KeralaNEWS

വെളിപ്പെടുത്തലിനു പിന്നില്‍ സാമ്പത്തികമോ? സ്വപ്നയുടെയും അടുപ്പക്കാരുടെയും ധനസ്രോതസ് അന്വേഷിക്കുന്നു; എച്ച്.ആര്‍.ഡി.എസിനെതിരേയും അന്വേഷണം

കൊച്ചി: സ്വപ്നയുടെ ഇപ്പോഴത്തെ ആരോപണങ്ങള്‍ക്കും കോടതിയില്‍ നല്‍കിയ രഹസ്യമൊഴിക്കും പിന്നില്‍ ആരുടെയെങ്കിലും ഇടപെടലുണ്ടോ എന്ന് അന്വേഷിച്ച് വിജിലന്‍സ്. വെളിപ്പെടുത്തലിനു പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ ആണോ എന്നറിയാന്‍ സ്വപ്നയുടെയും അടുപ്പക്കാരുടെയും സാമ്പത്തിക സ്രോതസും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.

ഒരു രാഷ്ട്രീയ നേതാവും സ്വപ്നയുമായി ഒരു വര്‍ഷത്തിലേറെയായി അടുപ്പമുണ്ട്. അതിനു പിന്നില്‍ സാമ്പത്തിക ഇടപാടുകളുണ്ടോ എന്നതും പരിശോധിച്ചേക്കും. നേരിട്ടു വിദേശഫണ്ട് സ്വീകരിക്കാവുന്ന അക്കൗണ്ടുള്ള സ്ഥാപനങ്ങളുമായി സ്വപ്നയ്ക്കുള്ള ബന്ധം ഉപയോഗപ്പെടുത്തി പണം കൈമാറ്റം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണിത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണമുന്നയിച്ചതോടെയാണു സ്വപ്നയും എച്ച്.ആര്‍.ഡി.എസും വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ആര്‍.എസ്.എസ്. പിന്‍ബലമുള്ള സംഘടനയാണ് ഇതെന്നും അവര്‍ ജോലി നല്‍കിയ സ്വപ്ന മുഖ്യമന്ത്രിക്കെതിരേ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചതു യാദൃച്ഛികമല്ലെന്നുമാണു സി.പി.എം. നേതാക്കളുടെ വിശദീകരണം. ഇ.ഡി. മുഖ്യമന്ത്രിക്കെതിരേ തിരിയുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നു പുതിയ വെളിപ്പെടുത്തലെന്നും അവര്‍ പറയുന്നു.

സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ച്.ആര്‍.ഡി.എസ്. എന്ന സ്ഥാപനത്തിനെതിരേ അന്വേഷണമാവശ്യപ്പെട്ടു വിജിലന്‍സ് ഡയറക്ടര്‍ക്കും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിക്കും പരാതി ലഭിച്ചിട്ടുണ്ട്. എച്ച്.ആര്‍.ഡി.എസിന്റെ സാമ്പത്തിക സ്രോതസും പ്രവര്‍ത്തനവും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കടവന്ത്ര സ്വദേശി സി.പി. ദിലീപ് നായര്‍ നല്‍കിയ ഈ പരാതിയിലും അന്വേഷണമുണ്ടാകും.

Back to top button
error: