KeralaNEWS

നാലാം തരംഗമല്ല; എല്ലാവരും മാസ്‌ക് ധരിക്കണം, കോവിഡ് കേസുകള്‍ വലിയ രീതിയില്‍ കൂടിയാല്‍ പ്രശ്‌നമാകും: വിദഗ്ധസമിതി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കോവിഡ് കേസുകള്‍ കൂടുന്നത് അടുത്ത തരംഗത്തിന്റെ സൂചനയായി കാണാനാകില്ലെന്ന് സർക്കാർ വിദഗ്ധ സമിതി. വാക്സിനേഷൻ എടുത്തവർ കൂടുതലുള്ള പ്രദേശങ്ങളിൽ തരംഗം പ്രതീക്ഷിക്കുന്നില്ല. രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടാത്തതിനാൽ തരംഗമായി കാണാനാകില്ല. കേസുകൾ വലിയ രീതിയിൽ കൂടിയാൽ പ്രശ്നമാകുമെന്നതിനാൽ മാസ്ക് ധരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും വിദഗ്ധസമിതി പറയുന്നു.

സംസ്ഥാനത്ത് ഇന്നലെ 2,471 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് 2,000 കടന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 13ന് മുകളിലാണ്. ആകെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14,000 കടന്നു. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും 7,000 കടന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് പുതിയ കേസുകളുടെ 70 ശതമാനവും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കേസുകളുടെ എണ്ണം ഇരട്ടിയായി. കേരളത്തിൽ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് പൊതുജനാരോഗ്യ പ്രശ്നമായി വളർന്നിട്ടില്ലെന്ന് സമിതി അംഗവും അസോ. പ്രഫസറുമായ ഡോ. അനീഷ് പറഞ്ഞു. ഇപ്പോൾ ജനങ്ങളെ ബാധിക്കുന്ന വൈറസ് ഒമിക്രോൺ ആണ്. രോഗ തീവ്രത വർധിക്കുന്ന പ്രവണത കാണിക്കുന്നില്ല. ആശുപത്രികൾ നിറയുന്ന സാഹചര്യത്തിലേക്കു നീങ്ങാനുള്ള സാധ്യത നിലവിലില്ല. ‘ജലദോഷപ്പനി കേരളത്തിൽ ചില സീസണുകളിൽ വർധിക്കും. അതിനെക്കുറിച്ച് പഠനം നടത്തിയാലും തരംഗങ്ങൾ കാണാൻ കഴിയും. അരോഗ്യപ്രശ്നം ഇല്ലാത്തതിനാലാണ് അങ്ങനെ പഠിക്കാത്തത്. കോവിഡിന്റെ കാര്യത്തിലും ഇപ്പോൾ അതേ സാഹചര്യമാണ്. ഡെൽറ്റ വൈറസിന്റെ വ്യാപനത്തിനുശേഷം രോഗത്തിന്റെ പ്രഹരശേഷി കുറഞ്ഞു. മഹാമാരിയായതിനാൽ കാഠിന്യമുള്ള വകഭേദം ഇനി വന്നുകൂടെന്നില്ല. പക്ഷേ, നിലവിൽ അതിനു സാധ്യതയില്ല’– ഡോ. അനീഷ് പറയുന്നു.

കോവിഡ് വൈറസിനു മാറ്റം വരുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. മറ്റുള്ളവരെ ബാധിക്കാനുള്ള ശേഷി ഓരോ ദിവസം വർധിക്കുന്നുണ്ട്. ഒമിക്രോണിന്റെ ഉപവിഭാഗമാണ് ഇപ്പോൾ ബാധിക്കുന്നത്. ആദ്യം ഉണ്ടായ ഒമിക്രോണിനേക്കാൾ മൂന്നോ നാലോ ഇരട്ടി വേഗത്തിൽ വ്യാപിക്കുന്ന വൈറസാണ് ഇപ്പോഴുള്ളത്. പക്ഷേ, രോഗ തീവ്രത വർധിക്കുന്ന പ്രവണത കാണുന്നില്ല. രോഗികളുടെ എണ്ണം നിരീക്ഷിക്കണമെന്ന് വിദഗ്ധർ പറയുന്നു. ആളുകളെ അപകടകരമായ രീതിയിൽ രോഗിയാക്കി മാറ്റാൻ വൈറസിനു കഴിയുന്നുണ്ടോ എന്നു നോക്കണം. രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വ്യത്യാസം പരിശോധിക്കണം. എണ്ണത്തിലുള്ള വർധനവിന് ഈ ഘട്ടത്തിൽ വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ പൊതുവേയുള്ള വിലയിരുത്തൽ.

കോവിഡ് വാക്സിന് രോഗവ്യാപനത്തെ തടയാൻ കഴിയില്ല. വാക്സീൻ എടുത്തവർക്കും അണുബാധയുണ്ടാകും. രോഗതീവ്രത കുറയ്ക്കുക എന്നതാണ് വാക്സീന്റെ ഗുണം. അണുബാധ തടയാൻ മാസ്ക് അല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ‘മറ്റൊരു തരംഗത്തിന്റെ സാധ്യത ഇപ്പോഴില്ല, മാസ്ക് നിർബന്ധമായും ഉപയോഗിക്കാന്‍ ജനങ്ങൾ ശ്രദ്ധിക്കണം’– വിദഗ്ധസമിതി അംഗം ഡോ. കെ.പി.അരവിന്ദന്‍ പറയുന്നു. സംസ്ഥാനത്ത് 60 വയസിനു മുകളിലുള്ള 4.50 ലക്ഷത്തോളം പേർ രണ്ടാം ഡോസ് കോവിഡ് വാക്സീനെടുക്കാനുണ്ട്. 18–44 പ്രായപരിധിയിലുള്ള 21 ലക്ഷത്തോളം പേരാണ് രണ്ടാം ഡോസ് എടുക്കാനുള്ളത്.

Back to top button
error: