കൊച്ചി: സ്വപ്ന സുരേഷിന്റെ ശബ്ദരേഖ വെളിപ്പെടുത്തലും തുടര്‍ന്നു ഷാജ് കിരണ്‍ നടത്തിയ പ്രതികരണവും സ്വപ്നയ്ക്കെതിരേ ഗൂഢാലോചനാ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ കുഴക്കുന്നു. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.വി. നികേഷ് കുമാര്‍ എന്നിവരുടെ പേര് കരുതിക്കൂട്ടി ഉപയോഗിച്ചതാണെന്നാണ് പ്രത്യേക സംഘത്തിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നു കോടിയേരിയും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ്‌കുമാറും ആരോപിച്ചിരുന്നു.
സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ പോലീസിലെ ഉന്നതര്‍ ഒത്തുചേര്‍ന്ന് പ്രാഥമിക വിലയിരുത്തല്‍ നടത്തി. ഷാജ് കിരണിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്. സ്വപ്നയ്ക്കെതിരേ കന്റോണ്‍മെന്റ് പോലീസ് എടുത്ത കേസിനെ ചൊല്ലി ഭിന്നാഭിപ്രായങ്ങളാണുളളത്.
രഹസ്യമൊഴി മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയത് ഗൂഢാലോചനയായി കാണാനാവില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കേസിന്റെ നിയമസാധുതയില്‍ ഉയരുന്ന സംശയങ്ങളും ഷാജ് കിരണിനെ എ.ഡി.ജി.പിമാര്‍ വിളിച്ചെന്ന സ്വപ്നയുടെ വെളിപ്പെടുത്തലും അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
ഷാജ് കിരണ്‍ മധ്യസ്ഥനായി എത്തിയതാണോ, എങ്കില്‍ അയാളെ മധ്യസ്ഥനായി നിയോഗിച്ചതാരാണ്, സ്വപ്നയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി ക്രെഡിറ്റ് അടിച്ചെടുക്കാനുളള നീക്കം മാത്രമായിരുന്നോ, ഇതിനു പിന്നില്‍ കേന്ദ്ര ഏജന്‍സികള്‍ക്കു പങ്കുണ്ടോ തുടങ്ങി സ്വപ്നയ്ക്കെതിരായ ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിന്റെ മുന്നില്‍ ചോദ്യങ്ങള്‍ പലതാണ്. ഇവയെല്ലാം സംഘം കണ്ടെത്തേണ്ടിയിരിക്കുന്നു.