KeralaNEWS

സത്രം എയർസ്ട്രിപ്പ് : വിമാനം ഇറക്കാനുള്ള നീക്കം വീണ്ടും പരാജയപ്പെട്ടു

ഇടുക്കി: സത്രം എയർസ്ട്രിപ്പിൽ വിമാനം ഇറക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. കൊച്ചിയിൽ നിന്നെത്തിച്ച എൻസിസി വിമാനം പരീക്ഷണ പറക്കലിനിടെ, റൺവേക്ക് തൊട്ടുമുകളിൽ എത്തിയെങ്കിലും നീക്കം വിജയിച്ചില്ല. മൂടൽമഞ്ഞാണ് ലാൻഡിംഗിന് തടസ്സമുണ്ടാക്കിയത്. രണ്ടുതവണ വട്ടമിട്ട് പറന്ന ശേഷം കൊച്ചിയിലേക്ക് മടങ്ങി. ഇത് രണ്ടാം തവണയാണ് സത്രം എയർസ്ട്രിപ്പിൽ വിമാനം ഇറക്കാനുള്ള ശ്രമം നടക്കുന്നത്.

650 മീറ്റ‍ർ ദൈ‍ർഘ്യമുള്ള എയ‍ർസ്ട്രിപ്പിൽ ചെറുവിമാനം ഇറക്കാനുള്ള നീക്കം നേരത്തെയും പരാജയപ്പെട്ടിരുന്നു. എയ‍ർ സ്ട്രിപ്പിന് സമീപത്തുള്ള മൺതിട്ടയാണ് അന്ന് ലാൻഡിം​ഗിന് തടസ്സം ഉണ്ടാക്കിയത്. എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായിട്ടാണ് സംസ്ഥാന പിഡ‍ബ്ല്യുഡി വകുപ്പ് സത്രത്തിൽ എയർ സ്ട്രിപ്പ് നിർമിക്കുന്നത്.

Signature-ad

അതേസമയം എയർസ്ട്രിപ്പ് നിർമാണം ചോദ്യം ചെയ്ത് തൊടുപുഴ സ്വദേശി നൽകിയ ഹ‍‍ർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ പൊതുതാൽപര്യ ഹർജി പരിഗണിക്കവേ എയർസ്ട്രിപ്പിനെതിരെ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തിരുന്നു. പെരിയാർ കടുവാ സങ്കേതത്തിന് എയർ സ്ട്രിപ്പ് ഭീഷണിയാണെന്നാണ് കേന്ദ്ര സർക്കാർ സത്യവാങ്ങ്മൂലം നൽകിയത്.

പെരിയാർ കടുവാ സങ്കേതത്തിൽ നിന്ന് 630 മീറ്റർ അകലെ മാത്രമാണ് പദ്ധതി മേഖല. മൃഗങ്ങളുടെ സഞ്ചാരപാതയെ ബാധിക്കും എന്ന് മാത്രമല്ല അവയുടെ ആവാസ വ്യവസ്ഥയെ തകർക്കും. മൃഗങ്ങളുടെ പ്രജനന ശേഷി കുറയ്ക്കും. പക്ഷികൾ വരാതെയാകും, കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. വണ്ടിപ്പെരിയാറിനടുത്ത് സത്രം ഭാഗത്ത് എയർസ്ട്രിപ്പ് നിർമിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ച് സത്രം എയർസ്ട്രിപ്പ് പദ്ധതിയുമായി മുന്നോട്ടുപോകാനാകുമെന്ന പ്രതീക്ഷയിലാണ് എൻസിസി. എൻസിസി ഡയറക്ടർ ജനറൽ ലെഫ്റ്റ്നന്റ് ജനറൽ ഗുർബീർപാൽ സിങ് കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു ഈ പ്രതീക്ഷ പങ്കുവച്ചത്.

Back to top button
error: