ഹൈദരാബാദ്: രണ്ടായിരത്തോളം വിരലടയാളങ്ങൾ മോഷ്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്. മറ്റൊരു ഗുണ്ടയിൽ നിന്നാണ് ഇയാൾ വിലകൊടുത്ത് രണ്ടായിരത്തോളം വ്യക്തികളുടെ വിരലടയാളങ്ങൾ സ്വന്തമാക്കിയത്. ഹൈദരാബാദ് പൊലീസാണ് യുവാവിനെ പിടികൂടിയത്.
ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിൽ സംഘടിപ്പിച്ച സൈബർ സേഫ്റ്റി ആൻഡ് നാഷണൽ സെക്യൂരിറ്റി എന്ന പരിപാടിയിൽ സൈബർ കുറ്റകൃത്യങ്ങളുടെ ഏറ്റവും പുതിയ ട്രെൻഡുകളെക്കുറിച്ച് സംസാരിക്കവെ സൈബരാബാദ് ഡിസിപി കൽമേശ്വര് ഷിംഗേനവറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. വിരലടയാളങ്ങൾ ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് സിം കാർഡുകൾ വാങ്ങുകയും അതുപയോഗിച്ച് കെവൈസി,ഒടിപി തട്ടിപ്പുകൾ നടത്തിയതായും പൊലീസ് കണ്ടെത്തി. ഇയാളിൽ നിന്ന് നിരവധി സിം കാർഡുകൾ പോലീസ് പിടിച്ചെടുത്തു.
വിരലടയാളം ഉപയോഗിച്ച് സൃഷ്ടിച്ച നിരവധി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. പ്രതിയുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസിൽ ഇതുവരെ ഒരാൾ മാത്രമാണ് അറസ്റ്റിലായതെന്ന് സൈബർ ക്രൈം പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിരലടയാളം ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളിലെ പണം തട്ടുന്നത് വരെ പ്രതി ആസൂത്രണം ചെയ്തിരുന്നെന്നും പൊലീസ് പറഞ്ഞു.
ഡിജിറ്റൽ ഐഡന്റിറ്റി മോഷ്‌ടിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഓൺലൈനിൽ വ്യക്തിഗത വിവരങ്ങൾ പങ്കിടുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പൊലീസ് പറഞ്ഞു. വിരലടയാളം കൂടാതെ മൊബൈൽ നമ്പറുകൾ,ഓൺലൈൻ സാമ്പത്തിക ഇടപാട് വിവരങ്ങൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയും മോഷ്ടിച്ച സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി അദ്ദേഹം പറഞ്ഞു. മോഷ്ടിച്ച വിവരങ്ങൾ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
അനധികൃതമായി കൈക്കലാക്കിയ വിരലടയാളങ്ങളും മറ്റ് വിശദാംശങ്ങളും സൈബർ തട്ടിപ്പുകാർ കുറ്റകൃത്യങ്ങൾ ചെയ്യാൻ ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ ബയോമെട്രിക് ഐഡന്റിറ്റി മോഷണം ഉപയോഗിക്കാം. ആധാറിന് പോലും ബയോമെട്രിക് നിർബന്ധമാക്കേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവുള്ളതിനാൽ ആർക്കും ബയോമെട്രിക് വിരലടയാളമോ ഐറിസ് ഡാറ്റയോ നൽകരുതെന്നും കൽമേശ്വർ പറഞ്ഞു.