പുരയ്ക്കു തീ പിടിച്ചെന്നു കേട്ടാലുടൻ വാഴ വെട്ടാനൊരുങ്ങി ഇരിക്കുകയാണ് സംസ്ഥാന പൊലീസ്. ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അറിയാതെ പൊലീസ് നൽകിയ ജാഗ്രതാ നിര്‍ദേശം ജനങ്ങളിൽ കടുത്ത ആശയകുഴപ്പമുണ്ടാക്കി. സംസ്ഥാനത്ത് പ്രഖ്യാപിക്കാത്ത ബന്ദിന്‍റെ പേരില്‍ പൊലീസ് നൽകിയ ജാഗ്രതാ നിര്‍ദേശമാണ് ഈ ആശയക്കുഴപ്പത്തിനു കാരണം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബന്ദ് പ്രഖ്യാപിച്ച ചില സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശമാണ് കേരള പൊലീസ് പുറത്തുവിട്ടത്. അനാവശ്യമായി കടയടപ്പിക്കുന്നവരെ അറസ്റ്റു ചെയ്യുമെന്നാണ് പൊലീസ് വാര്‍ത്താക്കുറിപ്പിലെ കർശന നിർദ്ദേശം.
പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടുമെന്നും അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയും തിങ്കളാഴ്ച മുഴുവന്‍ സമയവും സേവന സന്നദ്ധരായിരിക്കണമെന്നും ഡി.ജി.പി നിർദ്ദേശിച്ചിരുന്നു. അവശ്യ സർവ്വീസുകളായ വൈദ്യുതിബോര്‍ഡ് ഓഫിസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍, കോടതികള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവികൾ നടപടി സ്വീകരിക്കുമെന്നും വാർത്താക്കുറിപ്പിലുണ്ട്.
അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ നാളെ (തിങ്കൾ) ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊലീസിനോട് സജ്ജമായിരിക്കാന്‍ ഡി.ജി.പി അനില്‍കാന്ത് നിർദ്ദേശിച്ചത്. പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചും ഡി.ജി.പി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അഗ്നിപഥ് പദ്ധതിക്കെതിരായി തിങ്കളാഴ്ച ഭാരത് ബന്ദ് ആണെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണമുണ്ട്. ഇതിനൊപ്പം പൊലീസിന്റെ ജാഗ്രതാ നിർദ്ദേശം കൂടി വന്നത് വൻ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചത്.