മൂവാറ്റുപുഴ: അപ്രതീക്ഷിതമായി ലക്ഷാധിപതി ആയപ്പോൾ അലാലുദ്ദീൻ എന്ന അസം സ്വദേശി ആദ്യം അമ്പരന്നു പോയി, പിന്നെ സന്തോഷം ഉള്ളിലടക്കി നേരേ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് ഓടി.
അവിടെ എസ്.ഐ അനിൽകുമാറിനെ ടിക്കറ്റ് ഏൽപ്പിച്ചു. പോലീസുകാരെ കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കാൻ അൽപസമയമെടുത്തു. അപ്പോഴേക്കും സമയം സന്ധ്യയായിരുന്നു.
അലാവുദ്ദീനു 80 ലക്ഷം ഭാഗ്യം സമ്മാനിച്ചത് വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറി ആണ്. ലോട്ടറിയും മറ്റ് തിരിച്ചറിയൽ രേഖകളും എല്ലാം പരിശോധിച്ച എസ്.ഐ അനിൽകുമാർ അലാലുദ്ദീനെ നേരെ ബാങ്ക് ഓഫ് ബറോഡ മൂവാറ്റുപുഴ ശാഖയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മാനേജർ ബിജോമോനോട് കാര്യങ്ങൾ വിശദീകരിച്ചു. ലോട്ടറി കൈപ്പറ്റിയ മാനേജർ രസീത് നൽകി. ഇന്നലെ (വ്യാഴം) മൂവാറ്റുപുഴ ശാഖയിൽ മാനേജരായി ചുമതല ഏറ്റെടുത്തതേ ഉണ്ടായിരുന്നുള്ളു ബിജോമോൻ. ഇന്ന് രാവിലെ ബാക്കി നടപടികൾ പൂർത്തിയാക്കും.
എസ്.ഐ അനിൽകുമാറും ഈ സംഭവത്തിൽ വളരെ സന്തോഷവാണ്. തൻ്റെ ഔദ്യോഗിക ജീവിതത്തിലെ അപൂർവ സംഭവം ആണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. അസം നഗോൺ സ്വദേശിയായ അലാവുദ്ദീൻ 15 വർഷമായി കേരളത്തിൽ ജോലി ചെയ്യുകയാണ്. മൂവാറ്റുപുഴ പെഴക്കാപ്പിള്ളിയിൽ താമസിച്ച് തടിപ്പണി ചെയ്യുകയാണ് ഇപ്പോൾ.
രണ്ടു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം നാട്ടിലാണ്. സന്തോഷ വാർത്ത അവരെ വിളിച്ച് അറിയിച്ചു. നടന്ന് വിൽക്കുന്ന ഒരാളിൽ നിന്നാണ് അലാലുദ്ദീൻ ലോട്ടറി ടിക്കറ്റ് വാങ്ങിയത്.