NEWSWorld

വ്യാജന്മാരെത്ര? വെളിപ്പെടുത്തിയിട്ടുമതി കച്ചവടം; ട്വിറ്ററിനോട് ഉടക്കി ഇലോണ്‍ മസ്‌ക്

ന്യൂയോര്‍ക്ക്: സ്പാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ കൈമാറിയില്ലെങ്കില്‍ ട്വിറ്റര്‍ ഏറ്റെടുക്കല്‍ നീക്കത്തില്‍ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി ഇലോണ്‍ മസ്‌ക്. ഇക്കാര്യം വ്യക്തമാക്കി ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ കമ്പനിക്ക് കത്തയച്ചു. തിങ്കളാഴ്ചയാണ് ഇലോണ്‍ മസ്‌കിന്റെ അഭിഭാഷകന്‍ കമ്പനിയ്ക്ക് ഇക്കാര്യം അറിയിച്ച് കത്തയച്ചത്.
ട്വിറ്ററിന്റെ 22.9 കോടി അക്കൗണ്ടുകളില്‍ എത്ര വ്യാജ അക്കൗണ്ടുകളുണ്ടെന്ന് പരിശോധിക്കുന്നതിന് വേണ്ടി ട്വിറ്ററിലെ സ്പാം ബോട്ട് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് മെയ് ഒമ്പത് മുതല്‍ താന്‍ നിരന്തരം ആവശ്യപ്പെടുകയാണെന്ന് മസ്‌ക് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നിട്ടും കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂലമായ നീക്കമൊന്നും ഉണ്ടാകാത്തതാണ് മസ്‌കിനെ ചൊടിപ്പിച്ചത്.

ട്വിറ്ററിന്റെ 229 മില്യണ്‍ അക്കൗണ്ടുകളില്‍ ഏതെല്ലാം വ്യാജമാണെന്ന വിവരവും ആവശ്യമാണെന്ന് മസ്‌ക് അഭിഭാഷകന്‍ മുഖേനെ അറിയിക്കുകയായിരുന്നു. മസ്‌കിന് കാര്യങ്ങള്‍പരിശോധിക്കുന്നതിന് ആ വിവരങ്ങള്‍ ആവശ്യമാണ് എന്നും അഭിഭാഷകര്‍ കത്തില്‍ പറയുന്നു. എന്നാല്‍ കമ്പനിയുടെ ടെസ്റ്റിങ് രീതികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാമെന്ന് മാത്രമാണ് ട്വിറ്റര്‍ വാഗ്ദാനം ചെയ്തത്. ഇത് ഇലോണ്‍ മസ്‌കിന്റെ ആവശ്യം നിഷേധിക്കുന്നതിന് തുല്യമാണ്.
ഏപ്രിലിലെ ലയന കരാര്‍ അനുസരിച്ച് വിവരങ്ങള്‍ അറിയാനുള്ള മസ്‌കിന്റെ അവകാശം നിഷേധിക്കുകയാണ് കമ്പനി ചെയ്യുന്നത് എന്നും അതുകൊണ്ടു തന്നെ ഇടപാട് പൂര്‍ത്തിയാക്കാതിരിക്കാനും ലയനക്കരാര്‍ അവസാനിപ്പിക്കുന്നതിനുമുള്ള അവകാശം ഇലോണ്‍മസ്‌കിനുണ്ടെന്നും അഭിഭാഷകര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

Signature-ad

സജീവ ഉപയോക്താക്കളില്‍ 5 ശതമാനത്തില്‍ താഴെ മാത്രമാണ് സ്പാം അക്കൗണ്ടുകള്‍ ഉള്ളതെന്ന് കമ്പനി ഈ മാസം ആദ്യം കണക്കാക്കിയിരുന്നു. പ്ലാറ്റ്ഫോമില്‍ നിന്ന് ‘സ്പാം ബോട്ടുകള്‍’ നീക്കം ചെയ്യുക എന്നതാണ് തന്റെ മുന്‍ഗണനകളിലൊന്നെന്ന് മസ്‌ക് അടുത്തിടെ പറഞ്ഞിരുന്നു. ഒരു ഓഹരിക്ക് 54.20 ഡോളര്‍ അതായത് ഏകദേശം 4300 കോടി യു.എസ് ഡോളറിന് ട്വിറ്റര്‍ വാങ്ങുമെന്ന് ഏപ്രില്‍ 14നാണ് മസ്‌ക് പ്രഖ്യാപിച്ചത്. 9.2 ശതമാനം ഓഹരി നിക്ഷേപമായിരുന്നു ട്വിറ്ററില്‍ മസ്‌കിനുള്ളത്.

 

Back to top button
error: