര്‍ഥിയാകുന്നതിലൂടെ എന്‍ഡിഎയില്‍ ഒരു കോട്ടം സൃഷ്ടിക്കാമെന്ന കണക്കുകൂട്ടലും പ്രതിപക്ഷത്തിനുണ്ട്. നിതീഷ് കുമാറിന്റെ ഭാഗത്ത് നിന്ന് ഒരു ബിഹാറുകാരന്‍ രാഷ്ട്രപതിയാകണമെന്ന ആഗ്രഹമുണ്ടാകുകയാണെങ്കില്‍ അത് മുതലെടുക്കാമെന്നാണ് പ്രതിപക്ഷ കണക്കുകൂട്ടല്‍. ബിഹാറില്‍ നിന്നും രാജേന്ദ്ര പ്രസാദിന് ശേഷം മറ്റൊരു ബിഹാര്‍ സ്വദേശി രാഷ്ട്രപതിയാകുന്ന സാഹചര്യം വന്നാല്‍ അതില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനത്തിനും നിലപാടിനും വലിയ പ്രസക്തിയുണ്ട്.
യശ്വന്ത് സിന്‍ഹയ്ക്ക് അനുകൂലമായ ഒരു തീരുമാനത്തിലേക്ക് നിതീഷ് കുമാര്‍ എത്തിയാല്‍ അത് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മൊത്തം ചിത്രത്തെ തന്നെ മാറ്റാന്‍ പോന്നതായിരിക്കും. തെലങ്കാന രാഷ്ട്രീയ സമിതിയും ആം ആദ്മി പാര്‍ട്ടിയും യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. കൂടുതല്‍ പാര്‍ട്ടികള്‍ ഇനിയുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന് പിന്തുണയുമായി എത്തും എന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷത്തെ വിവിധ നേതാക്കളും സിന്‍ഹയുടെ സ്ഥാനാര്‍തിത്വത്തിന് ചുക്കാന്‍ പിടിച്ച ശരദ് പവാറും.
നേരത്തെ ശരദ് പവാര്‍, ഫാറൂഖ് അബ്ദുല്ല, ഗോപാല്‍ കൃഷ്ണ ഗാന്ധി അടക്കമുള്ള നേതാക്കള്‍ പ്രതിപക്ഷത്തിന്‍െ്‌റ രാഷ്ട്രപതി സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഇവരെല്ലാം താല്‍പര്യമില്ലെന്നറിയിച്ച് പിന്മാറുകയായിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 29 ആണ്. ജൂലൈ 18നാണ് വോട്ടെടുപ്പ്. ജൂലൈ 21നാണ് വോട്ടെണ്ണല്‍ നടത്തുക. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജുലൈ 24നാണ് അവസാനിക്കുന്നത്.